കൊച്ചി: എല്ലാ മേഖലയിലുമെന്ന പോലെ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ സിനിമ മേഖലയിലുമുണ്ടെന്ന് നടി ശ്വേത മേനോന്‍. എന്നാല്‍ വ്യക്തിപരമായി അത്തരമൊരു അനുഭവം തനിക്കുണ്ടായിട്ടില്ലെന്ന് ശ്വേത പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്വേതയുടെ വെളിപ്പെടുത്തല്‍.
തനിക്ക് നേരെ എന്തെങ്കിലും ആക്രമണമോ, അനീതിയോ ഉണ്ടായാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കും അല്ലാതെ മറ്റൊരിക്കല്‍ അത് പറയുന്നതില്‍ കാര്യമില്ലെന്നും ശ്വേത പറഞ്ഞു.
‘എനിക്കെതിരെ എന്തെങ്കിലും രീതിയിലുള്ള അനീതിയുണ്ടായാല്‍ ഞാന്‍ അപ്പോള്‍ തന്നെ പ്രതികരിക്കും. വെറുതെ കൊട്ടിഘോഷിക്കുന്ന ആളല്ല ഞാന്‍. എനിക്ക് ആരുടെയെങ്കിലും പെരുമാറ്റത്തില്‍ പ്രശ്നം തോന്നിയാല്‍ ഞാന്‍ അപ്പോള്‍ തന്നെ പറയും. പിന്നെ പറയുന്നതില്‍ കാര്യമില്ല. ഞാന്‍ എല്ലാ സിനിമ മേഖലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആള്‍ക്കാര്‍ക്കിടയില്‍ എന്നെ കാണുമ്പോള്‍ എന്തെങ്കിലും വികാരങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം.
പക്ഷെ ഇതുവരെ എനിക്ക് നേരെ അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നെ ആരും ഉപദ്രവിച്ചിട്ടുമില്ല’, ശ്വേത പറയുന്നു.
സിനിമാ സെറ്റുകളിലും അത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും ശ്വേത പറഞ്ഞു.
ഷൂട്ടിംഗ് കഴിഞ്ഞാല്‍ തന്നെ ആരും കാണാറില്ലെന്നും അതാകാം ഒരു പരിധിവരെ ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്തതിന് കാരണമെന്നും ശ്വേത പറഞ്ഞു. തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് , ഹെയര്‍ ഡ്രസ്സര്‍ എല്ലാവരും മുംബൈയില്‍ നിന്നുള്ളവരാണെന്നും താന്‍ എപ്പോഴും അവരോടൊപ്പമായിരിക്കുമെന്നും ശ്വേത പറയുന്നു.
ഇത്തരം സംഭവങ്ങളില്‍ നമ്മള്‍ എങ്ങന പെരുമാറുന്നുവെന്നതിലാണ് കാര്യമെന്നും ശ്വേത പറഞ്ഞു. ഒരാള്‍ അടുത്ത് വരുമ്പോള്‍ തന്നെ സ്ത്രീകള്‍ക്ക് മനസ്സിലാകും അയാളുടെ ഉദ്ദേശ്യമെന്താണെന്ന്. തനിക്ക് അത്തരൊരു അനുഭവുണ്ടായ സമയത്ത് പ്രതികരിക്കുകയും അതിന്റെ പേരില്‍ കേസുണ്ടായതുമാണെന്നും ശ്വേത പറഞ്ഞു.
‘സിനിമയിലും മറ്റ് എല്ലാ മേഖലകളിലും ഇത്തരം പ്രശ്നങ്ങള്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്നുണ്ട്. എനിക്ക് തോന്നുന്നത് നമ്മള്‍ തന്നെ നമ്മളെ സംരക്ഷിച്ചില്ലെങ്കില്‍ ആരും വരില്ല രക്ഷിക്കാന്‍ എന്നതാണ്’, ശ്വേത പറഞ്ഞു.