| Saturday, 24th September 2022, 9:46 pm

പരമശിവന്‍, നിങ്ങളെന്തിന് എന്നോടിത് ചെയ്തു, ഇനി ഞാന്‍ വിളക്ക് കത്തിക്കില്ല പൂ വെക്കില്ല, എന്നും പറഞ്ഞ് ഞാന്‍ കരയും; തിരിച്ചൊന്നും പറയില്ലല്ലോ: സ്വാസിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ- സീരിയല്‍ മേഖലയില്‍ ഒരുപോലെ തിളങ്ങിനില്‍ക്കുന്ന താരമാണ് സ്വാസിക. മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡും താരം സ്വന്തമാക്കിയിട്ടുണ്ട്.

സങ്കടം തോന്നുന്ന സന്ദര്‍ഭങ്ങളെ താന്‍ കൈകാര്യം ചെയ്യുന്ന ‘രസകരമായ രീതി’യെ കുറിച്ച് പറയുകയാണ് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ സ്വാസിക.

മുറിയുടെ വാതിലടച്ചിരുന്ന് കരയുന്ന ശീലമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”മിക്ക സമയത്തും. ഇപ്പോഴാണ്, ഒരു രണ്ടുമൂന്ന് വര്‍ഷത്തിനിടെയാണ് അത് കുറഞ്ഞുവന്നത്. എന്റെ കരിയറിന്റെ തുടക്കസമയത്ത് ഓഡീഷന് പോയി അവസരം കിട്ടാതിരുന്നാലൊക്കെ പൂജാമുറിയില്‍ പോയി കതകടച്ചിരുന്ന് കരയുമായിരുന്നു.

‘പരമശിവന്‍, നിങ്ങള്‍ എന്തിന് എന്നോടിങ്ങനെ ചെയ്തു. എന്റെ ജീവിതം… ഞാനിത്ര കഷ്ടപ്പെട്ടില്ലേ, എത്ര നാളായി പ്രാര്‍ത്ഥിക്കുന്നു, ഇനി ഞാന്‍ വിളക്ക് കത്തിക്കില്ല, പൂ വെക്കില്ല,’ എന്നൊക്കെ പറഞ്ഞ് ഭയങ്കര കരച്ചിലായിരിക്കും.

എന്റെ അമ്മക്കുമുണ്ട് ഇതേ സ്വഭാവം. ഞങ്ങള്‍ക്ക് പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞാലൊക്കെ, ‘ഇതിനാണോ ഞാന്‍ ശനിവൃതം നോറ്റത്. കണ്ടില്ലേ തോറ്റ് വന്നിരിക്കുന്നത്, ഇതിനാണോ ഞാന്‍ ഇത്രയും നാള്‍ പ്രദോഷവൃതം എടുത്തത്,’ എന്ന് പറയും.

കണക്കിനായിരുന്നു തോറ്റുകൊണ്ടിരുന്നത്. മാത്‌സില്‍ ഞാന്‍ ജയിച്ച ചരിത്രമേ വളരെ കുറവാണ്. പത്താം ക്ലാസില്‍ എങ്ങനെയൊക്കെയോ ജയിച്ചു. യൂത്ത് ഫെസ്റ്റിവലിന് പോയുള്ള 60 മാര്‍ക്ക് കിട്ടിയിട്ടായിരുന്നു ജയിച്ചത്, അല്ലായിരുന്നെങ്കില്‍ തോറ്റേനെ.

പിന്നെ, ചില സംഭവങ്ങള്‍ നടക്കുമ്പോള്‍ പബ്ലിക്കായി കരയാന്‍ പറ്റില്ല, പക്ഷെ റൂമിലിരുന്ന് കരഞ്ഞ് തീര്‍ക്കുമ്പോള്‍ ഒരാശ്വാസം വരാറുണ്ട്. ശിവന്റെ അടുത്ത് ഖണ്ഡംഖണ്ഡമായി പറഞ്ഞ് കരയാമല്ലോ. ആരും ഇങ്ങോട്ട് ചോദിക്കില്ല.

അത് നല്ല കോമഡിയാണ്. ഒരു മനുഷ്യനെ ഇങ്ങനെ ചീത്ത പറയാന്‍ പറ്റില്ലല്ലോ. ഇത് എന്ത് വേണമെങ്കിലും പറയാം,” സ്വാസിക പറഞ്ഞു.

അതേസമയം, ബിലഹരി സംവിധാനം ചെയ്ത കുടുക്ക് 2025 ആണ് സ്വാസികയുടെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. സ്വാസികയെ നായികയാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം റിലീസിനൊരുങ്ങി നില്‍ക്കുകയാണ്.

Content Highlight: Actress Swasika talks about how she handles her sad situations

We use cookies to give you the best possible experience. Learn more