ഇന്നും ജനങ്ങള്‍ നടന്മാരെ കണ്ടാണ് തിയേറ്ററിലേക്ക് എത്തുന്നതെന്ന് നടി സ്വാസിക. നടിമാരുടെ പേരില്‍ ആരും തിയേറ്ററുകളിലേക്ക് വരാറില്ലെന്നും പ്രേക്ഷകരുടെ ആ ചിന്താഗതി മാറണമെന്നും സ്വാസിക പറയുന്നു. ഇപ്പോള്‍ മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ടെന്നും എന്നാല്‍ ആ മാറ്റത്തിന് ഇനിയും സമയമെടുക്കുമെന്നും സാര്‍ക്ക് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ സ്വാസിക പറഞ്ഞു.
‘ഏത് സിനിമാ ഇന്‍ഡസ്ട്രിയാണെങ്കിലും സിനിമ ബിസിനസ് ചെയ്യപ്പെടുന്നത് ഹീറോയുടെ പേരിലാണ്. അതിന് കാരണം ഒരു സിനിമ തിയേറ്ററില്‍ വന്നുകഴിഞ്ഞാല്‍ മമ്മൂക്കയുടെയോ ലാലേട്ടന്റെയോ അല്ലെങ്കില്‍ പൃഥ്വിരാജ്, ഫഹദ്, ദുല്‍ഖര്‍ എന്നിവരുടെയോ പേരുകളാണ് നമ്മുടെ വായില്‍ ആദ്യം വരുന്നത്. അല്ലാതെ ഒരിക്കലും പോയിട്ട് നിമിഷ സജയന്റെ സിനിമയാണോ നിഖില വിമലിന്റെ സിനിമയാണോ അപര്‍ണയുടെ സിനിമയാണോ എന്നാല്‍ പോയി കാണാം എന്നൊരു ടെന്‍ഡന്‍സി നമുക്ക് വരുന്നില്ല. അപ്പോള്‍ അത് ആരുടെ കുറ്റമാണ്. പ്രേക്ഷകരുടെ മൈന്‍ഡ് അങ്ങനെയാണ്.
ഹീറോയിലേക്കാണ് നമ്മള്‍ ആകര്‍ഷിക്കപ്പെടുന്നത്. അത് ആരുടെയും കുറ്റം ആണെന്ന് പറയാന്‍ പറ്റുന്നില്ല. വര്‍ഷങ്ങളായി അങ്ങനെയാണ്. നസീര്‍ സാറിന്റെ സിനിമ, സത്യന്‍ മാഷിന്റെ സിനിമ, ജയന്റെ സിനിമ എന്നാണ് പണ്ടും പറയുന്നത്. ആരാണ് മാറേണ്ടത് പ്രേക്ഷകരാണ് മാറേണ്ടത്. അത് മാറാന്‍ സമയമെടുക്കും. ഒറ്റയടിക്ക് സ്വിച്ചിട്ടത് പോലെ മാറില്ല. ഒരു പത്ത് വര്‍ഷത്തിനുള്ളില്‍ മാറുമായിരിക്കാം.
പക്ഷേ ഇത്രയും വര്‍ഷമായിട്ടും എന്തുകൊണ്ടാണ് മാറാത്തത് എന്ന് ചോദിച്ചാല്‍ അതിന് കൃത്യമായി ഒരു കാരണം പറയാന്‍ പറ്റില്ല. പക്ഷേ സ്ത്രീ കഥാപാത്രങ്ങളുടെ നല്ല സിനിമകള്‍ വരുന്നുണ്ട്. അത് സ്വീകരിക്കപ്പെടുന്നുണ്ട്. ടേക്ക് ഓഫ് പോലത്തെ സിനിമകള്‍ വിജയിക്കുന്നുണ്ട്. ഉയരെ, ജയ ഹേ, ഹൗ ഓള്‍ഡ് ആര്‍ യു പോലെയുള്ള സിനിമകള്‍ വിജയിക്കുന്നുണ്ട്. ലേഡി സൂപ്പര്‍ സ്റ്റാറുകള്‍ വരുന്നുണ്ടെങ്കിലും എണ്ണത്തില്‍ കുറവാണ്.
ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി നയന്‍താരയോ മഞ്ജു വാര്യറോ ഒറ്റയടിക്ക് സമ്പാദിച്ചതല്ല. അത് കുറെ നാളത്തെ ഹാര്‍ഡ് വര്‍ക്കിലൂടെ അവര്‍ നേടിയെടുത്തതാണ്. ആ സമയം എല്ലാത്തിനും എടുക്കും. പിന്നെ പ്രേക്ഷകരുടെ മനസും മാറണം. ഒരു ഹീറോയുടെ പേര് പറഞ്ഞ് തിയേറ്ററിലേക്ക് വരാനുള്ള ടെന്‍ഡന്‍സി കുറഞ്ഞുവരണം. അത് കുറഞ്ഞ് വരുന്നുണ്ട്. എന്നാലും ഇപ്പോഴും ഹീറോസിനെയാണ് നമ്മള്‍ നോക്കുന്നത്. അതുകൊണ്ടാണ് നിര്‍മാതാക്കള്‍ ഹീറോസിനെ വെച്ച് സിനിമ നിര്‍മിക്കുന്നത്.
തിയേറ്ററില്‍ കിട്ടാനാണെങ്കിലും ചാനല്‍ സാറ്റലൈറ്റ് ആണെങ്കിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ആണെങ്കിലും എല്ലാം പോകുന്നത് ഹീറോസിനെ വെച്ചാണ്. അതില്‍ മഞ്ജു ചേച്ചിയെയോ പാര്‍വതിയെയോ നയന്‍ താരയെയോ പോലെ എണ്ണപ്പെടുന്ന കുറച്ച് നടിമാരാണ് നമുക്കുള്ളത്. ഹിന്ദിയിലൊക്കെ വന്നുതുടങ്ങി, ആലിയ ഭട്ടും ദീപിക പദുക്കോണുമൊക്കെ നല്ല മാര്‍ക്കറ്റ് ഉള്ള നടിമാരാണ്. ഇനിയുമത് മാറണമെങ്കില്‍ സമയമെടുക്കും. ആ ഒരു പ്രോസസിനെ ആക്‌സപ്റ്റ് ചെയ്യാന്‍ പഠിക്കുക. അല്ലാതെ അങ്ങനെ വേണം ഇങ്ങനെ വേണം എന്ന് ഷൗട്ട് ചെയ്തതുകൊണ്ട് കാര്യം നടക്കില്ല. ആ പ്രോസസ് നടക്കട്ടെ, അത് നടക്കണമെങ്കില്‍ നല്ല സംവിധായകരും സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നല്ല സിനിമകളും ഉണ്ടാകണം,’ സ്വാസിക പറഞ്ഞു.
Content Highlight: Actress Swasika says that even today people come to the theater to see the actors