'നിവൃത്തികെട്ടപ്പോള്‍ ഒന്നുരണ്ടു വട്ടം പ്രതികരിച്ചിട്ടുണ്ട്, പരാതിയും നല്‍കി': സ്വാസിക
Malayalam Cinema
'നിവൃത്തികെട്ടപ്പോള്‍ ഒന്നുരണ്ടു വട്ടം പ്രതികരിച്ചിട്ടുണ്ട്, പരാതിയും നല്‍കി': സ്വാസിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th December 2020, 3:05 pm

കൊച്ചി: വാസന്തി എന്ന ചിത്രത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം നേടിയ താരമാണ് സ്വാസിക. സിനിമാതാരങ്ങളും സെലിബ്രറ്റികളും നേരിടുന്ന സൈബര്‍ ബുള്ളിയിങ്ങിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍.

ചില സമയങ്ങളില്‍ നമ്മുടെ ക്ഷമയെ പരീക്ഷിക്കുന്ന തരത്തിലുള്ള സൈബര്‍ ബുള്ളിയിങ് ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ടെന്നും മിക്കപ്പോഴും അതിനെയൊക്കെ അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ നിവൃത്തികെട്ടപ്പോള്‍ ഒന്നുരണ്ടു വട്ടം പ്രതികരിച്ചിട്ടുണ്ടെന്നും സ്വാസിക ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘ സോഷ്യല്‍ മീഡിയയില്‍ സജീവമായ വ്യക്തിയാണ് ഞാന്‍. എനിക്ക് മാത്രമല്ല. ഇവിടെ ഇടപെടുന്ന ഏതൊരു വ്യക്തിക്കും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ഇവയെല്ലാം. അതില്‍ സ്ത്രീകളുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. പ്രേക്ഷകരുമായി ഇടപെടാനുള്ള എന്റെ പ്രധാന ടൂളാണ് സോഷ്യല്‍മീഡിയ. അതിന്റെ പ്രധാനഗുണം എന്താണെന്നുവെച്ചാല്‍ വിമര്‍ശനമായാലും അഭിനന്ദനമായാലും നമുക്ക് വളരെ പെട്ടെന്ന് തന്നെ ഫീഡ്ബാക്ക് ലഭിക്കും. ചില സമയങ്ങളില്‍ നമ്മുടെ ക്ഷമയെ പരീക്ഷിക്കുന്ന തലത്തിലുള്ള സൈബര്‍ ബുള്ളിയിങ് ചിലരുടെ ഭാഗത്തുനിന്നുമുണ്ടാകാറുണ്ട്. മിക്കപ്പോഴും ഞാനതിനെ അവഗണിക്കുകയാണ് പതിവ്.

നെഗറ്റിവിറ്റിയെ ജീവിതത്തിലേക്കെടുക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. എന്നാല്‍ നിവൃത്തി കെട്ടപ്പോള്‍ ഒന്നുരണ്ടു വട്ടം പ്രതികരിച്ചിട്ടുണ്ട്. പരാതി നല്‍കിയിട്ടുണ്ട്. അതെല്ലാം എന്റെ അപ്പോഴത്തെ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കും.

സൈബര്‍ ബുള്ളിയിങ് നടത്തുന്ന സ്ത്രീകളുമുണ്ട്. ഇത്തരക്കാരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയെടുക്കണം. ഇനിയുള്ള കാലഘട്ടത്തില്‍ പരസ്പര ബഹുമാനത്തോടെ ജീവിക്കാന്‍ കുട്ടിക്കാലം മുതല്‍ കൗണ്‍സിലിങ് നല്‍കേണ്ടി വരുമെന്നാണ് തോന്നുന്നത്, അഭിമുഖത്തില്‍ സ്വാസിക പറഞ്ഞു.

സീരിയലില്‍ നിന്ന് സിനിമയിലെത്തുന്നവര്‍ വിവേചനം നേരിടേണ്ടി വരാറുണ്ടെന്നും തുടക്കത്തില്‍ ചെറിയ മാനസിക വിഷമം ഉണ്ടായിരുന്നെങ്കിലും അര്‍ഹിക്കുന്ന അവഗണനയോടെ അത് തള്ളിക്കളയാന്‍ കഴിഞ്ഞിരുന്നന്നും സ്വാസിക പറഞ്ഞു.

ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഈ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. സീരിയല്‍ കണ്ട് എന്നെ സിനിമയിലേക്ക് ക്ഷണിച്ചവരുമുണ്ട്. ഞാന്‍ സീരിയലില്‍ നിന്ന് വന്നതാണന്ന വേര്‍തിരിവോടെ പിന്നീട് ആരും എന്നോട് പെരുമാറിയിട്ടില്ല’, സാസിക പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Swasika On Cyberbullying