സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ് സ്വാസിക. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും സ്വാസികക്ക് ലഭിച്ചിരുന്നു. ഐശ്യര്യ ലക്ഷ്മി ലീഡ് റോളിലെത്തുന്ന കുമാരിയാണ് സ്വാസികയുടെ പുതിയ ചിത്രം.
സിനിമയില്‍ ലിപ് ലോക്ക് സീന്‍ ചെയ്യുന്നതിനെക്കുറിച്ച് പറയുകയാണ് സ്വാസിക. റോഷന്‍ മാത്യൂവിനൊപ്പം അഭിനയിച്ച ചതുരം എന്ന സിനിമക്ക് എ സര്‍ട്ടിഫിക്കറ്റ് കിട്ടിയതിനെക്കുറിച്ചും സ്വാസിക പറഞ്ഞു.
ഓണ്‍ സ്‌ക്രീനില്‍ ലിപ് ലോക്ക് സീന്‍ ചെയ്യുന്നത് പലരും വിചാരിക്കുന്നതുപോലെ എളുപ്പമല്ലെന്നും ഒരുപാട് ആളുകളുടെ മുന്നില്‍ വെച്ചുള്ള അഭിനയമായതുകൊണ്ട് ചമ്മലാണെന്നും സ്വാസിക പറഞ്ഞു.
”ഓണ്‍ സ്‌ക്രീന്‍ ലിപ് ലോക്ക് സിന്‍ അത്ര എളുപ്പമുള്ള കാര്യമല്ല. ആളുകള്‍ വിചാരിക്കുന്ന സുഖമുള്ള ഫീല്‍ ഒന്നുമല്ല ലിപ് ലോക്ക് സീന്‍ അഭിനയിക്കുമ്പോള്‍ നമുക്ക് കിട്ടുക. കാരണം ഒരുപാട് ആളുകളുടെ മുന്നില്‍ വെച്ചാണ് നമ്മള്‍ അങ്ങനെ ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ നല്ല ചമ്മലുണ്ടാകും. അത്രക്ക് തൊലിക്കട്ടിയുള്ള ആളുകള്‍ അല്ലല്ലോ നമ്മള്‍.
പത്തിരുപത് ആളുകളെ മുന്നില്‍ വെച്ച് അത് ചെയ്യുകയും വേണം അതിന്റെ കൂടെ 5, 8 പേജ് ഡയലോഗും പഠിച്ച് പറയണം. ലൈറ്റ് ക്യാച്ച് ചെയ്യണം, ക്യാമറയുടെ ആങ്കിള്‍ നോക്കി പറയണം തുടങ്ങി നിരവധി കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടാണ് ആ സീന്‍ ചെയ്യേണ്ടി വരുന്നത്. അതുകൊണ്ട് ഒരിക്കലും ഈസിയായിട്ടുള്ള കാര്യമല്ല ലിപ് ലോക്ക് സീന്‍ ചെയ്യുന്നത്. ആളുകള്‍ വിചാരിക്കും നമ്മള്‍ ആസ്വാദിക്കുകയാണെന്നാണ്.
എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ തന്റെ ചതുരം സിനിമയെക്കുറിച്ചും എന്തുകൊണ്ടാണ് സിനിമകള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നും അഭിമുഖത്തില്‍ സ്വാസിക പറഞ്ഞു.
എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ സിനിമകള്‍ മലയാളത്തിലേക്ക് വരുമ്പോള്‍ പലര്‍ക്കും പെട്ടെന്ന് അഡാപ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകും. മലയാള സിനിമയില്‍ മാറ്റം വരുന്നതിന്റെ സൂചനയാണ് എന്റെ മുമ്പ് ഇറങ്ങിയ ചതുരം പോലെയുള്ള സിനിമകള്‍. ആളുകള്‍ മാറിയതുകൊണ്ടാണ് ഇത്തരം സിനിമകള്‍ ചെയ്യാന്‍ ഡയറക്ടേര്‍സും പ്രൊഡ്യൂസേര്‍സും തയ്യാറാകുന്നത്. പണ്ടും അത്തരത്തിലെ സിനിമകള്‍ ഉണ്ടായിരുന്നു.
എ സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്ന് വെച്ചിട്ട് അതിന് അര്‍ത്ഥം ബ്ലൂ ഫിലിം എന്നല്ല. അഡല്‍റ്റ് മൂവിയാണെന്നാണ് അതിനര്‍ത്ഥം മുതിര്‍ന്നവര്‍ കാണേണ്ട സിനിമയെന്നുമാത്രമാണ് ഉദ്ദേശിക്കുന്നത്. കുഞ്ഞുങ്ങളെയും കൂട്ടി കാണാന്‍ പോയാല്‍ അവര്‍ക്ക് മനസിലാകില്ല. വിഷ്വല്‍സ് മാത്രമാണ് അവര്‍ക്ക് മനസിലാകുക. സിനിമയുടെ കഥയെന്താണെന്ന് മനസിലാവില്ല.
കുട്ടികള്‍ക്ക് ഒരു രീതിയിലും കണക്ട് ചെയ്യാന്‍ പറ്റാത്തതുകൊണ്ടാണ് അവരെ കാണിക്കരുതെന്ന് പറയുന്നത്. പ്രായപാര്‍ത്തിയായ ആണിനും പെണ്ണിനും കാണാനുള്ള സിനിമയാണ്. എ സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്ന് കരുതി ആണുങ്ങള്‍ മാത്രം കാണേണ്ട സിനിമകളല്ല അതൊന്നും,”സ്വാസിക പറഞ്ഞു.
content highlight: actress swasika about on screen lip lock scene