| Saturday, 5th November 2022, 1:23 pm

നമ്മുടെ മുത്തശ്ശിമാരെല്ലാം തറവാടുകളില്‍ എത്ര ഒതുങ്ങിക്കൂടിയാണ് ജീവിച്ചതെന്ന് മനസിലാകുമ്പോള്‍ അതിശയം തോന്നും, പുതിയ കാലത്ത് അതൊന്നും നടക്കില്ല: സ്വാസിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ഇറോട്ടിക് ചിത്രം ചതുരത്തിലെ അഭിനയത്തിന് പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ് സ്വാസിക. വളരെ ബോള്‍ഡായ കഥാപാത്രത്തെയാണ് താരം സിനിമയില്‍ അവതരിപ്പിക്കുന്നത്. ഐശ്വര്യ ലക്ഷ്മി ലീഡ് റോളില്‍ എത്തിയ കുമാരിയിലും ശ്രദ്ധേയമായ വേഷത്തില്‍ സ്വാസികയുണ്ട്.

പണ്ട് കാലത്തെ സ്ത്രീകള്‍ ജീവിച്ച അവസ്ഥകളെക്കുറിച്ച് പറയുകയാണ് സ്വാസിക. അവരെല്ലാം ഒതുങ്ങിക്കുടിയാണ് ജീവിച്ചതെന്ന് അറിയുമ്പോള്‍ അതിശയം തോന്നുന്നുണ്ടെന്നും അതൊന്നും പുതിയ കാലത്ത് നടക്കില്ലെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പി. പ്രജിത്തിനോട് സ്വാസിക പറഞ്ഞു.

” കുമാരിയെന്ന പുതിയ സിനിമയില്‍ ഞാനവതരിപ്പിക്കുന്നത് ഗ്രാമീണ അന്തരീക്ഷത്തില്‍ കഴിയുന്ന ഒരു കഥാപാത്രത്തെയാണ്. വീടിന്റെ ഉമ്മറത്ത് വന്ന് സ്വന്തം അഭിപ്രായങ്ങള്‍ പറയാന്‍ ഭയന്നുകഴിഞ്ഞ ഒരുകാലമാണ് സിനിമയുടെ പശ്ചാത്തലം. ആചാരങ്ങളെ പിന്‍തുടര്‍ന്ന് മാനസികമായ അടിമത്തത്തില്‍ കഴിഞ്ഞ സ്ത്രീകളുടെ പ്രതിനിധിയാണ് കുമാരിയിലെ എന്റെ കഥാപാത്രം.

നമ്മുടെ മുത്തശ്ശിമാരെല്ലാം എത്ര ഒതുങ്ങിക്കൂടിയാണ് ജീവിച്ചതെന്ന് മനസിലാകുമ്പോള്‍ അതിശയം തോന്നും. തറവാടിന്റെ അകത്തളങ്ങളില്‍ വലിയൊരു നിശബ്ദതയായിരുന്നു അവര്‍. അതൊന്നും പുതിയ കാലത്ത് നടക്കില്ല.

കാലത്തിന്റെ മാറ്റം വീടകങ്ങളില്‍ വലിയ വ്യത്യാസം കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ, തിരക്കില്‍പ്പെട്ടും വേഗം കൂടിയ ഓട്ടത്തിനിടയിലും നമുക്ക് ചിലതെല്ലാം നഷ്ടപ്പെട്ടു പോകുന്നുണ്ട്. ജീവിതത്തിലെ ചില നിമിഷങ്ങള്‍ ആസ്വദിക്കാനും വേണ്ടത്ര ഉള്‍കൊള്ളാനും കഴിയാതെ പോകുന്നില്ലേയെന്ന് തോന്നാറുണ്ട്,” സ്വാസിക പറഞ്ഞു.

2019ല്‍ വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് സ്വാസികക്ക് മികച്ച സ്വഭാവ നടിക്കുള്ള സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചിരുന്നു. കുമാരിയില്‍ ഐശ്വര്യക്കും സ്വാസികക്കുമൊപ്പം ഷൈന്‍ ടോം ചാക്കോ, തന്‍വി, സുരഭി ലക്ഷ്മി എന്നിവരും പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്.

സിദ്ധാര്‍ത്ഥിന്റെ ചതുരത്തില്‍ സ്വാസികക്കൊപ്പം അലസിയര്‍, റോഷന്‍ എന്നിവരുമുണ്ട്. സ്വാസികയെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുന്നത് വാസന്തി എന്ന ചിത്രത്തിന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ സമയത്താണെന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍ നേരത്തെ പറഞ്ഞിരുന്നു.

സ്റ്റോറി ലൈന്‍ ഇഷ്ടപ്പെട്ടത് കൊണ്ടാണ് താന്‍ അബിനയിക്കാന്‍ തയ്യാറായതെന്ന് സ്വാസിക പറഞ്ഞിരുന്നു. വളരെ ഇടവേളക്ക് ശേഷമാണ് ഇത്തരത്തിലൊരു ഇറോട്ടിക് ചിത്രം മലയാളത്തിലെത്തുന്നത്.

content highlight: actress swasika about old generation women’s life

We use cookies to give you the best possible experience. Learn more