വിവാഹത്തെയും വിവാഹമോചനത്തെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തുറന്നുപറഞ്ഞ് നടി സ്വാസിക. വിവാഹം പോലെ തന്നെ പവിത്രമാണ് വിവാഹമോചനവുമെന്ന് സ്വാസിക പറഞ്ഞു.
ദാമ്പത്യ ജീവിതം പ്രമേയമായി വരുന്ന ‘തുടരും’ എന്ന ഹ്രസ്വചിത്രത്തിന്റെ പശ്ചാത്തലത്തില്‍ എന്റര്‍ടെയ്ന്‍മെന്റ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹമോചനത്തെ കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ക്കെതിരെ സ്വാസിക സംസാരിച്ചത്.
‘ഞാന്‍ വിവാഹം കഴിച്ചതിന് ശേഷം പങ്കാളിയുമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അത് പരസ്പരം പറഞ്ഞുതീര്‍ക്കാനും എന്താണ് ഞങ്ങള്‍ക്കിടയിലെ പ്രശ്‌നമെന്ന് മനസിലാക്കാനും ശ്രമിക്കണം എന്നൊക്കെയാണ് തീര്‍ച്ചയായും ആഗ്രഹിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകണം എന്നാണ് ആഗ്രഹവും.
എന്നുവെച്ച് തീരെ സഹിക്കാന്‍ പറ്റാതാകുന്നത് വരെ കാത്തുനില്‍ക്കുകയും അവസാനം ആത്മഹത്യയെ കുറിച്ച് ആലോചിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. വിവാഹം പോലെ തന്നെ പവിത്രമായി വിവാഹമോചനത്തെയും കാണാന്‍ നമുക്ക് പറ്റണം.
സന്തോഷത്തോടെ ജീവിക്കാന്‍ വേണ്ടിയാണ് രണ്ട് വ്യക്തികള്‍ വിവാഹിതരാകുന്നത്. പക്ഷെ, പരസ്പരം തീരേ യോജിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍, രണ്ട് പേരുടെയും ജീവിതം നശിച്ചുപോകാതിരിക്കാനുള്ള മാര്‍ഗമാണ് വിവാഹമോചനം.
വിവാഹമോചനത്തിലൂടെ രണ്ട് പേര്‍ക്കും സ്വന്തം ജീവിതങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരു വഴിയാണ് ലഭിക്കുന്നത്. അതും എത്രയും മഹത്തരമായ കാര്യമാണ്. നന്നായി ആലോചിച്ചുവേണം ആ തീരുമാനമെടുക്കാന്‍ എന്നുള്ളതാണ് കാര്യം,’സ്വാസിക പറഞ്ഞു.
നിരവധി സ്ത്രീകള്‍ ഇന്നും ‘നാട്ടുകാരെന്ത് പറയും’ എന്നു കരുതി ടോക്‌സിക് ബന്ധങ്ങളില്‍ തുടരുകയാണെന്നും അവരുടെ കുടുംബങ്ങള്‍ ഭര്‍തൃവീട്ടില്‍ തന്നെ തുടരാനായി നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണെന്നും സ്വാസിക പറയുന്നു. തുടരും എന്ന ചിത്രത്തിലൂടെ ഇത്തരം ചിന്താഗതികളില്‍ ചെറുതായെങ്കിലും മാറ്റം വരുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു.
വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സ്വാസികയുടെ ആറാട്ട്, ചതുരം, കുടുക്ക് എന്നീ ചിത്രങ്ങളാണ് റിലീസ് ചെയ്യാനുള്ളത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actress Swasika about marriage and divorce