| Sunday, 23rd October 2022, 3:42 pm

ഞാന്‍ വിശ്വാസിയും അന്ധവിശ്വാസിയുമാണ്, ജ്യോതിഷം നോക്കിയാണ് പല കാര്യങ്ങളും ചെയ്യാറുള്ളത്: സ്വാസിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിയല്‍ ലൈഫില്‍ താന്‍ ഭയങ്കര വിശ്വാസിയും കുറച്ച് അന്ധവിശ്വാസിയുമാണെന്ന് നടി സ്വാസിക. നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന കുമാരിയെന്ന ചിത്രത്തിന്റെ പ്രസ് മീറ്റില്‍ വെച്ചാണ് തന്റെ വിശ്വാസങ്ങളെക്കുറിച്ച് സ്വാസിക പറഞ്ഞത്.

പലരോടുമുള്ള പേടികൊണ്ട് അന്ധവിശ്വാസങ്ങള്‍ എതിര്‍ക്കണമെന്ന ആഗ്രഹം ഉള്ളില്‍ വെച്ച് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുന്ന നിഗൂഢതകള്‍ നിറഞ്ഞ കഥാപാത്രത്തെയാണ് താന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് സ്വാസിക പറഞ്ഞിരുന്നു.

റിയല്‍ ലൈഫില്‍ സ്വാസിക വിശ്വാസിയാണോയെന്നും ഒരു അമ്പലത്തിലെ നാരി പൂജയില്‍ ദേവിയുടെ വേഷം ധരിച്ച ചിത്രങ്ങള്‍ കണ്ടിരുന്നല്ലോയെന്നും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴായിരുന്നു താന്‍ വിശ്വാസിയും അന്ധവിശ്വാസിയുമാണെന്ന് നടി പറഞ്ഞത്.

”സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് പറയുകയാണെങ്കില്‍ പേര് ലക്ഷ്മിയെന്നാണ്. സിനിമ സംസാരിക്കുന്നത് പണ്ടത്തെ കാലത്തെ കഥയാണ്. അന്നത്തെ പല സ്ത്രീകള്‍ക്കും അന്ധവിശ്വാസങ്ങളെ എതിര്‍ക്കണമെന്നുണ്ടാകും പക്ഷേ ഭര്‍ത്താവ്, അമ്മായി അച്ഛന്‍ തുടങ്ങിയവരെയെല്ലാം പേടിച്ച് എതിര്‍ക്കാന്‍ ഭയമായിരിക്കും.

എന്റെ കഥാപാത്രം ആ പേടിയില്‍ നിന്നുകൊണ്ട് സ്വന്തം ഡിസിഷന്‍ എടുക്കുന്നുണ്ട്. അത് തന്റെ ഉള്ളില്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് കുറച്ച് നിഗൂഢതകള്‍ നിറഞ്ഞ കഥാപാത്രമാണ്. നിവൃത്തി കേടുകൊണ്ട് അന്നത്തെ ജനറേഷനിലെ പലര്‍ക്കും ഇതെല്ലാം ഫോളോ ചെയ്യേണ്ട ഗതികേടാണ്.

എന്നാല്‍ എന്റെ റിയല്‍ ലൈഫില്‍ ഞാന്‍ ഭയങ്കര വിശ്വാസിയാണ്. എനിക്ക് കുറച്ച് അന്ധവിശ്വാസവും ഉണ്ട്. ഞാന്‍ ജ്യോതിഷം നോക്കിയാണ് പല കാര്യങ്ങളും ചെയ്യാറുള്ളത്. വിശ്വാസവും അന്ധവിശ്വാസവും മിക്‌സ് ചെയ്ത ഫാമിലിയാണ് എന്റേത്.

എല്ലാത്തിലും വിശ്വാസമുള്ളത് കൊണ്ട് അങ്ങനെയൊരു അമ്പലത്തില്‍ നിന്നും നാരിപൂജക്ക് ആയി എന്നെ വിളിച്ചു. എനിക്ക് ഭയങ്കര സന്തോഷമാണ് തോന്നിയത്. എല്ലാവരും അങ്ങനെയാവണമെന്ന് പറയാന്‍ പറ്റില്ല. ഞാന്‍ ഇതെല്ലാം വിശ്വാസിക്കുന്ന വ്യക്തിയാണ്,” സ്വാസിക പറഞ്ഞു.

കുമാരിയിലെ കേന്ദ്രകഥാപാത്രം ഐശ്വര്യ ലക്ഷ്മിയാണ്. ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, ശിവജിത്ത്, തന്‍വി റാം, സ്ഫടികം ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

Content highlight: actress swasika about her beliefs

We use cookies to give you the best possible experience. Learn more