|

അവിടെയുമില്ലാ, ഇവിടെയുമില്ലാ എന്ന രീതിയില്‍ ഞാന്‍ സ്റ്റക്കായി പോകുമായിരുന്നു; ഒരുപാട് കണ്ടീഷന്‍സൊക്കെ സിദ്ധുവേട്ടന്റെ മനസിലുണ്ടായിരുന്നു: സ്വാസിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വാസിക, അലന്‍സിയര്‍, റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത സിനിമയാണ് ചതുരം. ഇറോട്ടിക് ഴോണറിലുള്ള ചിത്രം അഭിനേതാക്കളുടെ പ്രകടനത്തിന്റെ പേരില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിലേക്ക് താന്‍ എത്തിപ്പെട്ടതിനെ കുറിച്ച് പറയുകയാണ് നടി സ്വാസിക.

തന്റെ കരിയറില്‍ ഏറ്റവും അത്യാവശ്യമായ ഘട്ടത്തിലാണ് ചതുരം പോലെയൊരു സിനിമ ലഭിക്കുന്നതെന്നും അങ്ങനെ വന്നില്ലായിരുന്നെങ്കില്‍ അവിടെ സ്റ്റാക്കായി പോകുമായിരുന്നുവെന്നും നടി പറഞ്ഞു. സിനിമയുടെ കഥ പറയുന്നതിന് മുമ്പ് തന്നെ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഒരുപാട് കണ്ടീഷന്‍സൊക്കെ മുന്നോട്ട് വെച്ചിരുന്നെന്നും അത് അംഗീകരിക്കുമെങ്കില്‍ ബാക്കി കഥ പറയാമെന്നാണ് പറഞ്ഞതെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സ്വാസിക പറഞ്ഞു.

‘ഒരുപാട് കണ്ടീഷന്‍സൊക്കെ സിദ്ധുവേട്ടന്റെ മനസിലുണ്ടായിരുന്നു. കഥ പറയുന്നതിന് മുമ്പ് എന്നോട് ഇക്കാര്യങ്ങളൊക്കെയാണ് അദ്ദേഹം സംസാരിച്ചത്. സിനിമയില്‍ കുറച്ച് ഇറോട്ടിക് സീനൊക്കെ ഉള്‍പ്പെടുത്തുന്നുണ്ട്, അതിന് താങ്കള്‍ ഓക്കെയാണെങ്കില്‍ നമുക്ക് ബാക്കി കഥ പറയാം എന്നാണ് എന്നോട് പറഞ്ഞത്. ആദ്യം ഓക്കെ പറഞ്ഞിട്ട്, ഡയറക്ടറുമായി കുറച്ച് ഫ്രണ്ട്‌ലിയായി പിന്നെ എന്തെങ്കിലും മാറ്റമൊക്കെ വരുത്തണമെങ്കില്‍ ചേട്ടാ ഒന്ന് മാറ്റാമോ എന്നൊക്കെ ചോദിക്കാമെന്നാണ് കരുതിയത്.

പക്ഷെ എല്ലാം കഴിഞ്ഞ് തിരക്കഥ എനിക്ക് വായിക്കാന്‍ തന്നപ്പോള്‍ കഥക്ക് എത്രത്തോളം അത് ആവശ്യമാണെന്നും, കഥ ഡിമാന്‍ഡ് ചെയ്യുന്നതുകൊണ്ടാണെന്നും എനിക്ക് മനസിലായി. അല്ലാതെ ഞാന്‍ ഇതാ ഒരു സിനിമ ചെയ്യാന്‍ പോകുന്നു, അതില്‍ കുറച്ച് ഇന്റിമേറ്റ് സീനും ഇറോട്ടിസവുമൊക്കെ ഉള്‍പ്പെടുത്താം എന്ന് കരുതി ചെയ്യുന്ന കാര്യമല്ല ഇതൊന്നും. സിനിമ കഥ പറഞ്ഞുപോകുന്ന രീതിയില്‍ വളരെ അത്യാവശ്യമുള്ള ഘടകമാണത്. ആ ഒരു എലമെന്റില്ലാതെ കഥ പറയുന്നതിലും അത് ഉള്‍പ്പെടുത്തി കഥ പറയുന്നതിലുമുള്ള വ്യത്യാസം തിരക്കഥ വായിക്കുമ്പോള്‍ മനസിലാകും.

അതുകൊണ്ടാണ് ഞാന്‍ എന്റെ മറ്റേ ചിന്ത മാറ്റിയത്. ഇതൊന്ന് മാറ്റി തരുവോ ഇങ്ങനെ ചെയ്യണോ പോലെയുള്ള ചോദ്യം ഞാന്‍ ചോദിച്ചിട്ടില്ല. എനിക്ക് സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തിരക്കഥയിലും ഡയറക്ടറിലുമൊക്കെ നല്ല വിശ്വാസമുണ്ടായിരുന്നു. പിന്നെ എനിക്ക് തോന്നി എന്റെ കരിയറിന്റെ ആവശ്യ ഘട്ടത്തിലാണ് ഈ സിനിമ വന്നതെന്ന്. അല്ലെങ്കില്‍ ഞാന്‍ അവിടെയുമില്ലാ ഇവിടെയുമില്ലാ എന്ന രീതിയില്‍ സ്റ്റക്കായി പോകുമായിരുന്നു,’ സ്വാസിക പറഞ്ഞു.

content highlight: actress swasika about chathuram movie and sidharth bharathan