| Wednesday, 23rd November 2022, 11:48 am

പതിമൂന്ന് വര്‍ഷമായുള്ള എന്റെ കാത്തിരിപ്പാണ്, അത് ഓര്‍ത്തപ്പോള്‍ ഇന്‍ഹിബിഷന്‍സ് എല്ലാം മാറ്റിവെച്ചു: സ്വാസിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില്‍ ഈ മാസം തിയേറ്ററിലെത്തിയ ചിത്രമാണ് ചതുരം. സിനിമ സെറ്റിലെ ഷൂട്ടിങ് വിശേഷങ്ങള്‍ ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് നടി സ്വാസിക.

പതിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം തനിക്ക് കിട്ടിയ കഥാപാത്രമാണ് ചതുരത്തിലേതെന്നും അതുകൊണ്ട് തന്നെ മറ്റൊന്നും ആലോചിക്കാതെ താന്‍ കഥാപാത്രത്തിന് പ്രാധാന്യത്തിന് നല്‍കുകയായിരുന്നെന്നും സ്വാസിക പറയുന്നു.

‘സിനിമയുടെ കഥ ആദ്യം കേട്ടപ്പോള്‍ നല്ല പേടി ഉണ്ടായിരുന്നു. പല കാര്യങ്ങളായിരുന്നു മനസിലൂടെ ഓടിക്കൊണ്ടിരുന്നത്. അച്ഛന്‍, അമ്മ, സഹോദരന്‍, നാട്ടുകാര്‍ അങ്ങനെ പലതും. പതിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു ലോങ് ക്യാരക്ടര്‍ എനിക്ക് കിട്ടുന്നത്.

അത് ഓര്‍ത്തപ്പോള്‍ ബാക്കി ഇന്‍ഹിബിഷന്‍സ് ഒക്കെ ഞാന്‍ മാറ്റിവെച്ചു. നൂറ് സീനുള്ള ഒരു സിനിമയില്‍ തൊണ്ണൂറ്റി ഒമ്പത് എണ്ണത്തിലും ഞാനുണ്ട് എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. അതൊക്കെ ആലോചിച്ചപ്പോള്‍ ഞാന്‍ ആ കഥാപാത്രം തിരഞ്ഞെടുത്തു.

സിനിമയുടെ പോസ്റ്ററില്‍ എന്റെ മുഖം വരുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ഇതിനൊക്കെ വേണ്ടിയാണല്ലോ ഞാന്‍ ഈ ഇന്‍ഡസ്ട്രിയില്‍ വന്നത്. എന്നാല്‍ കഴിഞ്ഞ പതിമൂന്ന് വര്‍ഷങ്ങളായി ഇതൊന്നും നടക്കുന്നില്ല. അതുകൊണ്ട് ഞാന്‍ വിചാരിച്ചു എന്തിനാണ് ഇനി വേറേ കാര്യങ്ങളൊക്കെ ആലോചിക്കുന്നത് എന്ന്.

ഇങ്ങനെ ഒരു സിനിമ എന്നെ വിശ്വസിച്ച് ഒരു ഡയറക്ടര്‍ തരുമ്പോള്‍, ആ മനുഷ്യന് ഒരു വാല്യു ഞാന്‍ കൊടുക്കണമല്ലോ. അങ്ങനെയാണ് ഉടനെ തന്നെ അദ്ദേഹത്തോട് യെസ് പറഞ്ഞത്.

അഭിനയിക്കുന്നവരുടെ കംഫേര്‍ട്ട് നോക്കിയാണ് ഇന്റിമേറ്റ് സീന്‍ ഷൂട്ട് ചെയ്യുന്നത്. സീന്‍ തുടങ്ങുന്നതിന് മുമ്പ് ഡയറക്ടറും ക്യാമറാമാനും നമ്മളോട് പറയും, നിങ്ങള്‍ക്ക് ഷൂട്ട് ചെയ്യുമ്പോള്‍ അധികം ആളുകള്‍ ഇവിടെ നില്‍ക്കുന്നത് താല്‍പര്യമില്ലെങ്കില്‍ പറയണമെന്ന്. ഏതെങ്കിലും തരത്തില്‍ ഷൂട്ടിങ്ങിനെ ബാധിക്കാതെ ഇരിക്കാനാണ് അത്തരത്തില്‍ ചോദിക്കുന്നത്.

ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് ഡയറക്ടര്‍ സീന്‍ മുഴുവനായി പറഞ്ഞുതരും. ഒരുപാട് പ്ലാന്‍ ചെയ്തിട്ടാണ് ഷൂട്ട് ചെയ്യുന്നത്. എന്നാലും ചിലപ്പോള്‍ റീടേക്ക് ഒക്കെ പോവാറുണ്ട്. ഇന്റിമേറ്റ് സീന്‍ ആദ്യം എടുത്തപ്പോള്‍ നാല് ടേക്ക് വരെ പോയിട്ടുണ്ട്. അതിനിടയില്‍ ഡയലോഗ് പറയമ്പോഴാണ് പ്രശ്നം. അതിനിടക്ക് ഫോക്കസിന്റെയും ലൈറ്റിന്റെയും ഒക്കെ പ്രശ്നം വരാറുണ്ട്.

ഫൈറ്റ് സീന്‍ ചെയ്യുന്നത് പോലെയും, പാട്ട് സീന്‍ ചെയ്യുന്നത് പോലെയും കോറിയോഗ്രാഫി ചെയ്തിട്ടാണ് ഇന്റിമേറ്റ് സീനും ചെയ്യുന്നത്. ഇതിലും ടെക്നിക്കലായിട്ടുള്ള പല കാര്യങ്ങളും ശ്രദ്ധിച്ചിട്ടാണ് നമ്മള്‍ അഭിനയിക്കുന്നത്. അല്ലാതെ ആളുകള്‍ വിചാരിക്കുന്ന പോലെ ഒരു മൈന്‍ഡ് സെറ്റില്‍ നിന്നല്ല ഞങ്ങളൊരും ഷൂട്ട് ചെയ്യുന്നത്,’ സ്വാസിക പറഞ്ഞു.

സ്വാസികക്ക് പുറമേ റോഷന്‍ മാത്യു, അലന്‍സിയര്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഇറോട്ടിക് ഴോണറില്‍ ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

Content Highlight: Actress Swasika about Chathuram Movie and her Inhibitions

Latest Stories

We use cookies to give you the best possible experience. Learn more