സ്വാസിക പ്രധാന വേഷത്തിലെത്തിയ സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചതുരം ചെയ്യുമ്പോള്‍ തനിക്ക് ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെട്ട സീനിനെക്കുറിച്ച് പറയുകയാണ് സ്വാസിക.
ചിത്രത്തില്‍ അലന്‍സിയറിന്റേയും ജാഫര്‍ ഇടുക്കിയുടെയും മുഖത്ത് നോക്കി തെറിവിളിക്കുന്ന സീന്‍ ചെയ്യാനാണ് താന്‍ ഏറെ ബുദ്ധിമുട്ടിയതെന്നും അതിനായി പന്ത്രണ്ട് ടേക്കോളം എടുത്തിട്ടുണ്ടെന്നും സ്വാസിക പറഞ്ഞു.
സിനിമയില്‍ വിളിക്കുന്ന തരത്തിലുള്ള തെറി ജീവിതത്തില്‍ ഇതുവരെ വിളിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ തിയേറ്ററില്‍ ആളുകള്‍ ആ സീന്‍ കാണുമ്പോള്‍ കൂവുമെന്ന് താന്‍ ഭയന്നിരുന്നുവെന്നും സ്വാസിക പറഞ്ഞു. മാറ്റിനി ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ചതുരത്തില്‍ ജാഫറിക്കയേയും അലന്‍സിയര്‍ ഏട്ടനെയും തെറിവിളിക്കുന്ന സീനുണ്ട്. അത് ചെയ്യാനാണ് ഏറ്റവും കൂടുതല്‍ ടേക്ക് പോയിട്ടുള്ളത്. ആ സിനിമയില്‍ ഉപയോഗിച്ച പോലെയുള്ള തെറി ഞാന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല.
ബാക്കി നോര്‍മല്‍ തെറികളൊക്കെ വിളിക്കാറുണ്ട്. തെറിവിളിക്കാത്തത് ഞാന്‍ വലിയ പുണ്യാളത്തി ആയതുകൊണ്ടൊന്നും അല്ല. തെറിവിളിക്കേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ല. ദേഷ്യം വന്നാല്‍ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റാറുണ്ട്.
എനിക്ക് അങ്ങനെ പെട്ടെന്ന് ദേഷ്യം വരില്ല. ദേഷ്യം വരും പക്ഷെ തെറിവിളിക്കാനുള്ള ദേഷ്യം ഒന്നും വന്നിട്ടില്ല. ഇത്തരത്തിലുള്ളൊരു തെറി ഞാന്‍ ആദ്യമായിട്ടാണ് പ്രസന്റ് ചെയ്യുന്നത്. അതിന്റേതായിട്ടുള്ള ഒരു ചമ്മല്‍ എനിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ ടേക്ക് പോയിട്ടുള്ളത് ആ സീനിനാണ്.
ഓള്‍ മോസ്റ്റ് ഒരു പന്ത്രണ്ട് ടേക്ക് അതിനായി ഞാന്‍ എടുത്തിട്ടുണ്ടാകും. തെറിവിളിച്ച് ശീലമില്ലാത്തത് കൊണ്ടു മാത്രമല്ല വിളിക്കുമ്പോള്‍ എനിക്ക് ആ പഞ്ച് കിട്ടുന്നില്ലായിരുന്നു. തെറിവിളിക്കുമ്പോള്‍ നമ്മള്‍ നല്ല പഞ്ചില്‍ വിളിക്കേണ്ടെ ഇല്ലെങ്കില്‍ ആള്‍ക്കാര്‍ കൂവില്ലെ.
ചിലപ്പോള്‍ വോയ്‌സിന് എവിടെയാണ് സ്‌ട്രെയ്ന്‍ കൊടുക്കേണ്ടതെന്ന് എനിക്ക് അറിയാത്തത് കൊണ്ടായിരിക്കും. പിന്നെ വേറെ ഒരു ഡയലോഗ് പറഞ്ഞിട്ടാണല്ലോ ആ തെറി വിളിക്കുന്നത്. നേരെ കേറി വിളിക്കുവാണെങ്കില്‍ ചിലപ്പോള്‍ ഇത്ര ബുദ്ധിമുട്ട് ഉണ്ടാവില്ലായിരിക്കും.
കുറേ നേരം എനിക്ക് വേണ്ടി എല്ലാവരും പരിശ്രമിച്ചു. സീന്‍ ആക്കിയപ്പോള്‍ പിന്നെ പ്രശ്‌നമായത് മൊത്തം ഡബ്ബിങ് സ്റ്റുഡിയോയിലാണ്. അവിടെയും ഈ പ്രശ്‌നം ഉണ്ടായിരുന്നു. എന്തുകൊണ്ടോ ഒരു പവറില്ലായ്മ. പക്ഷെ ഞങ്ങള്‍ തിയേറ്ററില്‍ പോയപ്പോള്‍ ആ സീനിന് വലിയ ക്ലാപ്പായിരുന്നു. അപ്പോള്‍ എനിക്ക് സമാധാനമായി,” സ്വാസിക പറഞ്ഞു.
content highlight: actress swasika about chathuram movie