സ്വാസിക പ്രധാന വേഷത്തിലെത്തിയ, സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം ഒ.ടി.ടിയില്‍ റിലീസായിരിക്കുകയാണ്. ചതുരത്തില്‍ താന്‍ അഭിനയിക്കാനുള്ള കാരണം വ്യക്തമാക്കുകയാണ് സ്വാസിക.
ചതുരത്തിന്റെ കഥ കേട്ടപ്പോള്‍ തനിക്ക് ഉള്ളില്‍ പേടിയുണ്ടായിരുന്നുവെന്നും അച്ഛനും അമ്മയും ഇതെങ്ങനെയെടുക്കുമെന്ന ചിന്ത തന്റെ ഉള്ളിലുണ്ടായിരുന്നുവെന്നും സ്വാസിക പറഞ്ഞു.
പതിമൂന്ന് വര്‍ഷമായുള്ള തന്റെ കാത്തിരിപ്പാണ് ചതുരം. സിനിമയില്‍ പ്രധാന കഥാപാത്രമാകണം എന്ന ആഗ്രഹത്തോടെയാണ് താനും ഈ മേഖലയിലേക്ക് വന്നതെന്നും എന്നാല്‍ അതൊന്നും നടന്നില്ലെന്നും സ്വാസിക പറഞ്ഞു. ചതുരത്തിലൂടെ തന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചുവെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ചതുരത്തിന്റെ കഥ കേട്ടുകൊണ്ടിരിക്കുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു പേടിയുണ്ടായിരുന്നു. അച്ഛന്‍, അമ്മ, അനിയന്‍, നാട്ടുകാര്‍ അങ്ങനെ കുറേ പേര് എന്ത് വിചാരിക്കുമെന്ന ചിന്തകളൊക്കെ മനസിലൂടെ കടന്നു പോയിരുന്നു.
എന്നാല്‍ അതെല്ലാം എനിക്ക് തരണം ചെയ്യാന്‍ പറ്റിയത് വേറെയൊന്നും കൊണ്ടല്ല. ഇത് പതിമൂന്ന് വര്‍ഷത്തെ എന്റെ കാത്തിരിപ്പാണ്. അത്രയും വര്‍ഷത്തിന് ശേഷം ഒരു സ്‌ട്രോങ് ക്യാരക്ടര്‍ കിട്ടുകയാണ്.
ഒരു നൂറ് സീനുള്ള സിനിമയില്‍ 99 സീനിലും ഞാന്‍ ഉണ്ട്. അതൊക്കെ ആലോചിച്ചപ്പോഴാണ് ഞാന്‍ ചെയ്യാനായിട്ട് തീരുമാനിച്ചത്. പോസ്റ്ററില്‍ മെയിന്‍ ആയിട്ട് ഞാന്‍ വരുന്നു. മുഴുവന്‍ സീനിലും അഭിനയിക്കാനുണ്ട്.
ഇതൊക്കെ ആഗ്രഹിച്ചാണല്ലോ ഞാന്‍ ഈ ഫീല്‍ഡിലേക്ക് വന്നത്. പതിമൂന്ന് വര്‍ഷമായിട്ട് ഇതൊന്നും നടന്നില്ല. കറങ്ങി തിരിഞ്ഞ് ഞാന്‍ എല്ലാ സ്ഥലത്തും ഉണ്ടെങ്കിലും ഈ സംഭവം നടക്കുന്നില്ല.
പിന്നെ ഞാന്‍ വിചാരിച്ചു ഇനിയും എന്തിനാണ് ഓരോന്ന് ആലോചിക്കുന്നതെന്ന്. കാരണം ഒരു ഡയറക്ടര്‍ എന്നെ വിശ്വസിച്ച് ഒരു സിനിമ തരുമ്പോള്‍ ഞാന്‍ അത് വിട്ടുകളയേണ്ടതുണ്ടോ. എന്റെ അമ്മയേക്കാളും അച്ഛനേക്കാളും എന്നെ വിശ്വസിച്ചത് സിദ്ധാര്‍ത്ഥ് ഭരതനാണ്. എന്റെ വീട്ടുകാര്‍ക്ക് പോലും എന്നെ അത്ര വിശ്വാസമില്ല,” സ്വാസിക പറഞ്ഞു.
content highlight: actress swasika about chathuram