ബോളിവുഡ് സ്വപ്‌നങ്ങളുമായി മുംബൈയിലേക്ക് പോയപ്പോള്‍ അച്ഛന്‍ ഒന്നേ പറഞ്ഞുള്ളു; മനസ്സു തുറന്ന് സ്വര ഭാസ്‌കര്‍
D Movies
ബോളിവുഡ് സ്വപ്‌നങ്ങളുമായി മുംബൈയിലേക്ക് പോയപ്പോള്‍ അച്ഛന്‍ ഒന്നേ പറഞ്ഞുള്ളു; മനസ്സു തുറന്ന് സ്വര ഭാസ്‌കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd March 2021, 5:13 pm

മുംബൈ: വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും രാഷ്ട്രീയ നിലപാടിലൂടെയും ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് സ്വര ഭാസ്‌കര്‍. സോഷ്യല്‍ മീഡിയയിലും തന്റെ നിലപാടുകളും അനുഭവങ്ങളും സ്വര തുറന്നെഴുതാറുണ്ട്.

ഇപ്പോഴിതാ തന്റെ അച്ഛന്റെ എഴുപതാം പിറന്നാളിന് ആശംസയറിയിച്ച് സ്വര സോഷ്യല്‍ മീഡിയയില്‍ എഴുതിയ ഒരു കുറിപ്പ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. തന്റെ എല്ലാ സ്വപ്‌നങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ച ആളാണ് അച്ഛന്‍ ഉദയ് ഭാസ്‌കര്‍ എന്ന് സ്വര പറയുന്നു.

ബോളിവുഡ് സ്വപ്‌നവുമായി മുംബൈ നഗരത്തിലേക്ക് പോകണമെന്നുള്ള ആഗ്രഹം അറിയിച്ചപ്പോഴുണ്ടായ അച്ഛന്റെ പ്രതികരണവും സ്വര കുറിക്കുന്നു.

‘ബോളിവുഡ് സ്വപ്‌നങ്ങള്‍ക്കായി ഞാന്‍ മുംബൈയിലേക്ക് പോയി. ആ സമയത്ത് അച്ഛന്റെ പ്രതികരണം കേവലം ഒരു മുന്നറിയിപ്പോ, പ്രാര്‍ത്ഥനയോ ആയിരുന്നില്ല. എന്റെ തീരുമാനത്തെ അങ്ങേയറ്റം ബഹുമാനിച്ചിരുന്നു. അച്ഛന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, നീ ഒരു പ്രായപൂര്‍ത്തിയായി വ്യക്തിയാണ്. അപരിചിതമായ നഗരത്തിലേക്ക് പോകുകയാണ് നീ ഇപ്പോള്‍. വളരെ സ്വതന്ത്രമായ ജീവിതമായിരിക്കും നിനക്ക് അവിടെ ലഭിക്കുക. അച്ഛനും അമ്മയും അറിയരുതെന്ന് നീ കരുതുന്ന പല കാര്യങ്ങളും അവിടെയുണ്ടാകും. ഞങ്ങള്‍ ഒരിക്കലും അത് നിരീക്ഷിക്കാന്‍ ശ്രമിക്കുകയുമില്ല. ഒരു കാര്യം മാത്രം മനസ്സില്‍ വെയ്ക്കുക. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കുമ്പോള്‍ കണ്ണാടിയിലെ നിന്റെ കണ്ണുകളിലേക്ക് നോക്കാനുള്ള ശേഷി മാത്രം ഉണ്ടായിരിക്കണം’, എന്നായിരുന്നു അച്ഛന്‍ പറഞ്ഞതെന്ന് സ്വര പറയുന്നു.

മുംബൈയില്‍ തന്റെ സ്വപ്‌നങ്ങള്‍ക്കായി സ്ട്രഗിള്‍ ചെയ്യുന്ന സമയത്ത് അച്ഛന്‍ തനിക്ക് നല്‍കിയ പിന്തുണ വളരെ വലുതായിരുന്നുവെന്നും സ്വര പറഞ്ഞു. മറ്റ് കുട്ടികളില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് അച്ഛന്‍ തങ്ങളെ വളര്‍ത്തിയതെന്നും സ്വര പറഞ്ഞു. തൊണ്ണൂറുകളുടെ കാലത്താണ് ഇത്തരം റാഡിക്കല്‍ മനോഭാവത്തോടെ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ തന്റെ അച്ഛന്‍ ധൈര്യം കാട്ടിയതെന്നും സ്വര കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Swara Bhasker Talks About Her Father