| Wednesday, 3rd March 2021, 5:47 pm

'നിന്നെ നിയന്ത്രിക്കുന്നവനെയും താഴ്ത്തിക്കെട്ടുന്നവനെയും ഭര്‍ത്താവാക്കരുത്'; അച്ഛന്റെ വാക്കുകള്‍ പങ്കുവെച്ച് സ്വര ഭാസ്‌കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ തന്റെ അച്ഛനെ കുറിച്ചെഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കുട്ടിക്കാലം മുതല്‍ ഇന്നുവരെ തനിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയത് അച്ഛനാണൊണ് കുറിപ്പില്‍ സ്വര പറയുന്നത്. സ്വരയുടെ അച്ഛനായ ഉദയ ഭാസ്‌കറിന്റെ എഴുപതാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു സ്വരയുടെ കുറിപ്പ്.

ചുറ്റുമുള്ളവരെല്ലാം വിവാഹത്തിനായി സമ്മര്‍ദം ചെലുത്തുമ്പോള്‍ അച്ഛന്‍ മാത്രം വ്യത്യസ്തമായാണ് സംസാരിച്ചതെന്ന് സ്വര പറയുന്നു.

‘ഇപ്പോള്‍ (മുപ്പത് വയസ്സായ ഒരു അംഗീകൃത യുവതിയാണല്ലോ ഞാന്‍ ഇപ്പോള്‍) ചുറ്റും വിവാഹം കഴിക്കാനുള്ള സമ്മര്‍ദം കൂടിവരുമ്പോള്‍ അച്ഛന്‍ ഒരൊറ്റ കാര്യമേ പറഞ്ഞുള്ളു, ‘ഈ വിവാഹത്തിനും ഭര്‍ത്താവിനും വേണ്ടിയുള്ള അന്വേഷണത്തില്‍ നിന്നെ നിയന്ത്രിക്കുകയും താഴ്ത്തിക്കെട്ടുകയും ചെയ്യുന്ന ഒരാളോടൊപ്പം ജീവിക്കാന്‍ തീരുമാനിക്കരുത്. വളരാന്‍ സാധിക്കുന്നതായിരിക്കണം ബന്ധങ്ങള്‍’. അതുപോലെയുള്ള ഒരു ബന്ധം കണ്ടാണല്ലോ ഞാന്‍ വളര്‍ന്നത് – നിങ്ങളും അമ്മയും,’ സ്വര കുറിപ്പില്‍ പറയുന്നു.

മുംബൈയില്‍ തന്റെ സ്വപ്നങ്ങള്‍ക്കായി സ്ട്രഗിള്‍ ചെയ്യുന്ന സമയത്ത് അച്ഛന്‍ തനിക്ക് നല്‍കിയ പിന്തുണ വളരെ വലുതായിരുന്നുവെന്നും സ്വര പറഞ്ഞു. മറ്റ് കുട്ടികളില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് അച്ഛന്‍ തങ്ങളെ വളര്‍ത്തിയതെന്നും സ്വര പറഞ്ഞു. തൊണ്ണൂറുകളുടെ കാലത്താണ് ഇത്തരം റാഡിക്കല്‍ മനോഭാവത്തോടെ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ തന്റെ അച്ഛന്‍ ധൈര്യം കാട്ടിയതെന്നും സ്വര കൂട്ടിച്ചേര്‍ത്തു.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും രാഷ്ട്രീയ നിലപാടിലൂടെയും ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് സ്വര ഭാസ്‌കര്‍. സോഷ്യല്‍ മീഡിയയിലും തന്റെ നിലപാടുകളും അനുഭവങ്ങളും നടി തുറന്നെഴുതാറുണ്ട്. തന്നെ ഇത്തരത്തില്‍ ധൈര്യത്തോടെ ജീവിതത്തെ നേരിടാന്‍ പഠിപ്പിച്ചതില്‍ അച്ഛന് വലിയ പങ്കുണ്ടെന്ന് പറയുകയാണ് സ്വര.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Actress Swara Bhaskar about what her father told about marriage

We use cookies to give you the best possible experience. Learn more