ചെറിയ വേഷങ്ങളിലൂടെ എത്തി മലയാള സിനിമയില്‍ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ നടിയാണ് സുരഭി ലക്ഷ്മി. ടെലിവിഷന്‍ സീരിയലുകളിലൂടെയും കോമഡി വേഷങ്ങളിലൂടെയും സിനിമയിലേക്കെത്തിയ സുരഭി ഇന്ന് മലയാള സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ്.
ദേശീയപുരസ്‌കാരമടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ സുരഭിയെ തേടിയെത്തി. ഒരു കഥാപാത്രത്തെ താന്‍ തെരഞ്ഞെടുക്കുന്നത് എങ്ങനെയെന്നും അതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് ഉള്ളതെന്നും പറയുകയാണ് സുരഭി. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കരിയറിനെ കുറിച്ച് താരം പറയുന്നത്.
ഇഷ്ടമുള്ള കഥാപാത്രങ്ങള്‍ മാത്രം തെരഞ്ഞെടുക്കാനാവുന്ന ഒരു അവസ്ഥയിലല്ല താനുള്ളതെന്നും നല്ല പ്രതിഫലം ലഭിക്കും എന്നതുകൊണ്ട് മാത്രം ഇഷ്ടമില്ലാത്ത പല കഥാപാത്രങ്ങളും ചെയ്യേണ്ടിവന്നിട്ടുണ്ടെന്നും സുരഭി പറഞ്ഞു.
‘കഥാപാത്രം തെരഞ്ഞെടുക്കുന്നതില്‍ രണ്ടുമൂന്ന് മാനദണ്ഡങ്ങളുണ്ട്,’ ഒന്ന്, ഒരു ആക്ടര്‍ക്ക് പൈസ വേണം. ചിലപ്പോള്‍ നല്ല പൈസ കിട്ടും, പക്ഷേ സിനിമ പൊട്ടയായിരിക്കും. ചില സമയത്ത് നല്ല കഥാപാത്രമായിരിക്കും, പക്ഷേ പ്രതിഫലം വളരെ കുറവായിരിക്കും. ചിലപ്പോള്‍ നല്ല ടീമായിരിക്കും, അപ്പോള്‍ അവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഥാപാത്രം സ്വീകരിക്കാറുണ്ട്. ഞാനഭിനയിച്ച പൊട്ട ക്യാരക്ടറുകളുണ്ട്. പക്ഷേ, നമ്മള്‍ വെറുതേ കണ്ണുംപൂട്ടി പറയുന്ന പ്രതിഫലം ‘ഓക്കെ’എന്ന് പറയുന്ന സിനിമളായിരിക്കും. അപ്പോള്‍ നമുക്കത് ചെയ്യേണ്ടിവരും. അതല്ലാതെ ഞാന്‍ ഇന്നതേ ചെയ്യൂ എന്ന് പറയാന്‍ പറ്റുന്ന ഒരവസ്ഥയിലല്ല സുരഭി എന്ന ആക്ടര്‍ നില്‍ക്കുന്നത്.