അനൂപ് മേനോന്റെ സംവിധാനത്തില്‍ സുരഭി ലക്ഷ്മിയും അനൂപ് മേനോനും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം പത്മ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. തിയേറ്ററില്‍ താരതമ്യേന മികച്ച പ്രകടനം നടത്തുന്ന സിനിമക്ക് സമ്മിശ്ര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
ചിത്രത്തിന്റെ തിയേറ്റര്‍ വിജയത്തിലുള്ള സന്തോഷം പങ്കുവെക്കുകയാണ് നടി സുരഭി ലക്ഷ്മി.
സിനിമയുടെ പ്രൊമോഷന്‍ ഇന്റര്‍വ്യൂകളൊന്നും അധികം പുറത്തുവന്നിരുന്നില്ല. അതിന്റെ കാരണവും കൗമുദി മൂവീസിന് നല്‍കിയ പ്രതികരണത്തില്‍ താരം പറയുന്നുണ്ട്.
”അതിന്റെ കാരണം വേറൊന്നുമല്ല. പൊട്ടുമോ പൊട്ടില്ലേ എന്ന് ഞാന്‍ ചോദിച്ചല്ലോ. ചിലപ്പൊ പൊട്ടാനും പൊട്ടാതിരിക്കാനും സാധ്യതയുണ്ട്. അഥവാ പൊട്ടിയാല്‍ അനൂപേട്ടന്റെ കിടപ്പാടമൊഴിച്ച് ബാക്കിയെല്ലാം പോകും.
അതും കൂടി കളയണ്ടല്ലോ എന്ന് കരുതിയാണ് പ്രൊമോഷന്‍ അധികം ചെയ്യാതിരുന്നത്. നിങ്ങളാണ് അതിന്റെ പ്രൊമോഷന്‍. കാണുന്ന ഓരോ പ്രേക്ഷകനുമാണ് ഈ പടം നല്ലതാണെന്ന് പറഞ്ഞ് പ്രൊമോഷന്‍ ചെയ്യുന്നത്.
അതും കൂടി കളയണ്ടല്ലോ. ഞാന്‍ പറഞ്ഞത് അന്വര്‍ത്ഥമായി പോകേണ്ട എന്ന് വിചാരിച്ചാണ്.
ഈ മഴക്കാലത്തും, പനിയുള്ള സമയത്തും ഇത്രയും സ്ത്രീകളും കുടുംബങ്ങളും വന്ന് സിനിമ കാണുന്നുണ്ട്. ഇത്രയും സ്ത്രീകള്‍ വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയും ആളുകള്‍ ഒരുമിച്ചുള്ള ഷോ കണ്ടപ്പോള്‍ വളരെയധികം സന്തോഷം,” സുരഭി ലക്ഷ്മി പറഞ്ഞു.
നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ രണ്ട് പ്രൊമോ വീഡിയോകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. അനൂപ് മേനോനും സുരഭിയും തന്നെയായിരുന്നു വീഡിയോയില്‍ എത്തിയിരിക്കുന്നത്.
മേക്കപ്പ് ഇടുന്നതിനിടയില്‍ പത്മ പൊട്ടിയാല്‍ എത്ര രൂപ നഷ്ടം വരുമെന്ന് സുരഭി ചോദിക്കുന്നു. കിടപ്പാടം ഒഴികെ ബാക്കിയെല്ലാം പോകുമെന്ന് പറയുന്ന അനൂപ് മേനോനോട് കിടപ്പാടം കിട്ടുമല്ലേ എന്ന് സുരഭി തിരിച്ച് ചോദിക്കുന്നു. തുടര്‍ന്ന് ഇരുവരും സിനിമ പൊട്ടുമോ ഇല്ലയോ എന്ന് ചര്‍ച്ച ചെയ്യുന്നതുമായിരുന്നു ആദ്യത്തെ പ്രൊമോ വീഡിയോ.
എഴുതികൊണ്ടിരിക്കുന്ന അനൂപ് മേനോന് ചുറ്റുംനിന്ന് ‘ബുള്ളറ്റ് സോങ്’ എന്ന തെലുങ്ക് പാട്ടിന് സുരഭി ഡാന്‍സ് കളിക്കുന്നതും ആദ്യം ഗൗരവത്തോടെ ഇരിക്കുന്ന അനൂപ് മേനോന്‍ പിന്നെ ചിരി നിര്‍ത്താന്‍ പാടുപെടുന്നതുമായ വീഡിയോയായിരുന്നു രണ്ടാമതായി പ്രൊമോഷന്റെ ഭാഗമായി അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയത്.
അനൂപ് മേനോന്‍ തന്നെയാണ് പത്മയുടെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം, മഹാദേവന്‍ തമ്പി നിര്‍വഹിക്കുന്നു.
അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍, അന്‍വര്‍ ഷെരീഫ്, അംബി, മെറീന മൈക്കിള്‍, മാലാ പാര്‍വതി, ശ്രുതി രജനികാന്ത്, എന്നിവരും അഭിനയിക്കുന്നു. അനൂപ് മേനോന്‍, ഡോക്ടര്‍ സുകേഷ് എന്നിവരുടെ വരികള്‍ക്ക് നിനോയ് വര്‍ഗീസ് സംഗീതം പകരുന്നു.
Content Highlight: Actress Surabhi Lakshmi about the theatre success of Padma movie