| Thursday, 17th March 2022, 12:48 pm

വെറുതെ നമ്മളെ കരിവാരിത്തേക്കാന്‍ വേണ്ടി സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായം ചോദിക്കുന്നത് ഇഷ്ടമല്ല: സുരഭി ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി ക്യാരക്ടര്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സുരഭി ലക്ഷ്മി.

2017ല്‍ പുറത്തിറങ്ങിയ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയതോടെ താരത്തിന്റെ അഭിനയപാടവവും സിനിമാ മേഖലയില്‍ അംഗീകരിക്കപ്പെട്ടതാണ്.

അഭിമുഖങ്ങളില്‍ തന്നെ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങളെക്കുറിച്ച് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ഇപ്പോള്‍ സുരഭി.

അഭിമുഖങ്ങളില്‍ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തതും ഉത്തരം പറയാന്‍ ആഗ്രഹിക്കാത്തതുമായ കാര്യം എന്താണ്, എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുരഭി ലക്ഷ്മി.

”സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അഭിപ്രായം ചോദിക്കുന്നത്. വെറുതെ എന്തെങ്കിലും അഭിപ്രായം ചോദിച്ച്, നമ്മളെ കരിവാരിത്തേച്ച് ഒട്ടിക്കാന്‍ വേണ്ടി ചില ആളുകള്‍ ചോദിക്കുന്ന ചോദ്യങ്ങളുണ്ട്. അത് എനിക്കത്ര ഇഷ്ടമല്ല.

അതുകൊണ്ട്, നമുക്ക് അഭിപ്രായങ്ങളില്ല, എന്ന് വിശ്വസിക്കുന്നതിനോടും എനിക്ക് താല്‍പര്യമില്ല. കാരണം, എല്ലാത്തിനോടും നമ്മള്‍ പ്രതികരിക്കണമെന്നില്ല.

അതുകൊണ്ട് നമുക്ക് അക്കാര്യത്തില്‍ അഭിപ്രായമില്ല, എന്നല്ല അതിനര്‍ത്ഥം. അഭിപ്രായത്തിന്റെ ഭാഗമായാണ് അതിനോട് പ്രതികരിക്കണമെന്ന് തോന്നാത്തത്,” സുരഭി ലക്ഷ്മി പറഞ്ഞു.

M80 മൂസ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയയായ സുരഭി പിന്നീട് എന്ന് നിന്റെ മൊയ്തീന്‍, വികൃതി, തീവണ്ടി, കുറുപ്പ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ക്യാരക്ടര്‍ റോളുകളിലും തിളങ്ങി.

സൗബിന്‍ ഷാഹിര്‍ നായകനായ കള്ളന്‍ ഡിസൂസയാണ് സുരഭിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. സിനിമയില്‍ ആശ എന്ന കഥാപാത്രത്തെയായിരുന്നു സുരഭി ലക്ഷ്മി അവതരിപ്പിച്ചത്.

അനൂപ് മേനോന്‍ സംവിധാനം ചെയ്ത പത്മ എന്ന സിനിമയാണ് ഇനി സുരഭിയുടെതായി അണിയറയിലൊരുങ്ങുന്നത്. ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ സുരഭി എത്തുമ്പോള്‍ നായകനായെത്തുന്നത് അനൂപ് മേനോന്‍ തന്നെയാണ്.


Content Highlight: Actress Surabhi Lakshmi about the questions being asked in Interviews, asking about the opinions in social issues

We use cookies to give you the best possible experience. Learn more