നടന്‍ അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന പദ്മ എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തുകയാണ് സുരഭി ലക്ഷ്മി. ചിത്രത്തില്‍ അനൂപ് മേനോന്റെ ഭാര്യാ വേഷത്തിലാണ് സുരഭി എത്തുന്നത്.
തിരക്കഥ ഉള്‍പ്പടെ ഒരുപാട് ചിത്രങ്ങളില്‍ അനൂപേട്ടനൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഒരു ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ പറ്റും എന്ന് താന്‍ കരുതിയിരുന്നില്ലെന്ന് പറയുകയാണ് സുരഭി.
ഒരു കൊമേഴ്ഷ്യല്‍ സിനിമയില്‍ മുഴുനീള നായിക കഥാപാത്രമായിട്ടൊന്നും താനിതുവരെ അഭിനയിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ പ്രണയരംഗങ്ങളൊക്കെ അഭിനയിക്കുമ്പോള്‍ തനിക്ക് ചിരി വരുമായിരുന്നെന്നും സുരഭി കൈരളിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
”ഒരു ഭര്‍ത്താവും ഭാര്യയും സെന്‍ട്രല്‍ ക്യാരക്ടര്‍ ആയിട്ടുള്ള ഹീറോയിന്‍ ഓറിയന്റഡ് ആയിട്ടുള്ള സിനിമയാണ് പദ്മ. അനൂപേട്ടനെ ഒരുപാട് കാലമായിട്ട് എനിക്ക് അറിയാം. പക്ഷേ സിനിമയില്‍ ആ പാട്ടൊക്കെ അഭിനയിക്കുന്ന സമയത്ത് വലിയ പ്രശ്‌നമായിരുന്നു.
പദ്മ ഒരുപാട് ഇമോഷന്‍സിലൂടെ കടന്നുപോകുന്ന ലേഡിയാണ്. പദ്മയുടെയും രവിയുടേയും റൊമാന്റിക് ജീവിതമൊക്കെ ഈ പാട്ടിലൂടെ കടന്നുപോകുന്നുണ്ട്. അതൊക്കെ അഭിനയിക്കുമ്പോള്‍ ഞാന്‍ ചിരിച്ചുപോകും. ‘എന്തോന്നെടീ നീ ഈ കാണിക്കുന്നതെന്ന്’ അനൂപേട്ടന്‍ ചോദിക്കും. ‘അതല്ല എനിക്ക് ഇതൊന്നും അഭിനയിച്ച് പരിചയമില്ലാത്തതുകൊണ്ടാണെന്ന് ‘ഞാന്‍ പറയും. ചിലപ്പോഴൊക്കെ എനിക്ക് ഒരുപാട് ചീത്തയൊക്കെ കേള്‍ക്കുമായിരുന്നു,” സുരഭി പറയുന്നു.
”അനൂപേട്ടന്റെ നായികയാവുന്നു എന്ന ഞെട്ടല്‍ എനിക്ക് ഉണ്ടായിരുന്നു. പക്ഷേ അതിന്റെയൊക്കെ അപ്പുറത്ത് ഞാന്‍ തിരക്കഥ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ അനൂപേട്ടന്‍ ആ ചിത്രത്തില്‍ നായകനാണ്. പ്രിയാ മണിയാണ് നായിക. അതിലെ പല സീനിലും ‘ആമാ, അക്ക ഇങ്ക ഇല്ലൈ, അക്ക ഉള്ളെ ഇറുക്ക് എന്നൊക്കെയുള്ള കഷണം ഡയലോഗേ എനിക്ക് പെറുക്കി പറയാന്‍ ഉള്ളൂ.
പക്ഷേ ഇവരുടെ പല പ്രധാനപ്പെട്ട സീനിലും ഞാന്‍ ഒരു സൈഡില്‍ മേക്കപ്പ് സാധനങ്ങള്‍ പിടിച്ച് അസിസ്റ്റന്റായി നോക്കി നില്‍ക്കുമായിരുന്നു. പല സീനുകളും ഇവര്‍ അഭിനയിക്കുന്നത് നോക്കിയിട്ട് റൂമില്‍ പോയി അഭിനയിച്ചു നോക്കുമായിരുന്നു. എന്നാല്‍ അന്നൊന്നും നായിക എന്നുള്ള സ്വപ്‌നം കാണാന്‍ പറ്റുന്ന രീതിയിലുള്ള വേഷങ്ങള്‍ ചെയ്യുന്ന നടിയായിരുന്നില്ല ഞാന്‍.
അന്നത്തെ ഒരു ആഗ്രഹം ഇപ്പോള്‍ സാധിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്. അന്നും ഇന്നും അനൂപേട്ടന്‍ ഒരുപോലെയാണ് പെരുമാറുന്നത്.
പല സുഹൃത്തുക്കളും പ്രൊജക്ട് ചെയ്യുമ്പോള്‍ അത് പ്രൊഡ്യൂസറുടെ അടുത്ത് എത്തുമ്പോള്‍ നായിക സ്ഥാനത്ത് നിന്ന് ഞാന്‍ മാറാറുണ്ട്. നല്ല നടിയൊക്കെയാണ് പക്ഷേ അവര്‍ക്ക് മാര്‍ക്കറ്റില്ല എന്നതാവും കാരണമായി പറയുക. കുറച്ചുകൂടി മാര്‍ക്കറ്റുളള ആരെയെങ്കിലും വെക്കുന്നതല്ലേ നല്ലതെന്ന ചോദ്യമായിരിക്കും പലപ്പോഴും വരിക.
എന്നാല്‍ അനൂപേട്ടന്‍ കഥയെഴുതി പ്രൊഡ്യൂസ് ചെയ്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടുണ്ടായിരിക്കും. പദ്മ എന്ന കഥാപാത്രം എനിക്ക് ചെയ്യാന്‍ പറ്റുമെന്നുള്ള വിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരിക്കാം. ആ വിശ്വാസത്തിലാണ് എനിക്ക് സന്തോഷം തോന്നിയത്, ” സുരഭി പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actress Surabhi lakshmi About Padma Movie