ജ്വാലമുഖി എന്ന സിനിമക്ക് വേണ്ടി ശവം ദഹിപ്പിക്കുന്നത് പഠിക്കാനായി പോയ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി സുരങി ലക്ഷ്മി. പത്ത് ദിവസം എടുത്തിട്ടാണ് താന്‍ അതെല്ലാം പഠിച്ചതെന്നും ആദ്യത്തെ ദിവസം തനിക്ക് ശര്‍ദ്ദിക്കാന്‍ വന്നിരുന്നുവെന്നും സുരഭി പറഞ്ഞു.
ശവം ദഹിപ്പിക്കുന്ന ജോലി ചെയ്യുന്ന സ്ത്രീയുടെ അനുഭവങ്ങള്‍ താന്‍ ചോദിച്ച് അറിഞ്ഞുവെന്നും തനിക്കും ദഹിപ്പിക്കേണ്ടതായിട്ട് വന്നിട്ടുണ്ടെന്നും സുരഭി പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് സുരഭി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഞാന്‍ ജ്വാലമുഖി എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അതിന് വേണ്ടി ശവം ദഹിപ്പിച്ചിട്ടുണ്ട്. ആ സിനിമ ഇറങ്ങുമോയെന്നൊന്നും അറിയില്ല. അതിന് വേണ്ടി ശവം ദഹിപ്പിക്കുന്ന ചേച്ചിയുടെ അടുത്തേക്ക് പഠിക്കാനായി പോയിരുന്നു.
പത്തു ദിവസം നിന്നാണ് ശവം ദഹിപ്പിക്കാനെല്ലാം പഠിച്ചത്. ആദ്യത്തെ ദിവസം എനിക്ക് ശര്‍ദ്ദിക്കാനൊക്കെ വന്നു. പച്ച ഇറച്ചി കത്തുന്നത് അത്ര സുഖമുള്ള മണമല്ല. നമുക്ക് ഭക്ഷണം ഒന്നും കഴിക്കാന്‍ പറ്റില്ല.
ഒരുപാട് വര്‍ഷമായിട്ട് ആ ജോലി ചെയ്യുന്ന സ്ത്രീയുടെ അടുത്താണ് പഠിക്കാന്‍ പോയത്. ചെന്നപ്പോള്‍ അവര്‍ക്ക് എന്നെ അങ്ങനെ അറിയില്ല. എവിടെയാണ് വീട് എന്ന് ചോദിച്ചപ്പോള്‍ കോഴിക്കോടാണെന്ന് ഞാന്‍ അവരോട് പറഞ്ഞു.
നിങ്ങളെങ്ങനെയാണ് ഈ ജോലി ചെയ്യുന്നതെന്ന് ഞാന്‍ അവരോട് ചോദിച്ചിരുന്നു. പലരും കല്യാണത്തിന് വിളിക്കില്ലെന്നും കളിയാക്കി പോകുമെന്നും അവര്‍ പറഞ്ഞു. പള്ളിയിലാണെങ്കില്‍ പോലും അടുത്തിരിക്കാന്‍ ആളുകള്‍ വിസമ്മതിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
എനിക്ക് ആ സിനിമ ചെയ്തതിലും ഇഷ്ടമായത് അവരുടെ കൂടെയുള്ള ദിവസങ്ങളാണ്. അവിടെ നിന്ന് ഞാന്‍ കുറേ കാര്യങ്ങള്‍ പഠിച്ചു. തടിയുള്ള ആളുകളെ ദഹിപ്പിക്കാന്‍ വളരെ എളുപ്പമാണ്. മെലിഞ്ഞ ആളുകളെ ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. തടിച്ചവരുടെ ശരീരത്തില്‍ ഫാറ്റ് ഉള്ളത് കൊണ്ട് വേഗം ദഹിപ്പിക്കാന്‍ പറ്റും.
പിന്നെ ഒരുപാട് മെഡിസിന്‍ കഴിച്ച് കാന്‍സറായിട്ട് മരിച്ച ഒരു ചേച്ചിയുണ്ടായിരുന്നു. അവര്‍ കത്തി തീരാന്‍ പതിനൊന്ന് മണിക്കൂര്‍ സമയമെടുത്തു. കുഞ്ഞു കുട്ടികളെ ദഹിപ്പിക്കാറില്ല. അവരെ തൊട്ടടുത്ത പറമ്പില്‍ ദഹിപ്പിക്കുകയാണ്. അങ്ങനെ ആ സിനിമക്ക് വേണ്ടി അതൊക്കെ ചെയ്തു,” സുരഭി ലക്ഷ്മി പറഞ്ഞു.
content highlight: actress surabhi lakshmi about movie