മാര്‍ക്കറ്റില്ലാത്തതിന്റെയും സ്റ്റാര്‍ വാല്യൂ ഇല്ലാത്തതിന്റെയും പേരില്‍ പല പ്രൊഡ്യൂസര്‍മാരും തന്നെ വെച്ച് സിനിമ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് നടി സുരഭി ലക്ഷ്മി.
മാര്‍ക്കറ്റ് ഉണ്ടാവില്ലെന്നും സിനിമ വര്‍ക്കൗട്ട് ആവില്ലെന്നും തന്റെ മുഖത്ത് നോക്കി പറഞ്ഞവരുണ്ടെന്നും സുരഭി പറഞ്ഞു. മലയാള സിനിമയില്‍ വളരെ ചുരുങ്ങിയ നടിമാര്‍ക്ക് മാത്രമാണ് മാര്‍ക്കറ്റ് ഉള്ളതെന്നും സുരഭി പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് സുരഭി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”നല്ല കഥകള്‍ വരുന്ന സമയത്ത് നമുക്ക് അറിയാവുന്ന സംവിധായകരുടെ അടുത്തേക്ക് അതുകൊണ്ട് പോകും. അവരെന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട് മാര്‍ക്കറ്റ് ഉണ്ടാവില്ലെന്ന്.
സുരഭി, നിന്നെ വെച്ച് സിനിമ ചെയ്താല്‍ ഒരിക്കലും മാര്‍ക്കറ്റ് ഉണ്ടാവില്ല, നമുക്ക് അത് വര്‍ക്കൗട്ട് ആവില്ലെന്ന് പലരും പറഞ്ഞു. മലയാളത്തില്‍ എത്ര നടിമാര്‍ക്കാണ് മാര്‍ക്കറ്റ് ഉള്ളത്. വളരെ ചുരുങ്ങിയ ഒന്നോ രണ്ടോ നടിമാര്‍ക്ക് മാത്രമെ മാര്‍ക്കറ്റ് ഉള്ളൂ.
അല്ലാത്ത നായകന്മാരുടെ കൂടെ നില്‍ക്കുമ്പോള്‍ ഉള്ള മാര്‍ക്കറ്റ് എന്നല്ലാതെ ഒറ്റക്ക് നില്‍ക്കുമ്പോള്‍ വളരെ കുറവാണ്. അങ്ങനെ നില്‍ക്കുമ്പോള്‍ വളരെ ചുരുങ്ങിയ ബഡ്ജറ്റിലുള്ള സിനിമകളാണ് ഉണ്ടാവുക.
സാലറി ചോദിക്കുന്ന കാര്യത്തിലായാലും എന്ത് കാര്യത്തിലായാലും ഇതിനൊക്കെ വലിയ പ്രാധാന്യമുണ്ട്. മലയാള സിനിമയുടെ അവസ്ഥയാണ് ഇതെല്ലാം,” സുരഭി ലക്ഷ്മി പറഞ്ഞു.
content highlight: actress surabhi lakshmi about malayalam cinema