വിഷ്ണു ഉണ്ണികൃഷ്ണനേയും സുരഭി ലക്ഷ്മിയേയും പ്രധാന കഥാപാത്രങ്ങളാക്കി കെ.ആര്‍ പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറി. ചിത്രത്തിന്റെ പോസ്റ്റര്‍ ഇറങ്ങിയ സമയം മുതല്‍ തന്നെ ചിത്രത്തിലെ സുരഭിയുടെ കഥാപാത്രം ചര്‍ച്ചയായിരുന്നു.
കത്തിയുമായി നില്‍ക്കുന്ന സുരഭിയായിരുന്നു പോസ്റ്ററില്‍. തന്റെ കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെയാണ് കുറിയിലേതെന്നും ആ കഥാപാത്രം തിരഞ്ഞെടുക്കാന്‍ തനിക്ക് പല കാരണങ്ങളും ഉണ്ടെന്നും പറയുകയാണ് സുരഭി ലക്ഷ്മി.
കുറി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഡൂള്‍ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം ചിത്രത്തെ കുറിച്ചും ഷൂട്ടിങ്ങിനെ കുറിച്ചുമൊക്കെ സംസാരിക്കുന്നത്. ബെറ്റ്‌സി എന്നാണ് കുറിയിലെ സുരഭിയുടെ കഥാപാത്രത്തിന്റെ പേര്. ആ പേര് കേട്ടപ്പോള്‍ തന്നെ തനിക്ക് ഒരു അതിശയം തോന്നിയിരുന്നെന്നാണ് താരം അഭിമുഖത്തില്‍ പറയുന്നത്. സിനിമയില്‍ അത്യാവശ്യം ഫൈറ്റും കാര്യങ്ങളുമൊക്കെ ചെയ്തിട്ടുണ്ടെന്നും സുരഭി അഭിമുഖത്തില്‍ പറഞ്ഞു.
നടിയെന്ന നിലയ്ക്ക് ഇന്ന് നമ്മള്‍ ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ ഒരു തിരക്കഥ വായിച്ചു നോക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പണ്ട് നമുക്ക് അത്തരത്തിലുള്ള കഥാപാത്രവും ഇല്ല ആരും നമുക്ക് അങ്ങനെ പറഞ്ഞു തരുകയുമില്ല. അസിസ്റ്റന്റ് ഡയരക്ടര്‍ ഒരു പേപ്പര്‍ തന്ന് അത് വിശദീകരിക്കുകയാണ് ചെയ്യുക. അവള്‍, അല്ലെങ്കില്‍ ഒരു സ്ത്രീ, പെണ്ണ് എന്നൊക്കെയാണ് പറയുക. ഒരു പേരൊന്നും ഇല്ല.
ബെറ്റ്‌സി എന്ന കഥാപാത്രത്തിന് ഈ സിനിമയില്‍ കാര്യമായി ചെയ്യാനുണ്ട് എന്ന് കഥ കേട്ടപ്പോള്‍ തന്നെ മനസിലായി. പിന്നെ ഫൈറ്റൊക്കെ ചെയ്യാനുണ്ട്. കയ്യൊക്കെ നിറയെ മുറിവായിരുന്നു. നല്ലൊരു കഥാപാത്രമാണ്. പിന്നെ വിഷ്ണുവിന്റെ കൂടെ നേരത്തെ സിനിമ ചെയ്തിട്ടില്ല.
വിഷ്ണുവിനെ കുറിച്ച് പറഞ്ഞാല്‍ അവന്‍ അങ്ങനെ ഒരു ഹേറ്റേഴ്‌സ് ഒന്നും ഉള്ള നടനല്ല. വിഷ്ണുവിനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. നല്ല കണ്ടന്റാണ് അവന്‍ സെലക്ട് ചെയ്യുന്നത്. എന്നാല്‍ ഭയങ്കര സ്റ്റാര്‍ എന്ന ലെവലില്‍ നില്‍ക്കുന്ന ആളുമല്ല.
പിന്നെ കോക്കേഴ്‌സ് എന്ന ബാനര്‍, വലിയ സിനിമയാണ് ഇതെന്ന് അവകാശപ്പെടുന്നില്ല. തെറ്റില്ലാത്ത സിനിമയാണ്. വലിയ സിനിമകള്‍ മാത്രമേ തിയേറ്ററില്‍ കാണൂ എന്ന് പ്രേക്ഷകര്‍ പറയരുത്. ഈ നറുക്കും കൂടി എടുക്കണം. ചിലപ്പോള്‍ ഭാഗ്യക്കുറി അടിച്ചാലോ, സുരഭി പറഞ്ഞു.
തമാശ കഥാപാത്രങ്ങള്‍ ചെയ്തിരുന്നവര്‍ അല്പം സീരിയസ് റോളുകളാണ് ഈ സിനിമയില്‍ ചെയ്തിരിക്കുന്നതെന്നും എന്നാല്‍ സെറ്റില്‍ എല്ലാവരും ഭയങ്കര തമാശയായിരുന്നെന്നും സുരഭി പറഞ്ഞു. ഉരുള്‍പൊട്ടലിന്റെ സമയത്താണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. ഹില്‍ ഏരിയ ആയിരുന്നു. ഡാം തുറന്നാലും കുഴപ്പമൊന്നും ഇല്ലെന്ന് അവിടെയുള്ള വീട്ടിലുള്ള ചേച്ചി പറയും. മുല്ലപ്പെരിയാര്‍ പൊട്ടിയാലും കുഴപ്പമൊന്നും ഇല്ലെന്നേ…പക്ഷേ ആ വെള്ളത്തിന് ഭയങ്കര തണുപ്പാ.. എന്നായിരുന്നു ചേച്ചിയുടെ കമന്റ്. അതായത് തണുത്തവെള്ളത്തില്‍ മുങ്ങിച്ചാവേണ്ടി വരുമെന്ന്. ഞങ്ങള്‍ ഇത് കേട്ട് അത്ഭുതപ്പെട്ട് ഇങ്ങനെ ഇരിക്കുകയായിരുന്നു. ആ സമയത്ത് കുറച്ച് പ്രശ്‌നമായിരുന്നു. ഷൂട്ട് ഒരു ദിവസം നിര്‍ത്തിവെച്ചിരുന്നു, സുരഭി പറഞ്ഞു.
വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് കുറി. ഫാമിലി സസ്‌പെന്‍സ് ത്രില്ലര്‍ ആണ് ചിത്രമെന്നാണ് സൂചന. ചിത്രം ജൂലൈ എട്ടിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.
കോക്കേഴ്‌സ് മീഡിയ എന്റര്‍ടേയ്ന്‍മെന്റസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കെ.ആര്‍ പ്രവീണാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
Content Highlight: Actress Surabhi Lakshmi about Kuri movie and the making