| Friday, 30th August 2024, 11:05 am

മലയാളത്തില്‍ നിന്നുണ്ടായത് മോശം അനുഭവം; മമ്മൂട്ടിയും മോഹന്‍ലാലും തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കണം: സുപര്‍ണ ആനന്ദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്നത് മോശം അനുഭവമെന്ന് നടി സുപര്‍ണ ആനന്ദ്. സിനിമ ഉപേക്ഷിക്കാന്‍ വരെ കാരണമായത് അതാണെന്നാണ് നടി പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ച മുകേഷ്, എം.എല്‍.എ സ്ഥാനം ഒഴിയണമെന്നും തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആര്‍ജ്ജവം മമ്മൂട്ടിക്കും മോഹന്‍ലാലിനും ഉണ്ടാകണമെന്നും സുപര്‍ണ ആനന്ദ് പറഞ്ഞു.

പല മോശം അനുഭവങ്ങളും എനിക്ക് മലയാള സിനിമയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. കയ്‌പേറിയ അനുഭവങ്ങള്‍ എന്ന് തന്നെ പറയാം. പലതരത്തിലുള്ള സമ്മര്‍ദങ്ങളാണ് ഉണ്ടായിട്ടുള്ളത്. അത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് നിന്നുകൊടുക്കാനാകാത്തതുകൊണ്ട് തന്നെയാണ് എനിക്ക് സിനിമ വിടേണ്ടി വന്നതും, സുപര്‍ണ ആനന്ദ് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും നടന്മാര്‍ക്കെതിരെ വരുന്ന ആരോപണങ്ങളിലും മമ്മൂട്ടിയുടെയും, മോഹന്‍ ലാലിന്റെയും മൗനം എന്നെ അമ്പരിപ്പിക്കുന്നു. തങ്ങള്‍ പൂര്‍ണ പരാജയമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് അമ്മ ഭരണസമിതിക്ക് രാജി വയ്‌ക്കേണ്ടി വന്നതെന്നും സുപര്‍ണ്ണ പറഞ്ഞു.

തങ്ങളെ ഉപദ്രവിച്ചവരുടെ പേര് പുറത്ത് പറയാന്‍ നടിമാര്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. എന്നാല്‍ കേസെടുത്തിട്ട് പോലും എം.എല്‍.എ സ്ഥാനത്ത് തുടരുന്ന മുകേഷിന്റെ നടപടി പരിഹാസ്യമാണ്. മുകേഷ് എത്രയും വേഗം പദവി ഒഴിയണം. കാസ്റ്റിംഗ് കൗച്ചടക്കമുള്ള പ്രവണതകള്‍ അന്നേ സിനിമയിലുണ്ടെന്നും പലതും നേരിടേണ്ടി വന്നിട്ടുണ്ടെന്നും സുപര്‍ണ്ണ പറഞ്ഞു.

എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായിരിക്കണം അമ്മയുടെ പുതിയ ഭരണ സമിതി. സ്ത്രീകളും പ്രധാന സ്ഥാനങ്ങളിലുണ്ടാകണം, സുപര്‍ണ പറഞ്ഞു.

ഞാന്‍ ഗന്ധര്‍വ്വന്‍,വൈശാലി, തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സുപര്‍ണ മലയാള പ്രേക്ഷകരുടെ പ്രിയ നടിയായി മാറുന്നത്. വെറും നാല് സിനിമകളില്‍ അഭിനയിച്ച ശേഷം പെട്ടെന്നാണ് അവര്‍ സിനിമ വിട്ടത്.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയില്‍ നിന്ന് തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് നിരവധി നടിമാര്‍ രംഗത്തെത്തിയിരുന്നു.

അവസരങ്ങള്‍ കിട്ടണമെങ്കില്‍ അഡ്ജസ്റ്റുമെന്റുകള്‍ക്ക് തയ്യാറാകണമെന്ന അവസ്ഥയായിരുന്നെന്നും പല രീതിയിലും നടന്മാര്‍ ചൂഷണം ചെയ്‌തെന്നും നടിമാര്‍ തുറന്നുപറഞ്ഞിരുന്നു. ഇക്കാരണം കൊണ്ട് തന്നെ സിനിമ വിട്ടവരും നിരവധിയായിരുന്നു.

We use cookies to give you the best possible experience. Learn more