| Sunday, 8th September 2024, 3:59 pm

അന്ന് ഞാൻ മലയാളിയല്ലെന്ന് എത്ര പറഞ്ഞിട്ടും ആ നടൻ വിശ്വസിച്ചില്ല: സുകന്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമകളിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച നടിയാണ് സുകന്യ. അഭിനയത്തിന് പുറമേ നർത്തകി കൂടിയായ സുകന്യ മലയാളത്തിലും നിരവധി ഹിറ്റ്‌ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

മമ്മൂട്ടിയോടൊപ്പം സാഗരം സാക്ഷി, മോഹൻലാലിനൊപ്പം ചന്ദ്രലേഖ, ജയറാമിന്റെ നായികയായി തൂവൽ കൊട്ടാരം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങൾ സുകന്യ അവതരിപ്പിച്ചിരുന്നു.

താൻ മലയാള സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് സുകന്യ. കലാക്ഷേത്രത്തിൽ പഠിക്കുന്ന സമയത്ത് ഒരുപാട് മലയാളി സുഹൃത്തുക്കൾ ഉണ്ടായിരുന്നുവെന്നും ഐ.വി ശശിയാണ് തന്നെ മലയാളത്തിലേക്ക് ക്ഷണിച്ചതെന്നും സുകന്യ പറയുന്നു.

ആദ്യ സീൻ അഭിനയിച്ച ശേഷം താൻ മലയാളിയാണോയെന്ന് നടൻ നെടുമുടി വേണു ചോദിച്ചിരുന്നുവെന്നും സുകന്യ പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു സുകന്യ.

‘കലാക്ഷേത്രയിൽ ഒരുപാട് മലയാളം ടീച്ചർമാരും സുഹൃത്തുക്കളും ഉണ്ടായിരുന്നു. മലയാളം സംസാരിക്കാറില്ലെങ്കിലും, കേൾക്കുമ്പോൾ കുറച്ചെല്ലാം മനസിലാക്കാൻ പറ്റി. ശശിയേട്ടനാണ് മലയാളത്തിലേക്ക് ക്ഷണിക്കുന്നത്, ക്യാമറയ്ക്ക് മുന്നിലെ ആദ്യരംഗത്തിൽ ഡയലോഗ് പറഞ്ഞു കഴിഞ്ഞപ്പോൾ നെടുമുടി വേണുച്ചേട്ടൻ അടുത്തേക്ക് വിളിച്ച് മലയാളിയല്ലേയെന്ന് ചോദിച്ചു.

അല്ലെന്ന് എത്ര പറഞ്ഞിട്ടും അദ്ദേഹം വിശ്വസിച്ചില്ല. പിന്നെയും ഇടക്കിടെ, സത്യം പറയൂ, മലയാളിയല്ലേയെന്ന് ചോദിച്ചുകൊണ്ടിരുന്നു. കഥാപാത്രത്തിന്റെ മാനസികവ്യാപാരങ്ങൾ മനസിലാക്കി അഭിനയിക്കുമ്പോൾ, ഭാഷ പ്രശ്‌നമായില്ല.

അർത്ഥമറിഞ്ഞാണ് ഡയലോഗുകൾ അവതരിപ്പിച്ചത്. മലയാളസിനിമയിൽ സജീവമായതോടെ ഭാഷ കൂടുതലായി പഠിച്ചു. കേട്ടും സംസാരിച്ചുമാണ് മലയാളം പഠിച്ചെടുത്തത്. തെലുങ്ക് ഭാഷയും സിനിമയ്ക്കായി പഠിച്ചെടുക്കുകയായിരുന്നു.

രണ്ടാമത്തെ തെലുങ്ക് സിനിമയ്ക്കുതന്നെ സ്വന്തമായി ഡബ്ബ് ചെയ്‌തു. രാവിലെ പത്തരയ്ക്ക് തുടങ്ങിയ ഡബ്ബിങ് മുന്നരയോടെ പൂർത്തിയാക്കിയപ്പോൾ ഒപ്പമുള്ളവർ അന്ന് അതിശയപ്പെട്ടു,’സുകന്യ പറയുന്നു.

Content Highlight: Actress Sukanya Talk About Nedumudi Venu

We use cookies to give you the best possible experience. Learn more