ആ മോഹൻലാൽ ചിത്രത്തിൽ മുഴുവൻ തമാശയാണ്, പക്ഷെ എനിക്ക് ചിരിക്കാൻ കഴിയില്ലായിരുന്നു: സുകന്യ
Entertainment
ആ മോഹൻലാൽ ചിത്രത്തിൽ മുഴുവൻ തമാശയാണ്, പക്ഷെ എനിക്ക് ചിരിക്കാൻ കഴിയില്ലായിരുന്നു: സുകന്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th September 2024, 10:20 pm

തമിഴ് സിനിമകളിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച നടിയാണ് സുകന്യ. അഭിനയത്തിന് പുറമേ നർത്തകി കൂടിയായ സുകന്യ മലയാളത്തിലും നിരവധി ഹിറ്റ്‌ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

മമ്മൂട്ടിയോടൊപ്പം സാഗരം സാക്ഷി, മോഹൻലാലിനൊപ്പം ചന്ദ്രലേഖ, ജയറാമിന്റെ നായികയായി തൂവൽ കൊട്ടാരം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങൾ സുകന്യ അവതരിപ്പിച്ചിരുന്നു.

ഇവയിൽ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ചന്ദ്രലേഖ. ചിത്രത്തിൽ ചന്ദ്ര എന്ന കഥാപാത്രത്തെയായിരുന്നു സുകന്യ അവതരിപ്പിച്ചത്. ഒരു അപകടം പറ്റി ഭൂരിഭാഗം സമയവും ബെഡിൽ കിടക്കുന്ന കഥാപാത്രമായിരുന്നു ചന്ദ്ര.

ചിത്രത്തിന്റെ ഷൂട്ടിങ് ദിനങ്ങൾ ഇന്നും ഓർമയുണ്ടെന്നും കളിയും ചിരിയും നിറഞ്ഞ ലൊക്കേഷനിൽ ചിരി അടക്കി പിടിച്ച് കിടക്കാൻ താൻ ഏറെ പ്രയാസപ്പെട്ടെന്നും സിനിമയിൽ നിന്ന് ഒഴിവാക്കിയ നല്ലൊരു പാട്ടുണ്ടായിരുന്നുവെന്നും സുകന്യ പറയുന്നു. മോഹൻലാലിന്റെ അഭിനയത്തെ കുറിച്ചും സുകന്യ കൂട്ടിച്ചേർത്തു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനിൽ പി. പ്രജിത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുകന്യ.

‘കളിയും ചിരിയും ഫുൾടൈം തമാശയുമായാണ് ചന്ദ്രലേഖയുടെ ചിത്രീകരണം മുന്നോട്ടുപോയത്. കിടപ്പിലായ കഥാപാത്രമായി അഭിനയിച്ച ദിവസങ്ങൾ ഇന്നും മനസിലുണ്ട്. ഞാൻ മാത്രം കട്ടിലിൽ അനങ്ങാതെ, ഇമയനക്കം പോലുമില്ലാതെ കിടക്കും.

മറ്റുള്ളവരെല്ലാം ചുറ്റും കൂടിനിന്ന് ഒന്നിനുപിറകേ ഒന്നായി ചിരിക്കുള്ള വകകൾ തന്നുകൊണ്ടിരിക്കും. ചിരിയടക്കിക്കിടക്കാൻ ഞാനേറെ പാടുപെട്ടു. ലാലേട്ടൻ, ഇന്നസെൻ്റേട്ടൻ, പപ്പുച്ചേട്ടൻ, വേണുച്ചേട്ടൻ വലിയൊരു കൂട്ടം തന്നെ എനിക്കുചുറ്റും നിറഞ്ഞുനിന്നു.

ചന്ദ്രലേഖയെക്കുറിച്ചുള്ള മറ്റൊരോർമ, മനോഹരമായൊരു ഗാനത്തെക്കുറിച്ചാണ്. എന്നാൽ എഡിറ്റിങ് ടേബിളിൽ അത് വെട്ടിമാറ്റപ്പെട്ടു. എനിക്കേറെ ഇഷ്ടപ്പെട്ട ഒരുപാട് രംഗങ്ങൾ അതിലുണ്ടായിരുന്നു. ലാലേട്ടനൊപ്പം രക്തസാക്ഷികൾ സിന്ദാബാദിലും ഉടയോനിലും അഭിനയിച്ചു. ഷോട്ട് തുടങ്ങും വരെ ലാലേട്ടൻ സംസാരിച്ചുകൊണ്ടിരിക്കും. ടേക്ക് വരുമ്പോൾ ആളാകെ മാറും,’സുകന്യ പറയുന്നു.

 

Content Highlight: Actress Sukanya Shares Location Memories Of  Chandralekha Movie