കൊച്ചി: കുറഞ്ഞ സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളി സിനിമാ പ്രേമികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് സുജ കാര്‍ത്തിക. 2002 ല്‍ ജയറാം-പ്രഭു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന സിനിമയിലൂടെയാണ് സുജ അഭിനയരംഗത്തേക്കെത്തിയത്.
പിന്നീട് 15 ഓളം സിനിമകളിലഭിനയിച്ച സുജ വിവാഹശേഷം അഭിനയരംഗത്ത് നിന്ന് മാറിനില്‍ക്കുകയാണ്.
2006 ല്‍ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയില്‍ ശ്രദ്ധേയ വേഷമായിരുന്നു സുജയുടേത്. ഇപ്പോഴിതാ സിനിമയിലെ കേന്ദ്രകഥാപാത്രമായ സലിം കുമാറിനെക്കുറിച്ച് പറയുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സുജ കാര്‍ത്തിക.
‘സലീമേട്ടന്റെ കൂടെ മുന്‍പ് കോമഡി വേഷങ്ങളാണ് ചെയ്തിരുന്നത്. എന്നാല്‍ അച്ഛനുറങ്ങാത്ത വീട്ടില്‍ വന്നപ്പോളാണ് ആളുടെ വേറൊരു സൈഡ് കണ്ട്. അത് ഭയങ്കര ഇമോഷണല്‍ ജേര്‍ണിയായിരുന്നു,’ സുജ പറയുന്നു.
സൂര്യനെല്ലി പെണ്‍വാണിഭക്കേസിനെ ആസ്പദമാക്കി നിര്‍മിച്ച ചിത്രത്തില്‍ പൃഥ്വിരാജ്, മുരളി, മധു വാര്യര്‍, ഹരിശ്രീ അശോകന്‍, രാജന്‍ പി. ദേവ്, സംവൃതാ സുനില്‍, മുക്ത ജോര്‍ജ്ജ്, ഉഷ, ചേര്‍ത്തല ലളിത തുടങ്ങിയവരും അഭിനയിച്ചിരുന്നു.