സംവിധായകന്‍ മണിരത്‌നവുമായുള്ള വിവാഹ ശേഷം നേരിട്ട വിവേചനപരമായ അനുഭവത്തെ പറ്റി പറയുകയാണ് നടി സുഹാസിനി. വിവാഹം കഴിഞ്ഞ സമയത്ത് മണിരത്‌നത്തിന്റെ സുഹൃത്ത് വീട്ടിലേക്ക് ക്ഷണിക്കുകയും ആണുങ്ങള്‍ ഭക്ഷണം കഴിച്ചതിന് ശേഷം അടുക്കളയിലിരുന്ന് ഭക്ഷണം കഴിക്കേണ്ടി വന്നുവെന്നുമാണ് സുഹാസിനി പറഞ്ഞത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമയുടെ തമിഴ് റിമേക്കിന്റെ പ്രൊമോഷന്‍ പരിപാടിയിലാണ് സുഹാസിനി അനുഭവം പങ്കുവെച്ചത്.
‘കല്യാണം കഴിഞ്ഞ സമയത്ത് ഭര്‍ത്താവിനെക്കാള്‍ സക്‌സസ്ഫുള്ളായിരുന്നു ഞാന്‍. അപ്പോള്‍ അദ്ദേഹത്തിന്റെ ബങ്ക് അക്കൗണ്ടില്‍ 15000 രൂപയായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹം ഉയര്‍ന്നുവന്നുകൊണ്ടിരുന്ന സംവിധായകന്‍ ആയിരുന്നു. നായകനും അഗ്നിനച്ചത്തിരവും റിലീസ് ചെയ്തു. അഞ്ചാറ് സിനിമയായിരുന്നു മണി അന്ന് സംവിധാനം ചെയ്തിരുന്നത്. ഞാന്‍ അപ്പോഴേക്കും ഒരു 90 പടത്തിലെങ്കിലും അഭിനയിച്ചുകാണും. ഞങ്ങളുടേത് അറേഞ്ച്ഡ് മാര്യേജായിരുന്നു.
കല്യാണം കഴിച്ച സമയത്ത് മണിയുടെ സുഹൃത്ത് ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു. വളരെ പ്രൊഫഷണലായ ആളുകളായിരുന്നു ആ ഭാര്യയും ഭര്‍ത്താവും. വലിയ വീടായിരുന്നു അവരുടേത്. ഡൈനിങ് റൂമിനൊപ്പം തന്നെ അടുക്കളയോട് ചേര്‍ന്നും ഒരു ഡൈനിങ് ടേബിള്‍ ഉണ്ടായിരുന്നു. അവിടുത്തെ സ്ത്രീയോട് ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ അമ്മായിയമ്മയും ഒപ്പം ഉണ്ടായിരുന്നു. ഭക്ഷണം ഡൈനിങ് ടേബിളില്‍ കൊണ്ടുവെച്ചപ്പോള്‍ ഞാന്‍ എഴുന്നേറ്റു. അപ്പോള്‍ അവര്‍ എന്നോട് അവിടെ ഇരിക്കാന്‍ പറഞ്ഞു. എല്ലാവര്‍ക്കും ഭക്ഷണം കഴിക്കാം. എന്നാല്‍ പുതുതായി കല്യാണം കഴിഞ്ഞ പെണ്ണിന് കഴിക്കാന്‍ പറ്റില്ല, ഷോക്കായിപ്പോയി.
ഞാന്‍ ഒരു ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്നവളാണ്. ഞങ്ങള്‍ മൂന്ന് പെണ്‍മക്കളായിരുന്നു. എന്റെ അമ്മ അങ്ങനെ ഒരു വ്യത്യാസത്തിലല്ല ഞങ്ങളെ വളര്‍ത്തിയത്. എന്നാല്‍ ഇവിടെ പെണ്ണുങ്ങള്‍ കഴിക്കുന്നതിന് മുമ്പേ ആണുങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ കൊടുക്കണം, ഏതോ സിനിമ കാണുന്നത് പോലെയാണ് എനിക്ക് തോന്നിയത്.
ആണുങ്ങള്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോള്‍ നമുക്ക് ഇവിടെ ഇരുന്ന് കഴിക്കാമല്ലേ എന്നാണ് അവര്‍ എന്നോട് പറഞ്ഞത്. എന്നെക്കാളും ബുദ്ധിശാലികളായ, പണക്കാരായ, ജീവിതത്തില്‍ ഒരുപാട് മുന്നേറിയ ആ സ്ത്രീകളും ഞാനും അടുക്കളയിലെ ഡൈനിങ് ടേബിളില്‍ ഇരുന്ന് കഴിച്ചു. നമ്മളെത്ര മാറിയിട്ടും കാലം മാറുന്നില്ലല്ലോ എന്നാണ് അപ്പോള്‍ ചിന്തിച്ചത്,’ സുഹാസിനി പറഞ്ഞു.
Content Highlight: Actress Suhasini talks about the discrimination she faced after marriage