| Monday, 29th July 2019, 12:34 pm

ആള്‍ക്കൂട്ട ആക്രമണം: നരേന്ദ്ര മോദിക്കയച്ച കത്തില്‍ മണി രത്‌നം ഒപ്പിട്ടിട്ടില്ലെന്ന് സംഘപരിവാര്‍ പ്രചരണം; കെ.വി.എസ് ഹരിദാസ് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് സുഹാസിനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആള്‍ക്കൂട്ട ആക്രമണത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 49 സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ അയച്ച കത്തില്‍ സംവിധായകന്‍ മണി രത്നം ഒപ്പിട്ടിട്ടില്ലെന്ന സംഘപരിവാറിന്റെ പ്രചാരണം തെറ്റെന്ന് നടിയും മണി രത്‌നത്തിന്റെ ഭാര്യയുമായ സുഹാസിനി.

കത്തില്‍ മണിരത്നം ഒപ്പിട്ടിട്ടില്ല എന്ന വാര്‍ത്ത പങ്കുവച്ച ജന്മഭൂമി മുന്‍ എഡിറ്റര്‍ കെ.വി.എസ് ഹരിദാസിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു സുഹാസിനി.

മണിരത്നം എഫ്.സി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ഒപ്പിട്ടിട്ടില്ല എന്ന തരത്തിലുള്ള ട്വീറ്റ് വന്നിരിക്കുന്നത്. ആ ട്വീറ്റുമായി സംവിധായകന്‍ മണിരത്നത്തിന് യാതൊരു ബന്ധവുമില്ലെന്ന് സുഹാസിനി പറഞ്ഞു. ഹരിദാസ് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും സുഹാസിനി പറഞ്ഞു.

മണി രത്നം എഫ്.സി. എന്ന അക്കൗണ്ടുമായി മണി രത്നത്തിന് യാതൊരു ബന്ധവുമില്ലെന്നും ദയവായി ആ ട്വീറ്റ് മണി രത്നം എഫ്.സി ഡിലീറ്റ് ചെയ്യണമെന്നും സുഹാസിനി പറഞ്ഞു.

സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങളായ സ്വരാജ്യ, ജന്മഭൂമി, ഒ.പി ഇന്ത്യ എന്നീ മാധ്യമങ്ങള്‍ മാത്രമാണ് ഈ വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, സ്വരാജ്യ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത റീ ട്വീറ്റ് ചെയ്യുകയാണ് താന്‍ ചെയ്തതെന്ന് ഹരിദാസ് പറഞ്ഞു. ‘ഞങ്ങള്‍ക്കറിയാം നിങ്ങള്‍ സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതാണെന്ന്. അതുകൊണ്ട് കത്തില്‍ മണിരത്‌നം ഒപ്പിട്ടിട്ടുണ്ട് എന്നറിഞ്ഞപ്പോള്‍ ദുഖം തോന്നി.’ ഹരിദാസ് ട്വീറ്റ് ചെയ്തു.

മണി രത്നത്തിനു പുറമേ അടൂര്‍ ഗോപാലകൃഷ്ണന്‍, അനുരാഗ് കശ്യപ്, അപര്‍ണ സെന്‍, കൊങ്കണ സെന്‍ ശര്‍മ്മ, സൗമിത്ര ചാറ്റര്‍ജി, രേവതി, ശ്യാം ബെനഗല്‍, റിദ്ധി സെന്‍, ബിനായക് സെന്‍ തുടങ്ങിയവരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ജയ് ശ്രീ റാം ഇപ്പോള്‍ യുദ്ധത്തിനുള്ള മുറവിളിയായി മാറിയിരിക്കുകയാണെന്നും അതില്‍ വേദനയുണ്ടെന്നും കത്തില്‍ ഇവര്‍ പറയുന്നു.

‘ഭൂരിപക്ഷ സമുദായം പരിപാവനമായി കാണുന്ന ഒരു പേരാണ് രാം എന്നത്. രാമന്റെ പേര് കളങ്കപ്പെടുത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം’ എന്നാണ് കത്തില്‍ ഇവര്‍ ആവശ്യപ്പെടുന്നത്.

‘മുസ്ലീങ്ങള്‍, ദളിതര്‍, മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ എന്നിവര്‍ക്കെതിരായ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ എത്രയും പെട്ടെന്ന് ഇല്ലാതാക്കണം. 2016ല്‍ ദളിതര്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് 840ലേറെ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തതെന്നും അതില്‍ ശിക്ഷിക്കപ്പെട്ടവരുടെ ശതമാനത്തില്‍ വന്‍ ഇടിവുണ്ടെന്നുമുള്ള ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ കണ്ട് ഞങ്ങള്‍ ഞെട്ടിയിരിക്കുകയാണ്.’ കത്തില്‍ പറയുന്നു.

കത്തില്‍ ഒപ്പുവച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ജയ് ശ്രീ റാം വിളി കേള്‍ക്കേണ്ടെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി ചന്ദ്രനിലേക്ക് പോകട്ടെ എന്നായിരുന്നു ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

അടൂരിനെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി അടൂരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more