| Tuesday, 13th April 2021, 3:23 pm

ഇന്ത്യന്‍ സിനിമയിലെ ആദ്യ ബയോപിക് എന്നെ കുറിച്ചാണ്; പക്ഷെ ആരും അതേ കുറിച്ച് പറയാത്തത് വേദനിപ്പിക്കുന്നുവെന്ന് സുധ ചന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ ആദ്യ ബയോപിക് തന്നെ കുറിച്ചുള്ള ചിത്രമായ മയൂരിയാണെന്നും എന്നാല്‍ ബയോപിക്കുകള്‍ പറയുമ്പോള്‍ ആരും ആ സിനിമയെ കുറിച്ച് സംസാരിക്കാറില്ലെന്നും നടിയും അവതാരികയുമായ സുധ ചന്ദ്രന്‍. ഇതില്‍ ഏറെ വേദനയുണ്ടെന്നും സുധ ചന്ദ്രന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘തുടക്കത്തില്‍ എനിക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. കാരണം ഞാന്‍ അഭിനയിച്ച ആദ്യ ചിത്രം, എന്റെ തന്നെ ബയോപിക്കായ മയൂരി ആയിരുന്നു.

ഇപ്പോള്‍ മാധ്യമങ്ങളും പ്രേക്ഷകരുമെല്ലാം ബയോപിക്കുകളെ കുറിച്ച് ഒരുപാട് സംസാരിക്കുന്നുണ്ട്. പക്ഷെ ഇന്ത്യന്‍ സിനിമയിലെ ആദ്യ ബയോപിക്കായ മയൂരിയെ കുറിച്ച് ആരും സംസാരിക്കുന്നില്ല. അത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.

മാത്രമല്ല, എത്രയോ ബയോപിക്കുകള്‍ വന്നെങ്കിലും ആരും താനായി തന്നെ ഈ ചിത്രങ്ങളിലൊന്നും അഭിനയച്ചിട്ടില്ല. ഇതേ കുറിച്ചൊന്നും ആരും സംസാരിക്കാത്തത് വലിയ വിഷമമാണ്. ബയോപിക് എന്ന ട്രെന്റ് ആരംഭിച്ചത് തന്നെ എന്റെ ആ സിനിമയുടെ പ്രൊഡ്യൂസറായിരുന്നു.

ഈ സിനിമയ്ക്ക് ശേഷം പിന്നീട് ഞാന്‍ അഭിനയിച്ച പല ചിത്രങ്ങളും പരാജയപ്പെട്ടു. ഇതോടെയാണ് ശരിക്കും കഷ്ടപ്പാട് ആരംഭിച്ചത്. ഞാന്‍ സിനിമാമേഖലയ്ക്ക് പറ്റിയ ആളല്ലെന്ന് കുറേ പേര്‍ പറഞ്ഞു.

എന്നെ കുറിച്ച് സിനിമ വന്നതുകൊണ്ട് ഞാന്‍ സിനിമയ്ക്ക് പറ്റിയ ആളാകണമെന്നില്ലെന്ന് മറ്റു ചിലര്‍ പറഞ്ഞു. ബുദ്ധിയുള്ളയാളല്ലേ, സിനിമ ഉപേക്ഷിച്ച് ഐ.എ.എസിനോ ഐ.എഫ്.എസിനോ പോകാന്‍ പറഞ്ഞു.

പക്ഷെ ആരു പറഞ്ഞാലും കേള്‍ക്കില്ല എന്ന ദൈവാനുഗ്രഹം ഉള്ളതുകൊണ്ട് ഞാന്‍ ഇതിനൊന്നും ചെവി കൊടുത്തില്ല. എനിക്ക് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ മാതാപിതാക്കളോടും ഭര്‍ത്താവിനോടും മാത്രമേ ചര്‍ച്ച ചെയ്യാറുള്ളു. അവരെടുക്കുന്ന തീരുമാനങ്ങള്‍ ഒരിക്കലും തെറ്റിപ്പോകില്ലെന്ന് എനിക്കുറപ്പുണ്ട്,’ സുധ ചന്ദ്രന്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Actress Sudha Chandran about her own bipoic Mayuri and how it is forgotten by many

We use cookies to give you the best possible experience. Learn more