| Friday, 2nd February 2024, 1:45 pm

വാലിബനില്‍ നിന്ന് എന്നെ പറഞ്ഞുവിടില്ലെന്ന ധൈര്യത്തിന്റെ പുറത്ത് ചെയ്തതാണ്; പറഞ്ഞേ പറ്റൂവെന്ന അവസ്ഥയായിരുന്നു: സുചിത്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ചിരിക്കുകയാണ് നടിയും അവതാരകയുമായ സുചിത്ര. മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലുമൊത്തുള്ള രംഗത്തിലാണ് സുചിത്ര എത്തുന്നത്.

ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന് നല്‍കിയ കോസ്റ്റ്യൂമിനെ കുറിച്ചും പിന്നീട് താന്‍ തന്നെ ആവശ്യപ്പെട്ടതുപ്രകാരം അത് മാറ്റി നല്‍കിയതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സുചിത്ര. കോസ്റ്റ്യും ടെസ്റ്റിന്റെ സമയത്തുണ്ടായിരുന്ന വസ്ത്രമായിരുന്നില്ല ഷൂട്ടിന് ചെന്നപ്പോള്‍ തന്നതെന്നും ആ വസ്ത്രം കണ്ട് വല്ലാത്തൊരു അവസ്ഥയിലായിപ്പോയെന്നും സുചിത്ര പറയുന്നുണ്ട്. താന്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന കാര്യം ടിനു പാപ്പച്ചന്‍ വഴി ലിജോയെ അറിയിച്ചപ്പോള്‍ അതിന് അദ്ദേഹം നല്‍കിയ മറുപടി തന്നെ അമ്പരിപ്പിച്ചെന്നും സുചിത്ര പറയുന്നുണ്ട്.

‘വാലിബനില്‍ എന്നോട് പറഞ്ഞ കോസ്റ്റ്യൂം ആയിരുന്നില്ല ഷൂട്ടിന് ചെന്നപ്പോള്‍ തന്നത്. ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ മാത്രമാണ് കോസ്റ്റ്യൂം ഈ രീതിയില്‍ ആണെന്ന് ഞാന്‍ അറിഞ്ഞത്. എന്നോട് ആദ്യം പറഞ്ഞത് വേറൊരു ടൈപ്പുള്ള വസ്ത്രമായിരുന്നു. എന്നാല്‍ ഈ കോസ്റ്റ്യൂം കണ്ട് ഞാന്‍ ഞെട്ടി. എല്ലാ ഭാഗവും വിസിബിള്‍ ആകുന്ന തരത്തിലുള്ളതായിരുന്നു അത്. ഏതാണ്ട് സൊനാലിയുടെ കോസ്റ്റ്യൂമിന് സമാനമായിരുന്നു.

കോസ്റ്റ്യൂം ചെയ്യുന്നവര്‍ എനിക്ക് ഈ വസ്ത്രം കൊണ്ടു തന്നു. ഞാന്‍ അത് ഇട്ടു നോക്കി. ‘ചേട്ടാ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല, എനിക്ക് ടെന്‍ഷനാകുന്നു, എനിക്ക് ഇത് ഇടാന്‍ പറ്റില്ല എന്ന് പറഞ്ഞു’. ‘അയ്യോ എന്താ ചെയ്യുക, സാര്‍ ഈ കോസ്റ്റ്യൂം ആണെന്നാണ് പറഞ്ഞത്. നിങ്ങള്‍ അവരോട് കാര്യം പറയൂ’ എന്ന് പറഞ്ഞു.

അസോസിയേറ്റിനോട് പറയൂ അദ്ദേഹം ലിജോ സാറിനോട് പറയുമെന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ ആദ്യമായിട്ടാണ് ടിനു ചേട്ടനോട് സംസാരിക്കുന്നത്. പുള്ളി അവിടെ നില്‍ക്കുന്നത് കണ്ടപ്പോള്‍ ചേട്ടാ എനിക്കൊന്ന് സംസാരിക്കണമെന്ന് പറഞ്ഞു. എന്തുപറ്റിയെന്ന് ചോദിച്ചു. ഞാന്‍ കോസ്റ്റ്യൂമിന്റെ കാര്യത്തില്‍ അത്ര കംഫര്‍ട്ടബിള്‍ അല്ല, എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ അതൊന്നു മാറ്റിത്തരാമോ എന്ന് ചോദിച്ചു.

കോസ്റ്റ്യൂം ഇങ്ങനെയാണെന്ന് നേരത്തേ പറഞ്ഞിട്ടില്ലായിരുന്നോ എന്ന് ചോദിച്ചു. കോസ്റ്റ്യൂം റിഹേഴ്‌സല്‍ നടത്തിയപ്പോള്‍ ഇതായിരുന്നില്ല വസ്ത്രമെന്നും വേറെ രീതിയിലുള്ള വസ്ത്രമാണെന്നാണ് പറഞ്ഞതെന്നും അതിന് വേണ്ട അളവുകളും എടുത്തിരുന്നെന്നും പറഞ്ഞു. പക്ഷേ വന്നപ്പോള്‍ വേറെ ടൈപ്പായി. ഇതില്‍ ഞാന്‍ കംഫര്‍ട്ടല്ല എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു.

അങ്ങനെ അദ്ദേഹം ലിജോ സാറിന്റെ അടുത്ത് കാര്യം പറഞ്ഞു. ഇവിടെ ശരീരം കാണിക്കാന്‍ വേണ്ടി ആരും വസ്ത്രം ധരിക്കേണ്ടെന്നും
ആര്‍ടിസ്റ്റിന് കംഫര്‍ട്ടബിള്‍ അല്ലെങ്കില്‍ വസ്ത്രം മാറ്റാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ആര്‍ടിസ്റ്റിനെ കംഫര്‍ട്ടബിള്‍ ആക്കുക എന്നതാണ് അവര്‍ ആദ്യം ചെയ്യുന്നത്. എനിക്ക് അത്രയും അദ്ദേഹം ചെയ്തു തന്നു. കൈ കാണിക്കുന്ന വസ്ത്രം പോലും ഇടാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ ആ കഥാപാത്രത്തോട് ചെയ്യുന്ന തെറ്റാണ്.

പക്ഷേ ആദ്യത്തെ കോസ്റ്റ്യൂം ഞാന്‍ ഇട്ടിരുന്നെങ്കില്‍ എന്നെ വേറൊരു എക്‌സ്ട്രീമില്‍ പ്രേക്ഷകര്‍ എന്നെ കാണേണ്ടി വന്നേനെ. നിര്‍ബന്ധമായും പറഞ്ഞേ പറ്റൂ എന്ന് സാഹചര്യത്തിലാണ് ഞാന്‍ അത് പറഞ്ഞത്. എന്നെ പറഞ്ഞുവിടില്ലെന്ന ധൈര്യത്തിന്റെ പുറത്തും,’ സുചിത്ര പറഞ്ഞു.

Content Highlight: Actress Suchithra about valiban Movie and her Dressing Issues

We use cookies to give you the best possible experience. Learn more