കൊച്ചി: നടിയും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരള്‍ സംബന്ധമായ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ബുധനാഴ്ച രാവിലെ 9:35 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി ചികിത്സയിലായിരുന്നു.
മഞ്ഞപിത്തം വന്നതിനെ തുടര്‍ന്ന് രോഗം കരളിനെ ബാധിക്കുകയും കരള്‍ മാറ്റിവെക്കേണ്ട അവസ്ഥയിലേക്ക് എത്തുകയും ചെയ്തിരുന്നു. കരള്‍ മാറ്റിവെക്കുന്നതിനും സങ്കീര്‍ണതകള്‍ വന്നതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നീട്ടിവെക്കുകയായിരുന്നു. ഇതിനിടക്കാണ് മരണം സംഭവിച്ചത്. അടുത്തകാലത്തായി യൂട്യൂബിലും സജീവ സാന്നിധ്യമായിരുന്നു സുബി. കൊറോണ കാലത്തിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അടുപ്പക്കാര്‍ പറയുന്നത്.
20 വര്‍ഷം മുമ്പ് തന്നെ ടെലിവിഷനിലും സിനിമാ രംഗത്തും സജീവമായിരുന്ന സുബി ഹാസ്യം കൈകാര്യം ചെയ്തിരുന്ന അപൂര്‍വം നടിമാരില്‍ ഒരാളായിരുന്നു. സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമായിരുന്നു.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍ : എബി സുരേഷ്.
രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേ്ക്ക് കടക്കുന്നത്. ഗൃഹനാഥന്‍, കനക സിംഹാസനം, തസ്‌കര ലഹള, ഹാപ്പി ഹസ്ബന്റ്‌സ്, കാര്യസ്ഥന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.