21ാമത്തെ വയസില്‍ താന്‍ വീട് വിട്ടിറങ്ങിയെന്നും അന്നുമുതല്‍ സ്വതന്ത്രയായിട്ടാണ് ജിവിക്കുന്നതെന്നും നടി ശ്രുതി ഹാസന്‍. തന്റെ പിതാവ് കമല്‍ ഹാസന്‍ എന്ത് സഹായം വേണമെങ്കിലും തനിക്ക് വേണ്ടി ചെയ്ത് തരുമെന്നും എന്നാല്‍ ഇതുവരെയും അച്ഛനോട് സഹായം ചോദിച്ചിട്ടില്ലെന്നും താരം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എന്റെ 21ാമത്തെ വയസില്‍ ഞാന്‍ അച്ചന്റെ വീട്ടില്‍ നിന്നുമിറങ്ങി. അന്നുമുതല്‍ ഞാന്‍ ഒറ്റക്ക് തന്നെയാണ് താമസിക്കുന്നത്. എന്റെ സാമ്പത്തിക കാര്യങ്ങളൊക്കെ ആ പ്രായം മുതല്‍ ഞാന്‍ തന്നെയാണ് നോക്കുന്നത്. ഞാന്‍ ആരുടെയും സഹായം തേടിയിട്ടില്ല. അങ്ങനെ നോക്കുമ്പോള്‍ എല്ലാവരെയും പോലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. എനിക്ക് എന്തെങ്കിലും സഹായം വേണമെങ്കില്‍ അവിടെ അച്ഛനുണ്ടായിരിക്കും. എന്നാല്‍ ഞാന്‍ ഒരിക്കലും അദ്ദേഹത്തോട് സഹായം ചോദിച്ചിട്ടില്ല,’ ശ്രുതി ഹാസന്‍ പറഞ്ഞു.
എന്തുകൊണ്ടാണ് സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ മതത്തിന്റെ കോളത്തില്‍ ഒന്നും രേഖപ്പെടുത്താത്തതെന്ന് അച്ഛനോട് ചോദിച്ചിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനും ശ്രുതി മറുപടി പറഞ്ഞു.
‘ഞാന്‍ ചെറുപ്പത്തില്‍ അതിനെ കുറിച്ച് അച്ഛനോട് ചോദിച്ചിട്ടുണ്ട്. അപ്പോള്‍ അച്ഛന്‍ പറഞ്ഞ മറുപടി നമ്മള്‍ ഇന്ത്യന്‍ ആണെന്നാണ്. മതം ഏതാണെന്ന് ചോദിച്ചാല്‍ ഇന്ത്യനെന്ന് പറഞ്ഞാല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാളാണ്. ചെറുപ്പത്തില്‍ അമാനുഷികമായ ചില കാര്യങ്ങളിലൊക്കെ ഞാന്‍ വിശ്വസിച്ചിരുന്നു.
കറുത്ത പൂച്ച കുറുകെ വന്നാല്‍ രണ്ടടി പുറകോട്ട് നടക്കുക പോലെയുള്ള വിഡ്ഢിത്തരങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. വിശ്വാസിയും അവിശ്വാസിയും ഒരേ കൂരക്കുള്ളില്‍ വരുന്നതിന്റെ ഉദാഹരണമാണ് ഞാനും അച്ഛനും. ഇക്കാര്യത്തില്‍ ഞങ്ങള്‍ തര്‍ക്കിക്കുന്നില്ല. ഞാന്‍ പൂര്‍ണമായി ഒരു ദൈവ വിശ്വാസി തന്നെയാണ്. അച്ഛന്‍ അങ്ങനെ അല്ലെങ്കിലും എനിക്ക് കുഴപ്പമില്ല. പക്ഷെ അതിന്റെയൊക്കെ പേരില്‍ ഞങ്ങളെന്തിന് വഴക്കിടണം.
അച്ഛന്‍ അച്ഛനായിട്ടിരിക്കുന്നു ഞാന്‍ ഞാനായിട്ടിരിക്കുന്നു. രണ്ടുപേര്‍ക്കുമിടയിലുള്ള സ്‌നേഹം എങ്ങനെയാണെന്ന് മാത്രം നമ്മള്‍ നോക്കിയാല്‍ മതിയല്ലോ,’ ശ്രുതി ഹാസന്‍ പറഞ്ഞു.
content highlight: actress sruthi hasan about her father kamal hasan