|

ശ്രീലത ആന്റിയുടെ എനര്‍ജി അടിപൊളിയാണ്; പഴയ കാര്യങ്ങള്‍ പറയും, പാട്ട് പാടും, മിമിക്രി ചെയ്യും; അയ്യോ എന്ത് രസമാണ്: ശ്രിന്ദ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി ക്യാരക്ടര്‍ റോളുകളിലൂടെ തിളങ്ങിയ താരമാണ് ശ്രിന്ദ. ഏത് തരത്തിലുള്ള കഥാപാത്രമായാലും ശ്രിന്ദയുടെ അഭിനയത്തിലൂടെ അത് ഏറെ മിഴിവുറ്റതാകാറുണ്ട്. കോമഡി വേഷങ്ങളിലും നടി കഴിവ് തെളിയിച്ചിട്ടുണ്ട്.

സിനിമയില്‍ നിന്നും തനിക്ക് ലഭിക്കുന്ന എക്‌സൈറ്റ്‌മെന്റിനെയും എക്‌സ്പീരിയന്‍സുകളെയും കുറിച്ച് മനസ് തുറക്കുകയാണ് ഇപ്പോള്‍ ശ്രിന്ദ. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

സിനിമയിലെത്തി 12 വര്‍ഷത്തിന് ശേഷവും സിനിമയോടുള്ള എക്‌സൈറ്റ്‌മെന്റ് എങ്ങനെ നിലനിര്‍ത്തുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശ്രിന്ദ. നടി ശ്രീലത നമ്പൂതിരിയോടൊപ്പമുള്ള സിനിമാഭിനയ അനുഭവങ്ങളും താരം പങ്കുവെക്കുന്നുണ്ട്.

”ഓരോ സിനിമയും പുതിയ പുതിയ കാര്യങ്ങളാണ്. ഒരു ഓഫീസ് വര്‍ക്ക് ചെയ്യുന്ന പോലെ ഒരേ കാര്യങ്ങളല്ല. ഓരോ സിനിമയിലും പുതിയ ആളുകള്‍ പുതിയ കഥ, പുതിയ കാര്യം ആ പുതുമയോടുള്ള ഇഷ്ടം തന്നെയാണ്.

ഇപ്പോള്‍ ഇരട്ട എന്ന സിനിമ ചെയ്യുന്നുണ്ട്, ജോജു ചേട്ടന്റെ കൂടെ. ജിബു ചേട്ടനും സുരേഷേട്ടനും ഒപ്പം ഒരു സിനിമയാണ് ചെയ്യാന്‍ പോകുന്നത്.

സിനിമകളില്‍ കണ്ട് മാത്രം പരിചയമുള്ള ആളുകളുടെ കൂടെ അഭിനയിക്കാനുള്ള, ആക്ടര്‍ എന്ന നിലക്ക് വര്‍ക്ക് ചെയ്യാനുള്ള അവസരം നമുക്ക് കിട്ടുന്നത് വലിയ ഭാഗ്യമാണ്.

12 എന്ന ഒരു സിനിമ ഞാന്‍ ചെയ്തിട്ടുണ്ടായിരുന്നു. അതില്‍ ശ്രീലത ആന്റി ഉണ്ട്. അവരുടെ എനര്‍ജി അടിപൊളിയാണ്. ആ സിനിമയില്‍ നിന്നുള്ള എന്റെ ടേക്ക് എവേ ശ്രീലത ആന്റിയാണ്.

ആള് പഴയ കാര്യങ്ങള്‍ പറഞ്ഞുതരും, പഴയ പാട്ടുകള്‍, മിമിക്രി ഒക്കെ ചെയ്യും. അയ്യോ, എന്ത് രസമാണ്. നമ്മളോടൊക്കെ കഥ പറയും, എന്ത് സ്‌നേഹമാണ്. അതൊക്കെ ഒരു എക്‌സ്പീരിയന്‍സ് ആണ്. വലിയ അനുഗ്രഹമാണ്.

പ്രേംനസീര്‍ സാറിന്റെ സമയത്തൊക്കെ ഉള്ള കാര്യങ്ങളും കഥകളും, ആ സമയത്തെ സിനിമ, അന്നത്തെ അവരുടെ എക്‌സ്പീരിയന്‍സ് ഒക്കെ കേള്‍ക്കുമ്പോള്‍ നമ്മള്‍ സിനിമയെപ്പറ്റി കൂടുതല്‍ അറിയുകയാണ്. അതൊക്കെ ഭയങ്കര സന്തോഷമാണ്,” ശ്രിന്ദ പറഞ്ഞു.

മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഭീഷ്മ പര്‍വ്വം ആണ് ശ്രിന്ദയുടെതായി അവസാനം റിലീസ് ചെയ്ത ചിത്രം.

Content Highlight: Actress Srinda about Sreelatha Namboothiri