| Saturday, 24th August 2024, 1:31 pm

നടി ശ്രീലേഖ മിത്ര ഇടതുപക്ഷക്കാരി; കഴിഞ്ഞ ബംഗാൾ ഇലക്ഷനിൽ സജീവ പ്രവർത്തക

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: താൻ ഇടതുപക്ഷക്കാരിയാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ആരോപണവുമായി മുന്നോട്ട് വന്ന ബംഗാളി നടി ശ്രീലേഖ മിത്ര. ബംഗാളിൽ താൻ സജീവ ഇടതുപക്ഷക്കാരിയാണെന്നും കേരള സർക്കാരിനെതിരെ താൻ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ശ്രീലേഖ മനോരമ ന്യൂസിനോട് പറഞ്ഞു.

സംവിധായകൻ രഞ്ജിത്തിനെ പിന്തുണച്ച് കൊണ്ട് കേരള സംസാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചതിന് മറുപടി പറയുകയായിരുന്നു ശ്രീലേഖ.

വ്യക്തിയും പാർട്ടിയും രണ്ടാണെന്നും വ്യക്തി തെറ്റുചെയ്‌താൽ പാർട്ടി നടപടിയെടുക്കണമെന്നും ശ്രീലേഖ പ്രതികരിച്ചു. പാർട്ടി വ്യക്തിയേക്കാൾ വലുതല്ലെന്നും പാർട്ടിയാണ് ഈ കാര്യത്തിൽ മാതൃക കാണിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

രഞ്ജിത്തിനെതിരെ ഉയർന്ന ആരോപണവും അതിനെതിരെയുള്ള രഞ്ജിത്തിന്റെ പ്രതികരണവും താൻ കേട്ടിരുന്നെന്നും അത് സംബന്ധിച്ച് കേസ് എടുക്കണമെങ്കിൽ ആരോപണം ഉന്നയിച്ച വ്യക്തി രേഖാമൂലമുള്ള പരാതി നൽകണം എന്നുമായിരുന്നു മന്ത്രി സജി ചെറിയാൻ രാവിലെ വിഷയത്തെ കുറിച്ച് പ്രതികരിച്ചത്.

രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും രേഖാമൂലമുള്ള പരാതി ലഭിച്ചാൽ മാത്രമേ പരാതിയെടുക്കുകയുള്ളു എന്നും മന്ത്രി പറഞ്ഞിരുന്നു. ഒരു റിപ്പോർട്ടിന്റെയോ ആരോപണത്തിന്റെയോ പേരിൽ കേസെടുക്കാനാകില്ലെന്നും രഞ്ജിത്തിനെ ചുമതലകളിൽ നിന്ന് മാറ്റുന്നതിൽ തീരുമാനമെടുക്കേണ്ടത് സി.പി.ഐ.എം ആണെന്നും സാംസ്കാരിക വകുപ്പ് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ രഞ്ജിത്ത് ബ്രില്ല്യന്റ് സംവിധായനാണെന്നും പക്ഷെ മികച്ച സംവിധായകൻ ആയതുകൊണ്ട് ഒരാൾ നല്ലവനാകണമെന്നില്ലെന്നും ശ്രീലേഖ മിത്ര വിമർശിച്ചു.

തന്റെ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായും രഞ്ജിത്ത് തെറ്റ് പറ്റിയതായി സമ്മതിക്കണമെന്നും ശ്രീലേഖ പറഞ്ഞു. ബംഗാളിൽ നിന്ന് കേസുമായി മുന്നോട്ട് പോവാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ ശ്രീലേഖ കേരളത്തിൽ നിന്ന് ആരെങ്കിലും സഹായിച്ചാൽ നടപടിയുമായി മുന്നോട്ട് പോവുമെന്നും അറിയിച്ചു.

2009 – 10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തിൽ ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോട് പരാതി പറഞ്ഞിരുന്നു. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു.

Content Highlight: Actress Sreelekha Chithra Says That She Is a Leftist In Bangal

We use cookies to give you the best possible experience. Learn more