തന്റെ വിവാഹത്തെ കുറിച്ചും അതിന് പിന്നാലെ വന്ന പ്രശ്നങ്ങളെ കുറിച്ചും പറയുകയാണ് സിനിമാ സീരിയല്‍ താരം ശ്രീലക്ഷ്മി. മഞ്ജു വാര്യരുടെ വിവാഹത്തിന്റെ അന്ന് തന്നെയായിരുന്നു തന്റെ വിവാഹം നടന്നതെന്നും ആ വാര്‍ത്തയില്‍ തന്റെ വിവാഹം മുങ്ങിപോയെന്നും ശ്രീലക്ഷ്മി പറഞ്ഞു.
തന്റെ ഇളയ മകന് സ്പെഷ്യല്‍ ചൈല്‍ഡാണെന്നും, അതിന്റെ പേരില്‍ അഭിനയം അവസാനിപ്പിക്കണമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും, എന്നാല്‍ താന്‍ അതൊന്നും ശ്രദ്ധിക്കാറില്ലായെന്നും താരം പറഞ്ഞു.
‘വിവാഹശേഷം ദുബായിലേക്ക് പോകുന്നത് ഇനി സിനിമ ചെയ്യുന്നില്ലായെന്ന് ഉറപ്പിച്ചിട്ടാണ്. ആ സമയത്ത് സിനിമ ഉപേക്ഷിച്ചു പോയതിന്റെ നഷ്ടബോധം ഒന്നുമുണ്ടായിരുന്നില്ല. പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്. എങ്ങനെ എങ്കിലും കല്യാണം കഴിച്ചു ഓടിപ്പോയാല്‍ മതിയെന്നായിരുന്നു ചിന്ത. ഞങ്ങള്‍ കുടുംബസുഹൃത്തുക്കളായിരുന്നു. വീട്ടുകാര്‍ നീക്കുപോക്ക് ആക്കുന്നില്ല എന്ന് മനസിലായപ്പോഴാണ് സ്വയം വിവാഹം കഴിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുന്നത്.
രണ്ടുവീട്ടുകാരും തീരുമാനം എടുക്കുന്നില്ല എന്ന് മനസിലായപ്പോള്‍ പുള്ളി പറഞ്ഞു നീ ഇറങ്ങി വരുന്നെങ്കില്‍ വന്നോയെന്ന്. മഞ്ജു വാര്യരുടെ വിവാഹദിവസമായിരുന്നു എന്റെയും വിവാഹം നടന്നത്. അതുകൊണ്ട് തന്നെ ആ വാര്‍ത്തയില്‍ ഞങ്ങളുടെ വിവാഹം മാഞ്ഞുപോയി. കല്യാണം കഴിഞ്ഞ സമയത്താണ് ഭൂതക്കണ്ണാടിയിലെയും, മരണം ദുര്‍ബലം സീരിയലിലെയും അഭിനയത്തിന് അവാര്‍ഡുകള്‍ ലഭിക്കുന്നത്.
മൂത്തമകന് ആനന്ത് മഹേശ്വര് വലുതായപ്പോള്‍ സിനിമയിലേക്ക് മടങ്ങി വന്നാലോയെന്ന് ചിന്തിച്ചിരുന്നു. എന്നാല്‍ രണ്ടാമതും ഞാന്‍ ഗര്‍ഭിണിയായി. ഇളയമകന് സ്പെഷ്യല്‍ ചൈല്‍ഡാണ്. എനിക്ക് പത്ത് പന്ത്രണ്ട് വര്‍ഷം അവനുവേണ്ടി മാറ്റി വയ്ക്കേണ്ടി വന്നു. എങ്കിലും അഭിനയവും നൃത്തവും ഞാന്‍ തുടര്‍ന്നു.
പലതരം പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. ഇങ്ങനെയുള്ള കുഞ്ഞിനെയിട്ടിട്ട് അഭിനയിക്കാന്‍ നടക്കുന്നുവെന്ന് കുറ്റപെടുത്തിയവര്‍ വരെയുണ്ട്. എന്നാല്‍ അതൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. എന്റെ എല്ലാ ഉത്തരവാദിത്തങ്ങളും തീര്‍ത്തിട്ടാണ് ഞാന്‍ ജോലിക്ക് പോകുന്നത്. ഒരിക്കലും ഞാന്‍ മക്കളെ തനിച്ചാക്കിയിട്ടില്ല. എനിക്ക് ഒരിടത്തും കുറ്റബോധമൊന്നും തോന്നിയിട്ടില്ല.
എന്റെ സാഹചര്യം വെച്ച് രൂപപ്പെടുത്തിയെടുത്ത ജീവിതമാണിത്. എനിക്ക് ഇങ്ങനെ ഒരു മോന് ഉണ്ടാകുമെന്ന് ഞാന്‍ വിചാരിച്ചതേയില്ല. അവന് വന്നപ്പോള്‍ പലതും എനിക്ക് ത്യജിക്കേണ്ടി വന്നു. കുടുംബത്തില്‍ ഒരമ്മക്ക് മാത്രമേ അതിന് കഴിയൂ. ഇപ്പോള്‍ ചെറിയ മോന് 19 വയസ്സായി. എന്റെ അവസാന ശ്വാസം വരെ അവനെ നന്നായി നോക്കണം എന്നാണ് എന്റെ ആഗ്രഹം. ഉറങ്ങാന്‍ കിടക്കുമ്പോളൊക്കെ ഞാന്‍ ചിന്തിക്കും എന്റെ ശ്വാസം നിലച്ചാല്‍ അവനെ ആരുനോക്കുമെന്ന്. എനിക്ക് മക്കള്‍ കഴിഞ്ഞേ എന്തുമുള്ളൂ,’ ശ്രീലക്ഷ്മി പറഞ്ഞു.
content highlight: actress sreelakshmi talks about her marriage