പകരക്കാരില്ലാത്ത അഭിനേത്രി ശ്രീദേവിയുടെ അഞ്ചാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് അവരുടെ അവസാന ചിത്രമായ ഇംഗ്ലീഷ് വിംഗ്ലീഷ് വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. ചൈനയിലാണ് സിനിമ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നത്. ആറായിരം സ്‌ക്രീനുകളിലായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2012ലാണ് ഗൗരി ഷിന്‍ഡെ സംവിധാനം ചെയ്ത ഇംഗ്ലീഷ് വിംഗ്ലീഷ് റിലീസ് ചെയ്തത് നീണ്ട ഇടവേളക്കുശേഷം ശ്രീദേവി വീണ്ടും മടങ്ങിയെത്തിയ സിനിമയായിരുന്നു അത്. അതുകൊണ്ട് തന്നെ ചിത്രത്തിന് ദേശീയ തലത്തില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പതിനൊന്ന് വര്‍ഷത്തിന് ശേഷം ശ്രീദേവിയുടെ ചരമവാര്‍ഷികമായ ഫെബ്രുവരി 24നായിരിക്കും സിനിമ വീണ്ടും തിയേറ്ററിലെത്തുന്നത്.
ഹാസ്യത്തിന് പ്രാധാന്യം നല്‍കികൊണ്ട് മുമ്പോട്ട് പോകുന്ന സ്ത്രീ കേന്ദ്രീകൃത സിനിമയാണ് ഇംഗ്ലീഷ് വിംഗ്ലീഷ്. മധുര പലഹാരങ്ങള്‍ വില്‍ക്കുന്ന ശശി എന്ന കേന്ദ്രകഥാപാത്രത്തിനെ ചുറ്റിപറ്റിയാണ് സിനിമ മുമ്പോട്ട് പോകുന്നത്. ശശിയെന്ന കേന്ദ്രകഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ശ്രീദേവി വേഷമിട്ടത്.
ഇംഗ്ലീഷ് അറിയാത്ത ശശിക്ക് തന്റെ പങ്കാളിയില്‍ നിന്നും മകളില്‍ നിന്നും നിരന്തരം പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നു. തുടര്‍ന്ന് ഇംഗ്ലീഷ് പഠിക്കാനായി അവര്‍ ഒരു കോഴ്‌സില്‍ ചേരുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ കഥ. സംവിധായകയുടെ അമ്മയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സിനിമ ചെയ്തതെന്നാണ് പറയപ്പെടുന്നത്.
അതേസമയം 2018 ഫെബ്രുവരി 24ന് ദുബായിലെ തന്റെ ഫ്‌ളാറ്റില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വളരെ അപ്രതീക്ഷിതമായിട്ടാണ് താരത്തിന്റെ മരണ വാര്‍ത്ത പുറത്തുവന്നത്. ഇന്ത്യന്‍ സിനിമാ ലോകത്തിന് തീരാ നഷ്ടം തന്നെയാണ് ശ്രീദേവിയുടെ മരണം.
content highlight: actress sreedevi death anniversary, english vinglish re released