| Saturday, 22nd April 2023, 8:38 am

ഡിയര്‍ കുന്നുമ്മേല്‍ ശാന്ത എന്നാണ് പലരും കമന്റിടുന്നത്; അതോര്‍ക്കുമ്പോള്‍ ശരിക്കും എനിക്ക് അഭിമാനമുണ്ട്: സോന നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോഷിയുടെ സംവിധാനത്തില്‍ 2005ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു നരന്‍. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായിരുന്നു കുന്നുമ്മേല്‍ ശാന്ത. ആ കഥാപാത്രത്തെ അവതരിപ്പിച്ചത് നടി സോന നായരാണ്. അതിനെ കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോള്‍.

യാഥാര്‍ത്ഥത്തില്‍ കുന്നുമ്മേല്‍ ശാന്ത ഒരു മുഴുനീള കഥാപാത്രമായിരുന്നുവെന്നും മികച്ച ചില സീനുകളൊക്കെ ചിത്രത്തിലുണ്ടായിരുന്നുവെന്നും എന്നാല്‍ തിയേറ്ററിലെത്തിയപ്പോള്‍ അതൊക്കെ ഒഴിവാക്കിയെന്നും സോന പറഞ്ഞു. അത്തരമൊരു കഥാപാത്രം ചെയ്യാനായി തന്നെ വിളിച്ചതില്‍ ജോഷിയോട് എന്നും നന്ദിയുണ്ടായിരിക്കുമെന്നും മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

‘ഇപ്പോഴും പലരും ആ കഥാപാത്രത്തെ കുറിച്ച് പറയാറുണ്ട്. എന്റെ പോസ്റ്റിന് താഴെ പലരും ഡിയര്‍ കുന്നുമ്മേല്‍ ശാന്ത എന്ന് കമന്റ് ഇടാറുണ്ട്. ഏതാണ്ട് 15 വര്‍ഷമായെന്ന് തോന്നുന്നു ആ സിനിമ ഇറങ്ങിയിട്ട്. ഞാന്‍ ചെയ്തതില്‍ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് അത്. ജോഷി സാറിനെ പോലൊരു ലെജന്റ് ഡയറക്ടറുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം.

പ്രത്യേകിച്ച് ലാലേട്ടന്റെ കൂടെയൊക്കെ അഭിനയിക്കാന്‍ സാധിച്ചില്ലോ. ശരിക്കും സിനിമയില്‍ ഉടനീളമുള്ള ഒരു കഥാപാത്രമായിരുന്നു കുന്നുമ്മേല്‍ ശാന്ത. പക്ഷെ എന്തോ ഒരു കാരണത്താല്‍ സിനിമ ഇറങ്ങിയപ്പോള്‍ അങ്ങനെ അല്ലാതെയായി. ആ ഒരു കഥാപാത്രത്തിന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന മൂന്നാല് സീന്‍ സിനിമയിലുണ്ടായിരുന്നു. പക്ഷെ ഔട്ട് വന്നപ്പോള്‍ അതില്ലായിരുന്നു.

അങ്ങനെ വന്നപ്പോള്‍ അതിനകത്ത് ഒന്നുമില്ലാതായി പോയിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ സിനിമയുടെ ദൈര്‍ഘ്യം കൂടിയതുകൊണ്ടായിരിക്കാം. ഷൂട്ട് നടക്കുമ്പോള്‍ ചില സീന്‍ അഭിനയിച്ചപ്പോള്‍ എനിക്ക് ജോഷി സാറിന്റെ ഭാഗത്ത് നിന്നും കയ്യടിയൊക്കെ കിട്ടിയിരുന്നു.

സ്വാഭാവികമായി അങ്ങനെ കയ്യടിയൊന്നും അധികം ആര്‍ക്കും കിട്ടാത്തതാണ്. പക്ഷെ എനിക്ക് അത് കിട്ടി. അതോര്‍ക്കുമ്പോള്‍ ശരിക്കും എനിക്ക് അഭിമാനമുണ്ട്. ഇപ്പോഴും എനിക്ക് ജോഷി സാറിനോട് പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ട്,’ സോന പറഞ്ഞു.

content highlight: actress sona nair about kunnummel santha charecter in naran movie

We use cookies to give you the best possible experience. Learn more