| Sunday, 4th June 2023, 10:17 am

എനിക്ക് ശരിക്കും അടി കിട്ടി, ക്ലൈമാക്‌സ് രംഗം മറക്കാന്‍ പറ്റാത്തൊരു അനുഭവമായിരുന്നു: സോന നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാന്‍ സിനിമയിലെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് നടി സോന നായര്‍.

ക്ലൈമാക്‌സ് രംഗത്തില്‍ ഷമ്മി തിലകന്‍ തന്നെ അടിക്കുന്ന സീനില്‍ ശരിക്കും അടി കിട്ടിയെന്നും ആ സീനിലെ മീര ജാസ്മിന്റെ അഭിനയം കണ്ട് തനിക്ക് കരച്ചില്‍ അടക്കാന്‍ സാധിച്ചില്ലെന്നും നടി പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘കസ്തൂരിമാന്‍ സിനിമയിലെ രാജി എന്ന എന്റെ കഥാപാത്രം സൂപ്പറായിരുന്നു. ലോഹിതദാസ് സര്‍ ഡയറക്ട് ചെയ്യുന്ന സിനിമയായിരുന്നു. അതുകൊണ്ട് തന്നെ ആ സിനിമക്കൊരു പ്രത്യേകതയുണ്ടായിരുന്നു. പിന്നെ കുഞ്ചാക്കോ ബോബന്‍, മീരാ ജാസ്മിന്‍ ഇവരൊക്കെയുണ്ടായിരുന്നത് കൊണ്ട് ഷൂട്ടിങ് വളരെ രസമായിരുന്നു. ആ സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത് എനിക്ക് മറക്കാന്‍ കഴിയാത്തൊരു അനുഭവമായിരുന്നു.

രാത്രി 12 മണിക്ക് ശേഷമായിരുന്നു ഷൂട്ട് തുടങ്ങിയത്. 4 മണി വരെയൊക്കെ ഷൂട്ട് നീണ്ടുപോയി. പിന്‍ ഡ്രോപ് സൈലന്‍സിലായിരുന്നു ഷൂട്ട് നടന്നത്. അതൊരു ഭീകര ക്ലൈമാക്‌സായിരുന്നു. മീരയൊക്കെ അഭിനയിച്ച് തകര്‍ത്ത സീനായിരുന്നു അത്. ശരിക്കും വീട്ടിലൊരു കൊലപാതകം നടന്നൊരു ഫീലായിരുന്നു.

എന്നെ ഷമ്മി തിലകന്‍ ചേട്ടന്‍ അടിക്കുന്നു, ഉപദ്രവിക്കുന്നു, അത് കണ്ടിട്ട് മീര ഷമ്മി ചേട്ടനെ കൊല്ലുന്ന സീനായിരുന്നു. എനിക്ക് ശരിക്കും അടി കിട്ടി ഷമ്മി ചേട്ടന്റെ അടുത്തുനിന്ന് (ചിരിക്കുന്നു). എന്നോട് ഷൂട്ട് തുടങ്ങുന്നതിന് മുന്നേ ഷമ്മി ചേട്ടന്‍ പറഞ്ഞിരുന്നു, ഞാന്‍ നിന്നെ അടിക്കും, പക്ഷേ അറിയാതെയങ്ങാനും എന്തെങ്കിലും പറ്റി വേദനിച്ചാല്‍ വേറൊന്നും വിചാരിക്കല്ലേയെന്ന്. മീരയുടെ അഭിനയം കണ്ട് എനിക്ക് കരച്ചില്‍ അടക്കാന്‍ കഴിഞ്ഞിരുന്നില്ല, ‘ സോന പറഞ്ഞു.

സുകൃതം സിനിമയുടെ സംവിധായകന്‍ ഹരികുമാറിന്റെ രാച്ചിയമ്മ എന്ന ടെലിഫിലിമിലെ കഥാപാത്രം ഏറെ പ്രിയപ്പെട്ടതാണെന്നും സോന പറഞ്ഞു. നടി പാര്‍വതി തിരുവോത്ത് രാച്ചിയമ്മയെന്ന കഥാപാത്രം വളരെ നന്നായി ചെയ്തിട്ടുണ്ടെന്നും നടി പറഞ്ഞു.

‘രാച്ചിയമ്മ എനിക്ക് വളരെ പ്രിയപ്പെട്ട കഥാപാത്രമാണ്. സുകൃതം സിനിമയുടെ സംവിധായകന്‍ ഹരികുമാര്‍ സാറിന്റെ ടെലിഫിലിമായിരുന്നു രാച്ചിയമ്മ. അതിന്റെ കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് വളരെ ഇഷ്ടമായി. അത് സിനിമ ആക്കിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല.

സിനിമ ആക്കാന്‍ ഉദ്ദേശിച്ചിരുന്നു എന്ന് ഞാനെവിടെയോ കേട്ടിരുന്നു. പാര്‍വതിയും രാച്ചിയമ്മയെന്ന കഥാപാത്രം ചെയ്തിരുന്നു. അതെനിക്ക് വളരെ ഇഷ്ടമായി. പാര്‍വതി വളരെ നന്നായി തന്നെ ചെയ്തു, ‘ സോന പറഞ്ഞു.


Content Highlights: Actress Sona Nair about Kashooriman movie climax

We use cookies to give you the best possible experience. Learn more