Entertainment news
ആ രണ്ട് സീന്‍ കളഞ്ഞത് കൊണ്ടാണ് ആ കഥാപാത്രം പൂര്‍ണ്ണമാകാതെ പോയത്: നരനിലെ കുന്നുമ്മല്‍ ശാന്തയുടെ വെട്ടിക്കളഞ്ഞ സീനിനെ പറ്റി സോന നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 30, 12:04 pm
Monday, 30th May 2022, 5:34 pm

2005 ലാണ് ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ നരന്‍ പുറത്തിറങ്ങുന്നത്. മലയാളത്തിലെ ഏക്കാലെത്തെയും കള്‍ട്ട് കഥാപാത്രങ്ങളില്‍ ഒന്നാണ് നരനിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച മുള്ളന്‍കൊല്ലി വേലായുധന്‍.

ചിത്രത്തില്‍ പ്രധാന കഥാപാത്രമായി സോനാ നായരും ഉണ്ടായിരുന്നു. ‘കുന്നുമ്മല്‍ ശാന്ത’ എന്ന കഥാപാത്രത്തെയാണ് സോനാ നായര്‍ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്.

സോനാ നായരുടെ സിനിമ ജീവിതത്തില്‍ തന്നെ മലയാളികള്‍ ഇന്നും ഓര്‍ക്കുന്ന മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു നരനിലേത്.

എന്നാല്‍ നരനിലെ തന്റെ കഥാപാത്രത്തിന് പൂര്‍ണ്ണത ലഭിക്കുമായിരുന്ന, രണ്ട് രംഗങ്ങള്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ ഇല്ലായിരുന്നു എന്നാണ് സോനാ നായര്‍ വെളിപ്പെടുത്തുന്നത്.

കുന്നുമ്മല്‍ ശാന്തയുടെ ഫസ്റ്റ് സീനായി ഉണ്ടായിരുന്നത് മുള്ളന്‍കൊല്ലി വേലായുധന്‍ ഉറങ്ങി കിടക്കുമ്പോള്‍ മീശയിലെ നര കടിച്ച് എടുക്കുന്നത് ആയിരുന്നെന്നും, ആ സീന്‍ ഷൂട്ട് ചെയ്യാന്‍ ഏറെ തയ്യാറെടുപ്പുകള്‍ നടത്തി എന്നും സോനാ നായര്‍ പറയുന്നു.

‘കുന്നുമ്മല്‍ ശാന്തക്ക് മുള്ളന്‍കൊല്ലി വേലായുധനോട്
ആഘാതമായ പ്രണയമാണ് പക്ഷെ വേലായുധന്‍ കണ്ണ് തുറന്ന് നോക്കുമ്പോഴൊക്കെ രണ്ടുപേരും പരസ്പരം അടിയാണ്.

വേലായുധന്‍ കിടന്ന് ഉറങ്ങുമ്പോള്‍ അത് ആസ്വദിക്കുന്ന ശാന്ത മീശയിലെ ഒരു നര കാണുകയും അത് കടിച്ചെടുക്കാന്‍ മുഖത്തിന്റെ അടുത്തേക്ക് പോവുകവും ചെയ്യും. മുഖത്തിന്റെ അടുത്തേക്ക് വരുമ്പോള്‍ അങ്ങനെ ചെയ്യണ്ട എന്ന് കരുതി പിന്മാറുന്നതുമാണ് സീനില്‍ ഉള്ളത്.

രണ്ടാമത്തെ കട്ട് ചെയ്ത് കളഞ്ഞ സീനായി സോനാ പറയുന്നത് ചിത്രത്തില്‍ ഭാവന അവതരിപ്പിച്ച കഥാപാത്രത്തിനെ വേലയുധന്റെ നല്ല കാര്യങ്ങള്‍ പറഞ്ഞ് ധരിപ്പിക്കുന്ന സീനാണ്.

ഈ സീനിന് ശേഷം തന്റെ പ്രകടനം കണ്ട് സെറ്റില്‍ ഉണ്ടായിരുന്ന എല്ലാവരും അഭിനന്ദിച്ചു എന്നും സോന കൂട്ടിച്ചേര്‍ക്കുന്നു.

ഈ സീന്‍ എന്തുകൊണ്ട് വെട്ടി മാറ്റി എന്ന് സംവിധായകനോടോ, ചിത്രത്തിന്റെ എഴുത്തുകാരനോടോ ചോദിച്ചില്ലേ എന്ന ചോദ്യത്തിന് ‘ജോഷി സാറിനോട് ചോദിച്ചപ്പോള്‍ സിനിമയുടെ നീളം കൂടുതല്‍ കൊണ്ടാണ് വെട്ടി മാറ്റിയത്’ എന്ന മറുപടിയാണ് ലഭിച്ചത് എന്നും നടി പറയുന്നു.

ഈ രണ്ട് സീനും ചിത്രത്തില്‍ ഉണ്ടായില്ലയെന്നത് അത് തന്നെ സംബന്ധിച്ച് വലിയ നഷ്ടം ആണെന്നും സോന പറയുന്നുണ്ട്.

‘മാസ്റ്റര്‍ ബിന്‍’ എന്ന ഫേസ്ബുക്ക് പേജിന് നല്‍കിയ അഭിമുഖത്തിലാണ് നടി നരനില്‍ തനിക്ക് നഷ്ടപ്പെട്ട സീനിനെ പറ്റി ഓര്‍ത്തെടുക്കുന്നത്.

Conent Hihlights : Actress Sona nair About her  deleted scene in Naran Movie