| Friday, 7th October 2022, 9:26 am

മമ്മൂട്ടിയുടെ സ്വഭാവത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യമതാണ്, അതില്‍ അന്നും ഇന്നും അദ്ദേഹത്തിന് മാറ്റമില്ല: സ്‌നേഹ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിക്കൊപ്പമുള്ള അഞ്ചാം ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി സ്‌നേഹ. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ക്രിസ്റ്റഫറിലാണ് പ്രധാന കഥാപാത്രങ്ങളിലൊരാളായി സ്‌നേഹ എത്തുന്നത്.

2006ലിറങ്ങിയ തുറുപ്പുഗുലാനാണ് മമ്മൂട്ടിയും സ്‌നേഹയും ഒന്നിച്ചെത്തിയ ആദ്യ ചിത്രം. കോമഡി ഴോണറിലൊരുങ്ങിയ ചിത്രം ഇന്നും മലയാളികളെ ചിരിപ്പിക്കുന്ന സിനിമകളിലൊന്നാണ്.

ചിത്രത്തില്‍ ലക്ഷ്മി എന്ന കഥാപാത്രമായിട്ടായിരുന്നു സ്‌നേഹ എത്തിയത്. മമ്മൂട്ടിയുടെ ഗുലാനും സ്‌നേഹയുടെ ലക്ഷ്മിയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളും ഡയലോഗുകളും അന്ന് ഹിറ്റായിരുന്നു.

പിന്നീട് പ്രമാണി, വന്ദേ മാതരം, ദ ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങളിലും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തില്‍ സ്‌നേഹയെത്തി.

ഇപ്പോള്‍ ക്രിസ്റ്റഫറിലൂടെ നടനൊപ്പം വീണ്ടും അഭിനയിക്കാനെത്തുമ്പോള്‍ ആദ്യ ചിത്രമായ തുറുപ്പുഗുലാന്റെ ഓര്‍മകള്‍ അയവിറക്കുകയാണ് നടി. ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന്റെ പേടിയോടെ എത്തിയ തന്നെ മമ്മൂട്ടി ഏറെ കംഫര്‍ട്ടബിളാക്കിയെന്നും വളരെ എളിമയുള്ള വ്യക്തിയാണ് അദ്ദേഹമെന്നും സ്‌നേഹ പറയുന്നു. എന്റര്‍ടെയ്ന്‍മെന്റ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നടി തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

‘മമ്മൂക്കയ്‌ക്കൊപ്പം ആദ്യമായി അഭിനയിക്കാന്‍ പോകുന്ന സമയത്ത് ഞാന്‍ വളരെ നെര്‍വസായിരുന്നു. പക്ഷെ അദ്ദേഹം വളരെ എളിമയുള്ള മനുഷ്യനായിരുന്നു. സഹതാരങ്ങള്‍ക്കൊപ്പമിരുന്ന് അവരുമായി സംസാരിക്കും. അതാണ് എനിക്ക് അദ്ദേഹത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. ഇപ്പോഴും അദ്ദേഹം അങ്ങനെ തന്നെയാണ്. അക്കാര്യത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല.

അന്നത്തെ ഷൂട്ടിങ്ങിലൂടെ ഇന്‍ഡസ്ട്രിയെ കുറിച്ചും ഈ ലോകത്തെ കുറിച്ച് തന്നെയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും മനസിലാക്കാനും കഴിഞ്ഞു. ആദ്യ ദിവസം മുതല്‍ അദ്ദേഹം എന്നെ വളരെ കംഫര്‍ട്ടബിളാക്കി. മമ്മൂക്കക്കൊപ്പം വര്‍ക്ക് ചെയ്യുന്നത് എപ്പോഴും ഒരു ഫണ്‍ എക്‌സ്പീരിയന്‍സാണ്,’ സ്‌നേഹ പറയുന്നു.

പുതിയ ചിത്രമായ ക്രിസ്റ്റഫറിനെ കുറിച്ചും സ്‌നേഹ അഭിമുഖത്തില്‍ സംസാരിച്ചു. ഒരു ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരാനായി ഈ ചിത്രം തന്നെ തെരഞ്ഞെടുക്കാനുള്ള കാരണം തിരക്കഥയാണെന്നും നടി പറഞ്ഞു.

‘ക്രിസ്റ്റഫര്‍ സിനിമയെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ എനിക്ക് കൂടുതല്‍ പറയാനാകില്ല. കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടങ്ങള്‍ ഞാന്‍ ചെയ്യുന്നുണ്ട്. അത് അല്‍പം വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നെ പ്രചോദിപ്പിക്കുന്ന പ്രോജക്ടുകള്‍ മാത്രമേ ഞാന്‍ ചെയ്യാറുള്ളു. ഉണ്ണിയേട്ടന്‍ എപ്പോഴും അത്തരം പ്രോജക്ടുകളുമായാണ് എത്താറുള്ളത്.

ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് യെസ് പറയാന്‍ തോന്നി. ഒരു മികച്ച ചിത്രത്തോടൊപ്പം മലയാളത്തിലേക്ക് തിരിച്ചുവരണമെന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രം ചെയ്യണമെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു,’ സ്നേഹ പറയുന്നു.

മോഹന്‍ലാല്‍ ചിത്രമായ ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനവും ഉദയ്കൃഷ്ണ തിരക്കഥയും രചിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. കൂടാതെ ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് നടന്‍ വിനയ് ആണ് വില്ലനായി എത്തുന്നത്.

Content Highlight: Actress Sneha shares experience with Mammootty in Thuruppugulan

We use cookies to give you the best possible experience. Learn more