സിനിമയില്‍ സ്ത്രീകള്‍ക്ക് അധികം സ്‌പേസ് കിട്ടാറില്ല, എന്നാല്‍ മമ്മൂട്ടി അങ്ങനെയല്ല: സ്‌നേഹ
Entertainment news
സിനിമയില്‍ സ്ത്രീകള്‍ക്ക് അധികം സ്‌പേസ് കിട്ടാറില്ല, എന്നാല്‍ മമ്മൂട്ടി അങ്ങനെയല്ല: സ്‌നേഹ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th February 2023, 9:07 am

നന്‍പകല്‍ നേരത്ത് മയക്കം എന്ന ഹിറ്റ് സിനിമക്ക് ശേഷം മമ്മൂട്ടി നായകനായെത്തുന്ന സിനിമയാണ് ക്രിസ്റ്റഫര്‍. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, ശരത് കുമാര്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ഏഴോളം സിനിമകളില്‍ അഭിനയിച്ച സ്‌നേഹ താരത്തോടൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്.

മമ്മൂട്ടിക്കൊപ്പം അഭിനയിച്ച എല്ലാ സിനിമകളിലും തനിക്ക് ശക്തമായ കഥാപാത്രങ്ങളാണ് ലഭിച്ചതെന്നും കൂടെ അഭിനയിക്കുന്നവര്‍ക്ക് അദ്ദേഹം കൂടുതല്‍ സ്‌പേസ് നല്‍കാറുണ്ടെന്നും സ്‌നേഹ പറഞ്ഞു. സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നും നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയുന്നത് തന്റെ ഭാഗ്യമാണെന്നും അവര്‍ പറഞ്ഞു. ക്രിസ്റ്റഫറിന്റെ റിലീസിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ വിണ്ടും മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്യുകയാണ്. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ചെയ്തിട്ടുള്ള എല്ലാ സിനിമകളിലും എനിക്ക് വളരെ ശക്തമായൊരു കഥാപാത്രമാണ് ലഭിക്കുന്നത്. ഇതൊക്കെ എങ്ങനെയോ സംഭവിച്ച് പോകുന്നതാണ്. സിനിമയില്‍ മുഴുവനായി ഞാന്‍ അഭിനയിച്ചില്ലെങ്കിലും വന്നുപോകുന്ന അഞ്ച് മിനിറ്റില്‍ തന്നെ എന്തെങ്കിലുമൊക്കെ ആ കഥാപാത്രത്തിന് ചെയ്യാനുണ്ടാകും. അതിന് ഞാന്‍ അദ്ദേഹത്തോട് നന്ദി പറയുകയാണ്.

നമ്മുടെ സിനിമാ ഇന്‍ഡസ്ട്രീയില്‍ സ്ത്രീകള്‍ക്ക് സ്‌പേസ് കിട്ടാന്‍ വിലിയ ബുദ്ധിമുട്ടാണ്. എന്നാല്‍ അദ്ദേഹം എല്ലായ്‌പ്പോഴും സ്ത്രീകള്‍ക്ക് അവസരങ്ങള്‍ കൊടുക്കുന്ന വ്യക്തിയാണ്. ഈ സിനിമയില്‍ ഒരുപാട് പുതിയ ആളുകളുണ്ട്. അവര്‍ക്കെല്ലാം കഥയില്‍ നല്ല പ്രാധാന്യവും നല്‍കിയിട്ടുണ്ട്. ക്രിസ്റ്റഫറാണ് സിനിമയിലെ കേന്ദ്രകഥാപാത്രമെങ്കിലും സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും നല്ല പ്രാധാന്യമുണ്ട്.

ഏഴോളം സിനിമകള്‍ ഞാന്‍ മമ്മൂട്ടി സാറിനൊപ്പം ചെയ്തിട്ടുണ്ട്. ഈ സിനിമയിലും അതുപോലെ നല്ലൊരു കഥാപാത്രം ചെയ്യാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ശരിക്കും പറഞ്ഞാല്‍ അതെന്റെ ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്,’ സ്‌നേഹ പറഞ്ഞു.

ക്രിസ്റ്റഫറിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. പൊലീസ്‌ ഓഫീസറായിട്ടാണ് സിനിമയില്‍ മമ്മൂട്ടിയെത്തുന്നത്. പ്രമുഖ താരനിര അണി നിരക്കുന്ന സിനിമയില്‍ നിരവധി പുതുമുഖങ്ങളുമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ വിജയങ്ങള്‍ നേടി മുന്നേറുന്ന മമ്മൂട്ടിയുടെ അടുത്ത സിനിമക്കായി പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഫെബ്രുവരി 9നാണ് ക്രിസ്റ്റഫര്‍ തിയേറ്ററുകളുലെത്തുന്നത്.

content highlight: actress sneha about experience with mammootty