ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ക്രിസ്റ്റഫറിലൂടെ ഒരു ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് നടി സ്‌നേഹ. മമ്മൂട്ടിക്കൊപ്പമുള്ള നടിയുടെ അഞ്ചാമത്തെ ചിത്രവും ബി. ഉണ്ണികൃഷ്ണനൊപ്പമുള്ള രണ്ടാമത്തെ ചിത്രവുമാണ് ക്രിസ്റ്റഫര്‍.
തന്നെ പ്രചോദിപ്പിക്കുന്ന പ്രോജക്ടുകള്‍ മാത്രമേ ചെയ്യാനായി തെരഞ്ഞെടുക്കാറുള്ളുവെന്ന് പറഞ്ഞ സ്‌നേഹ മികച്ച ഒരു വര്‍ക്കിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്താനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും പറയുന്നു. എന്റര്‍ടെയ്ന്‍മെന്റ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ക്രിസ്റ്റഫര്‍ സിനിമയെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ എനിക്ക് കൂടുതല്‍ പറയാനാകില്ല. കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടങ്ങള്‍ ഞാന്‍ ചെയ്യുന്നുണ്ട്. അത് അല്‍പം വെല്ലുവിളി നിറഞ്ഞതായിരുന്നു.
എന്നെ പ്രചോദിപ്പിക്കുന്ന പ്രോജക്ടുകള്‍ മാത്രമേ ഞാന്‍ ചെയ്യാറുള്ളു. ഉണ്ണിയേട്ടന്‍ എപ്പോഴും അത്തരം പ്രോജക്ടുകളുമായാണ് എത്താറുള്ളത്. ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് യെസ് പറയാന്‍ തോന്നി. ഒരു മികച്ച ചിത്രത്തോടൊപ്പം മലയാളത്തിലേക്ക് തിരിച്ചുവരണമെന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രം ചെയ്യണമെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു,’ സ്‌നേഹ പറയുന്നു.
ക്രിസ്റ്റഫറിന്റെ പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഒരു കംപ്ലീറ്റ് ആക്ഷന്‍ പാക്ക്ഡ് ചിത്രമായിരിക്കും ക്രിസ്റ്റഫറെന്ന സൂചനകളാണ് ഈ പോസ്റ്ററും നല്‍കുന്നത്. ത്രില്ലര്‍ ഴോണറിലാണ് സിനിമയെത്തുന്നത്.
മോഹന്‍ലാല്‍ ചിത്രമായ ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനവും ഉദയ്കൃഷ്ണ തിരക്കഥയും രചിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. മമ്മൂട്ടി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രമായ ക്രിസ്റ്റഫറിന്റെ ജീവിതത്തിലൂടെയായിരിക്കും സിനിമ കഥ പറയുക എന്ന സൂചനകളാണ് പുറത്തുവരുന്നത്.
നീതിയുമായി ബന്ധപ്പെട്ട പഞ്ച് ഡയലോഗുകളാണ് ഓരോ പോസ്റ്ററിലും ക്രിസ്റ്റഫര്‍ പറയുന്നത്. ‘നിയമം അവസാനിക്കുന്നിടത്ത് നീതി തുടങ്ങുന്നു’ എന്നായിരുന്നു നേരത്തെ പുറത്തുവിട്ട പോസ്റ്ററിലെ വാചകം.
‘കാഞ്ചി വലിക്കും മുന്‍പ്, സ്വയം ആലോചിക്കുന്ന ആ നിമിഷം’ എന്നായിരുന്നു മറ്റൊരു പോസ്റ്ററിലെ വാചകം. പുതിയ പോസ്റ്ററില്‍ തോക്ക് പിടിച്ച് ഗൗരവഭാവത്തില്‍ നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം. ‘നീതിയെന്നാല്‍ അവന് ഒരുതരം ഭ്രാന്താണ്’ എന്നാണ് ഇതിലെ വാചകം.
സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. കൂടാതെ ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് നടന്‍ വിനയ് ആണ് വില്ലനായി എത്തുന്നത്.
ഓപ്പറേഷന്‍ ജാവയുടെ ക്യാമറ കൈകാര്യം ചെയ്ത ഫൈസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും മനോജ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
Content Highlight: Actress Sneha about B Unnikrishnan and new Mammootty movie Christopher