മലയാളത്തില്‍ ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് നടി സ്മിനു സിജോ. ഈ വര്‍ഷം മാത്രം പുറത്തിറങ്ങിയ അഞ്ച് ചിത്രങ്ങളിലാണ് സ്മിനു വേഷമിട്ടത്. അതും മമ്മൂട്ടിയുള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളുടെ ചിത്രത്തില്‍.
ഓപ്പറേഷന് ജാവയിലെ ആന്റണിയുടെ അമ്മയുടെ കഥാപാത്രമായും സ്മിനു ശ്രദ്ധിക്കപ്പെട്ടു. നായാട്ടില്‍ ജോജു ജോര്‍ജിന്റെ ഭാര്യാ വേഷത്തിലും യുവത്തില്‍ നഴ്സായും സ്മിനു തിളങ്ങി.
ഇതിനൊപ്പം മോഹന്‍ലാല്‍ നായകനായ ആറാട്ട് എന്ന ചിത്രത്തിലും പ്രധാനപ്പെട്ട ഒരു വേഷത്തെ സ്മിനു അവതരിപ്പിക്കുന്നുണ്ട്. ആറാട്ടില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് സ്വപ്ന സാക്ഷാത്ക്കാരമായാണ് താന്‍ കാണുന്നതെന്ന് സ്മിനു പറയുന്നു.
ലാലേട്ടനോടൊപ്പം ഒരു വേഷം ചെയ്യാന്‍ സാധിക്കുക എന്നത് വലിയ ഭാഗ്യമാണെന്നും ഡൂള്‍ന്യൂസിന് നല്കിയ അഭിമുഖത്തില്‍ സ്മിനു പറഞ്ഞു.
‘ആറാട്ടില്‍ ഞാന്‍ റിയാസ് ഖാന്റെ ഭാര്യയായിട്ടാണ് എത്തുന്നത്. വലിയ ഡയലോഗുകള്‍ ഇല്ലെങ്കിലും ലാലേട്ടനുമായുള്ള ചെറിയ ഡയലോഗുകള്‍ എല്ലാം ഉണ്ട്. തുടക്കത്തില്‍ തന്നെ മലയാളത്തിലെ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കണക്കാക്കുന്നു.
ദൂരെ നിന്ന് ആരാധിച്ച താരങ്ങളാണ് മമ്മൂക്കയും ലാലേട്ടനും. മമ്മൂക്കയുടെ ഫോട്ടോ കണ്ട് ഒരുകാലത്ത് അസൂയ തോന്നിയിട്ടുണ്ട്. ലാലേട്ടന്റെ കൂടുതല്‍ വിശേഷങ്ങളും കോമഡികളും ഉണ്ട്. അത് ചിത്രം ഇറങ്ങിയ ശേഷം പറയാം. ലാലേട്ടന്റെ ഡാന്‍സും അഭിനയവും ഒരു രക്ഷയുമില്ല, സ്മിനു സിജോ പറയുന്നു.
ഭ്രമം എന്ന ചിത്രത്തില്‍ പൃഥ്വിരാജിനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചെന്നും അത്യാവശ്യം വലിയ റോളില്‍ തന്നെയാണ് ഭ്രമത്തില്‍ എത്തുന്നതെന്നും സ്മിനു പറയുന്നു. അര്ജുന് അശോകന് നായകനായ മെമ്പര്‍ രമേശന് വാര്‍ഡ് 9 എന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചെന്നും
അജു വര്‍ഗീസ് ജാന്‍ എന്നിവര്‍ക്കൊക്കെയൊപ്പം അഭിനയിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും സ്മിനു പറയുന്നു.
പ്രണവിനും ദുല്‍ഖറിനുമൊപ്പം നല്ല വേഷങ്ങള്‍ ചെയ്യണമെന്നുണ്ടെന്നും പ്രണവിനേയും ദുല്‍ഖറിനേയും വലിയ ഇഷ്ടമാണെന്നും സ്മിനു സിജോ അഭിമുഖത്തില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക