| Friday, 8th October 2021, 11:58 am

പൃഥ്വിരാജിനെയും മംമ്തയെയും കടത്തിവെട്ടി സ്മിനു; ഭ്രമത്തിലെ പ്രകടനത്തിന് കയ്യടിച്ച് പ്രേക്ഷകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രമായ ഭ്രമത്തിലെ പ്രകടനത്തിലൂടെ കയ്യടി നേടിയിരിക്കുകയാണ് സ്മിനു സിജോ. ഭ്രമത്തിലൂടെ മലയാളത്തിലെ മികച്ച അഭിനേത്രികളുടെ കൂട്ടത്തില്‍ സ്മിനു തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണെന്നാണ് അഭിപ്രായങ്ങളുയരുന്നത്.

ലോട്ടറി വില്‍പ്പനക്കാരിയും അവയവ മാഫിയയിലെ കണ്ണിയുമായ മാര്‍ത്ത എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ സ്മിനു എത്തുന്നത്. ആദ്യ ഭാഗങ്ങളില്‍ ചെറുതായി വന്നുപോകുന്ന മാര്‍ത്ത ഇന്റര്‍വെല്ലിന് ശേഷവും അവസാന ഭാഗങ്ങളിലും മികച്ച പ്രകടനവുമായി സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

ചിത്രത്തില്‍ ഉടനീളം സിറ്റുവേഷനല്‍ കോമഡി നിറഞ്ഞ ഡയലോഗുകള്‍ പറയുന്ന മാര്‍ത്ത അവസാന ഭാഗത്ത് സെക്കന്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന വൈകാരിക പ്രകടനത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്.

ഭ്രമത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മംമ്തയേക്കാളും പൃഥ്വിരാജിനേക്കാളും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ളതാണെന്ന് സ്മിനുവാണെന്നും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്.

ഈ വര്‍ഷം മാത്രം പുറത്തിറങ്ങിയ അഞ്ച് ചിത്രങ്ങളിലാണ് സ്മിനു വേഷമിട്ടത്. അതും മമ്മൂട്ടിയുള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളുടെ ചിത്രത്തില്‍.

ഓപ്പറേഷന്‍ ജാവയിലെ ആന്റണിയുടെ അമ്മയുടെ കഥാപാത്രമായും സ്മിനു ശ്രദ്ധിക്കപ്പെട്ടിരുന്നു. നായാട്ടില്‍ ജോജു ജോര്‍ജിന്റെ ഭാര്യാ വേഷത്തിലും യുവത്തില്‍ നഴ്സായും സ്മിനു തിളങ്ങി. ഇതിനൊപ്പം മോഹന്‍ലാല്‍ നായകനായ ആറാട്ട് എന്ന ചിത്രത്തിലും പ്രധാനപ്പെട്ട ഒരു വേഷത്തെ സ്മിനു അവതരിപ്പിക്കുന്നുണ്ട്.

വലിയ ദൈര്‍ഘ്യമൊന്നുമില്ലാത്ത വേഷങ്ങളില്‍ പോലും മികച്ച സ്‌ക്രീന്‍ പ്രെസന്‍സോടു കൂടി പ്രേക്ഷക മനസ്സില്‍ ഇടം നേടാന്‍ സ്മിനുവിന് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നടിക്ക് കൂടുതല്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ നല്‍കാന്‍ സംവിധായകര്‍ തയ്യാറാകണമെന്നുമാണ് ഭ്രമത്തിന് പിന്നാലെ മുന്‍ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ കൂടി ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രേക്ഷകര്‍ ആവശ്യപ്പെടുന്നത്.

ഭ്രമത്തില്‍ നടന്‍ ജഗദീഷിന്റെ പ്രകടനത്തെ കുറിച്ച് സമാനമായ അഭിനന്ദനങ്ങള്‍ ഉയരുന്നുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം മനസില്‍ തങ്ങി നില്‍ക്കുന്ന വേഷങ്ങളിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ജഗദീഷെന്നാണ് ഉയരുന്ന വിലയിരുത്തലുകള്‍.

സ്വാമി എന്ന മധ്യവയസ്‌കനായ ഡോക്ടറുടെ വേഷത്തിലാണ് ജഗദീഷ് എത്തുന്നത്. അവയവ മാഫിയക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഡോ. സ്വാമിയായി വളരെ സ്വാഭാവികമായ പ്രകടനമാണ് ജഗദീഷ് നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പകുതിയോടെയാണ് ജഗദീഷ് എത്തുന്നതെങ്കിലും പിന്നീട് താന്‍ വരുന്ന ഓരോ സീനുകളും നടന്‍ മികച്ചതാക്കുന്നുണ്ട്.

ചിത്രത്തിലെ ഡാര്‍ക് ഹ്യൂമര്‍ തന്റെ അവതരണത്തിലൂടെ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധിച്ചിരിക്കുന്നതും ജഗദീഷിന് തന്നെയാണ്. തികച്ചും ക്രൂരമെന്ന് തോന്നിക്കുന്ന പല കാര്യങ്ങളും സാധാരണ കാര്യമായി തോന്നും വിധം അവതരിപ്പിക്കാന്‍ ഡോ. സ്വാമിയിലൂടെ നടന് അനായാസം സാധിക്കുന്നുണ്ട്.

രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്തിരിക്കുന്ന ഭ്രമത്തില്‍ പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രമായ റേ മാത്യൂസിനെ അവതരിപ്പിച്ചിരിക്കുന്നത്. മംമ്ത, റാഷി ഖന്ന, ഉണ്ണി മുകുന്ദന്‍, സ്മിനു സിജോ, ശങ്കര്‍, അനീഷ് ഗോപാല്‍, നന്ദന വര്‍മ, അനന്യ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

എ.പി ഇന്റര്‍നാഷണലും വയാകോം18 സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രവി കെ. ചന്ദ്രന്‍ തന്നെയാണ് ഭ്രമത്തില്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശരത് ബാലനാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ജേക്ക്സ് ബിജോയ് സംഗീതസംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിച്ചിരിക്കുന്നത് ശ്രീകര്‍ പ്രസാദാണ്.


Content Highlight:Actress Sminu Sijo praised for her performance in Bhramam movie

Latest Stories

We use cookies to give you the best possible experience. Learn more