| Monday, 7th June 2021, 11:36 am

ഞാനും മലപ്പുറംകാരിയാണ്, എനിക്ക് അറിയില്ല നിങ്ങള്‍ക്ക് ഈ വിവരം എവിടെ നിന്നു ലഭിച്ചുവെന്ന്; വിമര്‍ശകരുടെ വായടപ്പിച്ച് ശ്വേത മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ദല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സുമാരെ മലയാളം സംസാരിക്കുന്നതില്‍ നിന്നും വിലക്കിയ വിഷയത്തില്‍ നിലപാടു വ്യക്തമാക്കി കഴിഞ്ഞ ദിവസം നടി ശ്വേത മേനോന്‍ രംഗത്തുവന്നിരുന്നു.

വിവാദ സര്‍ക്കുലര്‍ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു നടി വ്യക്തമാക്കിയത്. എന്നാല്‍ ഇതിന് പിന്നാലെ നടിക്കെതിരെ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തി.

ഈ വിഷയത്തില്‍ വിവാദം ഉണ്ടാക്കുന്നതു പൊട്ടക്കിണറ്റിലെ തവളകളാണെന്നായിരുന്നു ശ്വേത മേനോനെതിരെ ഉയര്‍ന്ന വിമര്‍ശനം. മലയാളം ടി.വി ഷോയില്‍ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലിഷ് പറയുന്ന ആളാണ് ശ്വേതയെന്നും ഒരാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത്തരം കമന്റുകള്‍ക്കെതിരെ മറുപടിയുമായി ശ്വേത മേനോന്‍ തന്നെ രംഗത്തെത്തി.

ജനിച്ചതും വളര്‍ന്നതും കേരളത്തിന്റെ പുറത്താണെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം താന്‍ മലയാളം സ്വന്തമായി പഠിച്ചെടുത്തതാണെന്നും മലയാളി എന്ന നിലയില്‍ അഭിമാനിക്കുന്ന ആളാണ് താനെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.

‘മലയാളം ടിവി ഷോയില്‍ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലിഷ് കാച്ചുന്ന നിങ്ങള്‍ തന്നെ തള്ളണം ഇതുപോലെ.’ എന്നായിരുന്നു തന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്ക് താഴെ കമന്റെന്നും ഇതിന് നേരിട്ടു മറുപടി പറയണമെന്നു തോന്നിയെന്നും ശ്വേത പറയുന്നു.

കണ്ണാ, ഞാന്‍ ജനിച്ചതും വളര്‍ന്നതും കേരളത്തിന്റെ വെളിയിലായിരുന്നുവെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം പഠിച്ചെടുത്തതാണ്, അതുകൊണ്ടു തന്നെ സംസാരിക്കുമ്പോള്‍ ഹിന്ദിയും ഇംഗ്ലിഷും ഇടയ്ക്ക് ഓട്ടോമാറ്റിക്ക് ആയി വരും, മലയാളി എന്ന നിലയില്‍ അഭിമാനിക്കുന്ന ആളാണ് ഞാന്‍. മാത്രമല്ല കേരളവുമായി ബന്ധപ്പെട്ടുകിടക്കുന്ന പൊക്കിള്‍ക്കൊടി ബന്ധം എപ്പോഴും കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കാറുണ്ട്.

വേറൊരു വിമര്‍ശനം ഇങ്ങനെ: ‘മലപ്പുറം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ എഴുത്തച്ഛന്‍ പ്രതിമ ചിലരെ പേടിച്ച് ഇതുവരെ സ്ഥാപിക്കാന്‍ കഴിയാത്തവര്‍ ഇന്ന് സേവ് മലയാളം എന്ന് പറഞ്ഞ് ഇറങ്ങിയിട്ടുണ്ട് എന്നതാണ് ഇതിലെ കാപട്യം’

ഞാനും മലപ്പുറംകാരിയാണ്, എനിക്ക് അറിയില്ല നിങ്ങള്‍ ഈ വിവരം എവിടെ നിന്നു ലഭിച്ചു എന്നത്. അവിടെ അദ്ദേഹത്തിനായി ഒരു മ്യൂസിയം തന്നെ ഉണ്ട്. അതിന്റെ വിവരങ്ങള്‍ താഴെ…

THUNCHAN PARAMBU (THUNCHAN MEMORIAL RESEARCH CENTER)
Tirur Thuchan Parambu Rd, Tirur, Kerala 676101

അടുത്തത്, ‘രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും മുന്‍പില്‍ മലയാളത്തില്‍ സംസാരിക്കുന്നതാണ് പ്രശ്‌നം. എന്തിനും മണ്ണിന്റെ മക്കള്‍ വാദവും ഇരവാദവും മുഴക്കുന്നത് മല്ലൂസിന്റെ സ്ഥിരം പരിപാടിയാണ്.’

നിങ്ങള്‍ ഒരു കാരണം മനസിലാക്കണം, മറ്റുള്ളവരോട് സഹനശീലമുണ്ടാകുക എന്നത് തനിയെ പഠിക്കേണ്ട ഒന്നാണ്. Just because there’s a bigger majority around us who ‘may’ feel offended, അങ്ങോടും ഇങ്ങോടും മലയാളം സംസാരിക്കുന്നതിനെ പറ്റി നമ്മള്‍ പ്രതിരോധപരമായി നോക്കേണ്ട കാര്യമില്ല, നമ്മള്‍ താഴെ തട്ടിലുള്ളവരായി തോന്നരുത്. സാധാരണ വര്‍ത്തമാനമാണെങ്കില്‍ ജോലി ചെയ്യുന്നതിനിടെ മൂന്നാമതൊരാളെ ഉള്‍ക്കൊള്ളിക്കേണ്ട കാര്യമില്ല.

(സാധാരണ ഞാന്‍ ഇങ്ങനെ മറുപടി പറയാറില്ലാത്തതാണ്, ലോക്ഡൗണ്‍ കാരണം കുറച്ച് സമയം കിട്ടി), ശ്വേതാ മേനോന്‍ പറഞ്ഞു.

ദല്‍ഹിയിലെ ജി.ബി.പന്ത് ആശുപത്രിയിയായിരുന്നു മലയാളം സംസാരിക്കുന്നത് വിലക്കികൊണ്ടുള്ള വിവാദ ഉത്തരവ് ഇറക്കിയത്. പ്രതിഷേധം ശക്തമായതിന് പിന്നാലെ ആശുപത്രി അധികൃതര്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

വിവാദ സര്‍ക്കുലര്‍ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും കൊവിഡ് കാലത്ത് ജീവന്‍ പണയപ്പെടുത്തി നമ്മളെ സുരക്ഷിതരാക്കിയവരില്‍ മലയാളി നഴ്സുമാരും ആരോഗ്യപ്രവര്‍ത്തകരും ഉണ്ടെന്നും അവരെ മാറ്റിനിര്‍ത്തുകയല്ല അഭിനന്ദിക്കുകയാണ് വേണ്ടതെന്നായിരുന്നു ശ്വേത മേനോന്റെ പ്രതികരണം.

‘രാജ്യത്തെ 29 സംസ്ഥാനങ്ങളിലും 7 കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു ഇന്ത്യക്കാരനും ഏതെങ്കിലും രീതിയിലുള്ള ഭാഷാ വിവേചനം നേരിടരുത്. കാരണം നമ്മുടെ ശക്തി നാനാത്വത്തില്‍ ഏകത്വം എന്നതാണ്. വിവാദ സര്‍ക്കുലര്‍ ഒടുവില്‍ പിന്‍വലിച്ചതില്‍ ഞാന്‍ സന്തുഷ്ടയാണ് , അതിനെതിരെ സംസാരിച്ച എല്ലാവര്‍ക്കും ഇനിയും പ്രതിഷേധിക്കുവാനുള്ള ശക്തിയുണ്ടാകട്ടെ.’ എന്നും ശ്വേത പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress shwetha Menon about Malayali Nurse Delhi Hospital Issue

We use cookies to give you the best possible experience. Learn more