ശ്വേതാ മേനോനെ പ്രധാന കഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് കളിമണ്ണ്. ശ്വേത മേനോന്റെ യഥാര്‍ത്ഥ ജീവിതത്തിലെ പ്രസവം ചിത്രത്തിനായി ക്യാമറയില്‍ തത്സമയം ചിത്രീകരിച്ചിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ആ സിനിമയില്‍ പ്രസവത്തിന്റെ മുഴുവന്‍ പോഷനും കാണിച്ചിട്ടില്ലെന്നും ആദ്യമേ എത്ര പോഷന്‍സാണ് ചിത്രത്തിന് വേണ്ടതെന്ന് തനിക്കാറിയാമായിരുന്നുവെന്നും നടി പറഞ്ഞു. കളിമണ്ണ് സിനിമക്ക് മുമ്പ് തന്നെ പ്രസവം ഷൂട്ട് ചെയ്യുന്നതിനേക്കുറിച്ച് താന്‍ ഭര്‍ത്താവിനോട് പറഞ്ഞിരുന്നുവെന്നും കുഞ്ഞ് വലുതാകുമ്പോള്‍ കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണ് അത് ചെയ്തതെന്നും ശ്വേത പറഞ്ഞു.
”കളിമണ്ണില്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് ഞാന്‍ എന്റെ ഭര്‍ത്താവിനോട് പ്രസവം ഷൂട്ട് ചെയ്യുന്നതിനേക്കുറിച്ച് പറഞ്ഞിരുന്നു. ഇന്നല്ലെങ്കില്‍ നാളെ എങ്ങനെയാണ് ജനിച്ചതെന്ന് എന്റെ കുഞ്ഞിന് മനസിലാകണം. ഒരു അമ്മയാകുമ്പോഴാണ് നമ്മള്‍ അച്ഛനെയും അമ്മയേയും ബഹുമാനിച്ച് തുടങ്ങുക. അതുവരെ നമ്മള്‍ അവരെ ധിക്കരിക്കുകയാണ് ചെയ്യുക.
എന്റെ മകളിലും ഞാന്‍ അത് കാണുന്നുണ്ട്. ഞാന്‍ എപ്പോഴും അവളോട് പറയും നിനക്ക് ഞാന്‍ ഒരു സാധനം വെച്ചിട്ടുണ്ടെന്ന്. അവളത് കണ്ടിട്ടുണ്ടെങ്കിലും മനസിലാവാനുള്ള പ്രായമായിട്ടില്ല. നമ്മള്‍ വീട്ടില്‍ നിന്നാണ് കുട്ടികള്‍ക്ക് റെസ്‌പെക്ട് പഠിപ്പിച്ച് കൊടുക്കുക.
എനിക്ക് അറിയാമായിരുന്നു ആ സിനിമയില്‍ എത്ര പോഷന്‍സാണ് വരുകയെന്ന്. പ്രസവം മൊത്തം ഷൂട്ട് ചെയ്തിട്ടുണ്ടെങ്കിലും ഹാര്‍ഡ് ഡിസ്‌ക്ക് നമ്മളുടെ അടുത്താണ്. ബ്ലെസി ഏട്ടനെപ്പോലെ ഒരു ഫിലിം മേക്കര്‍ അത് ഷൂട്ട് ചെയ്യുക എന്ന് പറയുമ്പോള്‍ കണ്ണും അടച്ച് ഞാന്‍ ചെയ്യും. വീണ്ടും വീണ്ടും പ്രസവിക്കും.
അതില്‍ കവിഞ്ഞ് ഞാന്‍ വേറെ ഒന്നും ആലോചിച്ചിട്ടില്ല. എല്ലാവര്‍ക്കും അവരുടേതായ കാഴ്ചപ്പാടുണ്ട് അതിന്റെ മേലെ നിന്നാണ് ആളുകള്‍ വിമര്‍ശിച്ചത്. അവര്‍ക്ക് അറിയില്ല എന്താണ് വിചാരിക്കുന്നതെന്ന്. കോമണ്‍സെന്‍സ് എന്നൊരു സാധനം ഉണ്ടെങ്കില്‍ അങ്ങനെ വിചാരിക്കില്ല.
ഒരുപാട് നാഷണല്‍ അവാര്‍ഡും സ്റ്റേറ്റ് അവാര്‍ഡും കിട്ടിയ ബ്ലെസി ഏട്ടനെപ്പോലെ ഒരാളെ ബഹുമാനിക്കാതെയാണ് അവര്‍ പ്രതികരിച്ചത്. മലയാളികള്‍ അഭിപ്രായം പറഞ്ഞത് മുമ്പിലേ ആളെ നോക്കാതെയാണ്. പക്ഷേ അത് ഇന്നും ഇന്നലെയും ഉള്ളതല്ലല്ലോ. എനിക്ക് കുഴപ്പമില്ല,” ശ്വേത മേനോന്‍
അനില്‍ കുമ്പഴ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രമായ പള്ളിമണിയാണ് ശ്വേതാ മേനോന്റെ അടുത്തിറങ്ങിയ ചിത്രം. ശ്വേതക്കൊപ്പം നിത്യ ദാസ് , കൈലാഷ് എന്നിവരാണ് ചിത്രത്തിലേ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നത്. അഭിനയജീവിതത്തില്‍ നിന്ന് വിവാഹ ശേഷം മാറി നിന്ന് നിത്യ ദാസ് തിരിച്ചെത്തുന്ന ചിത്രമാണ് പള്ളിമണി.
content highlight: actress shwetha menon about kalimannu movie