| Wednesday, 2nd November 2022, 9:21 pm

എല്ലാ ഡയലോഗിനും മുമ്പ് മമ്മൂക്ക ഫൈവ് സ്റ്റാര്‍ ചോക്ലേറ്റ് തരുന്നതും പോക്കറ്റ് മണി കിട്ടുന്നതുമായിരുന്നു അന്നെനിക്ക് പ്രധാനം: ശ്വേത മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1991ല്‍ അനശ്വരം എന്ന ചിത്രത്തിലൂടെ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് ശ്വേത മേനോന്‍. പിന്നീട് 18 വര്‍ഷങ്ങള്‍ക്കിപ്പുറം 2009ല്‍ പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ മമ്മൂട്ടിക്കൊപ്പം ശ്വേത വീണ്ടും സ്‌ക്രീന്‍ സ്‌പേസ് പങ്കുവെച്ചു.

ഇത്രയും വര്‍ഷങ്ങളുടെ ഇടവേളയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ശ്വേത മേനോന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിച്ചപ്പോഴും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിച്ചപ്പോഴും ഒരു അഭിനേതാവെന്ന നിലയിലും വ്യക്തി എന്ന നിലയിലും എത്രത്തോളം മാറ്റം സംഭവിച്ചതായി തോന്നിയിട്ടുണ്ട് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.

”ഒരുപാട് മാറ്റങ്ങളുണ്ട്. അന്ന് അനശ്വരം അഭിനയിക്കുമ്പോള്‍ എനിക്ക് 16 വയസോ മറ്റോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ അന്നത്ര ഫിലിം ബഫ് ആയിരുന്നില്ല. കുട്ടിക്കളിയായിരുന്നു എനിക്ക്.

ഒരു ഫാമിലി ഡോക്ടര്‍ വിളിച്ച്, ഇങ്ങനെയൊരു സിനിമ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍, ഓക്കെ പോക്കറ്റ് മണി കിട്ടുമല്ലോ എന്ന് മാത്രമായിരുന്നു ഞാന്‍ ചിന്തിച്ചത്. പോക്കറ്റ് മണി കിട്ടുന്നതും എല്ലാ ഡയലോഗിനും മുമ്പ് മമ്മൂക്ക എനിക്ക് ഫൈവ് സ്റ്റാര്‍ ചോക്ലേറ്റ് തരുന്നതും മാത്രമായിരുന്നു അന്നെനിക്ക് പ്രധാനപ്പെട്ട കാര്യങ്ങള്‍.

അല്ലാതെ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെയൊക്കെ കൂടെ അഭിനയിക്കുക എന്നുള്ളതായിരുന്നില്ല എനിക്ക് വിഷയം. ഇത് ചെയ്താല്‍ എനിക്ക് 50,000 രൂപ പോക്കറ്റ് മണി കിട്ടും, അത് വെച്ച് എന്തൊക്കെ ചെയ്യാം എന്നൊക്കെയായിരുന്നു എന്റെ ചിന്ത.

അനശ്വരത്തിന്റെ സെറ്റില്‍ മമ്മൂക്ക സീരിയസായി നില്‍ക്കുമ്പോള്‍ ഞാന്‍ കുട്ടിക്കളിയായിരുന്നു.

പാലേരിമാണിക്യം ചെയ്യുന്ന സമയത്ത് പക്ഷെ അതല്ല അവസ്ഥ. ഞാന്‍ വളര്‍ന്നു, ലോകത്തെ കണ്ടു, ഞാനൊരു പ്രൊഫഷണലായി മാറിയിരുന്നു. പാലേരിമാണിക്യം ചെയ്യുന്ന സമയത്ത് ഞാന്‍ വളരെ സീരിയസായി നില്‍ക്കുമ്പോള്‍ മമ്മൂക്കക്കായിരുന്നു കുട്ടിക്കളി.

മൊത്തത്തില്‍ നോക്കുമ്പോള്‍, അദ്ദേഹത്തെ പോലൊരു വ്യക്തിയുടെ കൂടെ, ഒരു ദൈവത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുക എന്ന് പറയുന്നത്… നമുക്ക് ഒന്നും പറയാനില്ല.

പാലേരിമാണിക്യത്തില്‍ മമ്മൂക്കയുടെ കഥാപാത്രത്തിന് നേരെ കാര്‍ക്കിച്ച് തുപ്പുന്ന ഒരു സീനുണ്ട്. അത് ചെയ്യുമ്പോള്‍ തുപ്പലൊന്നും വന്നിട്ടില്ല. വെറുതെ സൗണ്ട് മാത്രമായിരുന്നു. ആരെങ്കിലും മമ്മൂക്കയെ നോക്കി കാര്‍ക്കിച്ച് തുപ്പുമോ.

നീ അതൊന്നും ആലോചിക്കേണ്ട, നീ നിന്റെ ക്യാരക്ടറിലേക്ക് മാറ്, എന്നൊക്കെ മമ്മൂക്ക എന്നോട് പറഞ്ഞിരുന്നു. പക്ഷെ മമ്മൂക്കാ പറ്റണ്ടേ, അങ്ങനെ വന്നാലല്ലേ എന്നൊക്കെ ഞാന്‍ പറയും, എന്നിട്ട് വിഴുങ്ങും. മൊത്തത്തില്‍ തമാശയായിരുന്നു,” ശ്വേത മേനോന്‍ പറഞ്ഞു.

Content Highlight: Actress Shweta Menon talks about her experience with Mammootty

We use cookies to give you the best possible experience. Learn more