തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ കീറിയതില്‍ പ്രതികരണവുമായി നടി ശ്വേത മേനോന്‍. നവാഗതനായ അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന പള്ളിമണിയുടെ പോസ്റ്ററാണ് വലിച്ചു കീറിയ നിലയില്‍ തിരുവനന്തപുരത്ത് കാണപ്പെട്ടത്. പല കാര്യങ്ങളിലും താന്‍ എടുക്കുന്ന ധീരമായ നിലപാടുകള്‍ എതിര്‍പ്പിന് കാരണമായേക്കാമെന്ന് അറിയാമെങ്കിലും തന്റെ പങ്കാളിത്തമുള്ള സിനിമയെ ആക്രമിക്കുന്നത് ഭീരുത്വമാണെന്ന് ശ്വേത ഫേസ്ബുക്കില്‍ കുറിച്ചു.
സിനിമയെ ആശ്രയിക്കുന്ന നിരവധി ആളുകളുടെ ഉപജീവനം തടസപ്പെടുത്താതെ പോസ്റ്റര്‍ കീറിയവര്‍ തന്നെ നേരിട്ട് ബന്ധപ്പെടാന്‍ ധൈര്യം കാണിക്കണമെന്നും ശ്വേത പറഞ്ഞു.
‘തിരുവനന്തപുരത്ത് എന്റെ പുതിയ ചിത്രമായ പള്ളിമണിയുടെ പോസ്റ്ററുകള്‍ കീറിക്കളഞ്ഞിരിക്കുന്നു. പല വിഷയങ്ങളിലുമുള്ള എന്റെ ധീരവും നീതിപൂര്‍വവുമായ നിലപാട് എതിര്‍പ്പിന് കാരണമായേക്കാമെന്ന് മനസിലാക്കുന്നുണ്ടെങ്കിലും, എന്റെ പങ്കാളിത്തമുള്ള ഒരു സിനിമയെ ആക്രമിക്കുന്നത് ഭീരുത്വമാണ്.
ഒരു നവാഗത സംവിധായകന്റെയും നവാഗത നിര്‍മാതാവിന്റെയും സ്വപ്ന സാക്ഷാത്കാരമാണ് ഈ ചിത്രം. ഒരുപാട് ആളുകളുടെ ഉപജീവനമാര്‍ഗം സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു.
അതുകൊണ്ട് ഒരു സിനിമയെ ടാര്‍ഗെറ്റ് ചെയ്യുന്നതിന് പകരം, കഠിനാധ്വാനികളായ ഒരുപാട് ആളുകളുടെ ഉപജീവന മാര്‍ഗത്തെ തടസപ്പെടുത്തുന്നതിന് പകരം ഈ പോസ്റ്റര്‍ കീറിയവര്‍ എന്റെ മുമ്പിലേക്ക് വരാന്‍ ധൈര്യം കാണിക്കണം,’ ശ്വേത കുറിച്ചു.
ഒരു ഇടവേളക്ക് ശേഷം നടി നിത്യ ദാസ് തിരിച്ച് വരുന്നു എന്ന പ്രത്യേകതയും പള്ളിമണിക്കുണ്ട്.
സൈക്കോ ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ കൈലാഷും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഫെബ്രുവരി 17ന് ആണ് പള്ളിമണിയുടെ റിലീസ്.
Content Highlight: Actress Shweta Menon reacts to tearing the poster of her new film pallimani