കൊച്ചി: മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ശ്വേത മേനോന്‍. അനശ്വരം എന്ന സിനിമയിലൂടെ 1991 ല്‍ മമ്മൂട്ടിയ്‌ക്കൊപ്പം ആരംഭിച്ച ശ്വേതയുടെ അഭിനയജീവിതത്തിന്റെ 30-ാം വാര്‍ഷികമാണിത്.
ഇപ്പോഴിതാ സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ശ്വേത മേനോന്‍. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘സിനിമ സംവിധാനം ചെയ്യണമെന്നത് വലിയൊരു ആഗ്രഹമാണ്. കുറച്ചുനാളായി ആ ആഗ്രഹം മനസിലുണ്ട്. ഈശ്വരന്‍ അനുഗ്രഹിച്ചാല്‍ അതും നടക്കുക തന്നെ ചെയ്യും,’ ശ്വേത പറയുന്നു.
താന്‍ വിശ്വസിക്കുന്ന ശക്തി കൂടെയുണ്ടെങ്കില്‍ ചിലപ്പോള്‍ ഇതൊക്കെ നടന്നേക്കാമെന്നും താരം പറയുന്നു.
‘സിനിമ നിര്‍മാണം, ഒരു മ്യൂസിക് ആല്‍ബം, കുറേ നല്ല സിനിമകളുടെ കഥകള്‍ കേള്‍ക്കണം, കൂടുതല്‍ നല്ല സിനിമകള്‍ ചെയ്യണം ഇതൊക്കെയാണ് എന്റെ മനസില്‍,’ ശ്വേത കൂട്ടിച്ചേര്‍ത്തു.
താന്‍ സംവിധാനം ചെയ്യുമ്പോള്‍ കഥ ആവശ്യപ്പെടുന്ന രംഗങ്ങള്‍ അഭിനയിപ്പിച്ചു പ്രതിഫലിപ്പിക്കാന്‍ പറ്റുന്ന നടിയെ ആകും നായികയായി തെരഞ്ഞെടുക്കുന്നതെന്നും ശ്വേത മേനോന്‍ പറഞ്ഞു. തന്നേക്കാള്‍ നന്നായി അഭിനയിക്കുന്ന നടിമാര്‍ മലയാള സിനിമയില്‍ ഉള്ളപ്പോള്‍ താന്‍ തന്നെ നായികയാകണമെന്ന വാശിപിടിക്കേണ്ടതില്ലെന്നും താരം പറഞ്ഞു.
2011 ല്‍ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ താരമാണ് ശ്വേത മേനോന്‍. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, സാള്‍ട്ട് ആന്റ് പെപ്പര്‍, രതിനിര്‍വേദം, കളിമണ്ണ്, ലാപ്‌ടോപ്, മധ്യവേനല്‍, ടി.ഡി. ദാസന്‍ സ്റ്റാന്‍ഡേഡ് 4 ബി, ഒഴിമുറി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ അഭിനയമാണ് ശ്വേത കാഴ്ചവെച്ചത്.