Entertainment news
നടിയാവണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, എന്നില്‍ ഒരു നടിയുണ്ടെന്ന് പറഞ്ഞത് അച്ഛനാണ്: ശ്രുതി ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 12, 11:06 am
Wednesday, 12th April 2023, 4:36 pm

നടിയാകണമെന്ന് ഒരിക്കലും താന്‍ ആഗ്രഹിച്ചില്ലായിരുന്നുവെന്ന് തെന്നിന്ത്യന്‍ താരം ശ്രുതി ഹാസന്‍. പാട്ടിനോടായിരുന്നു ചെറുപ്പം മുതല്‍ തനിക്ക് താത്പര്യമെന്നും മ്യൂസിക് ബാന്‍ഡ് മുന്നോട്ട് കൊണ്ടുപോവാന്‍ പണത്തിന് വേണ്ടി മാത്രമായിരുന്നു ആദ്യ സിനിമയില്‍ അഭിനയിച്ചതെന്നും ശ്രുതി പറഞ്ഞു.

പക്ഷെ തന്നില്‍ ഒരു നടിയുണ്ടെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടായിരുന്നെന്നും ശ്രുതി പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ നടിയായത് ദൈവനിശ്ചയമാണ്. ഒരു നടിയാവണമെന്ന് ഞാന്‍ പ്ലാന്‍ ചെയ്തതേ ഇല്ല. ഒരു വിധത്തില്‍ നോക്കുകയാണെങ്കില്‍ അത് വളരെ മോശമാണ്. മറ്റൊരു ഭാഗത്തില്‍ ചിന്തിക്കുമ്പോള്‍ ലൈഫില്‍ സംഭവിച്ചതെല്ലാം എങ്ങനെയോ നടന്നതാണ്.

ചെറിയ വയസ് തൊട്ടെ ഞാന്‍ എപ്പോഴും പാടാറുണ്ടായിരുന്നു. അതല്ലാതെ എനിക്ക് എഴുതാനും ഡയറക്ട് ചെയ്യാനുമൊക്കെ ഇഷ്ടമുണ്ടായിരുന്നു. അപ്പയോട് ചോദിച്ചപ്പോഴുംം അദ്ദേഹം എന്നോട് ഡയറക്ട് ചെയ്യാനോ എഴുത്തില്‍ ശ്രദ്ധിക്കാനോ തന്നെയാണ് പറഞ്ഞത്.

അഭിനയം എന്റെ പ്രൊഫഷനാകുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും ചിന്തിച്ചില്ല. മ്യൂസിക് കോഴ്‌സ് പഠിക്കുമ്പോള്‍ അവിടെ അതിനൊപ്പം തന്നെ ആക്ടിങ് കോഴ്‌സും ഉണ്ടായിരുന്നു. സ്‌റ്റേജില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ പാട്ട് മാത്രം പാടിയാല്‍ പോരാ, നമ്മളുടെ ക്യാരക്ടര്‍ വ്യക്തമാകുന്ന രീതിയില്‍ മൂവ് ചെയ്യുകയും സ്‌റ്റേജ് പ്രസന്‍സും വേണം.

അതിനെക്കുറിച്ച് അപ്പയോട് സംസാരിക്കുമ്പോള്‍ അദ്ദേഹം ഞാന്‍ പറയുന്നതൊക്കെ എഴുതി വെക്കാറുണ്ടായിരുന്നു. നീ ഒരു നടിയാകുമെന്ന് എനിക്ക് തോന്നുന്നുവെന്ന് അദ്ദേഹം വെറുതെ എന്നോട് പറഞ്ഞു. ഞാന്‍ ഒരു ഡയറക്ടര്‍ കൂടെയാണ് എനിക്ക് അത് കാണാന്‍ പറ്റുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പിന്നെ അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഭാഗ്യം കൊണ്ടു മാത്രമാണ് എനിക്ക് ഹിന്ദി ഫിലിം ലഭിച്ചത്. മ്യൂസിക് ബാന്‍ഡിന്റെ പണത്തിന് വേണ്ടി എല്ലാത്തിനും അപ്പയെ ആശ്രയിക്കേണ്ടല്ലോയെന്ന് വെച്ചിട്ടാണ് ആദ്യമായിട്ട് അഭിനയിക്കാന്‍ തീരുമാനിച്ചത്. അവിടെ നിന്നാണ് ഇപ്പോഴുള്ള സിറ്റുവേഷനിലേക്ക് ഞാന്‍ എത്തിയത്,” ശ്രുതി ഹാസന്‍ പറഞ്ഞു.

content highlight: actress shruthihasan about her carrier