അച്ഛന്റെ വയസുള്ള നടന്മാരുടെ നായികയായി എന്നാണ് വിമര്‍ശനം, അവരുടെ ഫാന്‍സ് സിനിമ സ്വീകരിച്ചു കഴിഞ്ഞു: ശ്രുതി ഹാസന്‍
Entertainment news
അച്ഛന്റെ വയസുള്ള നടന്മാരുടെ നായികയായി എന്നാണ് വിമര്‍ശനം, അവരുടെ ഫാന്‍സ് സിനിമ സ്വീകരിച്ചു കഴിഞ്ഞു: ശ്രുതി ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th April 2023, 3:35 pm

തെലുങ്കില്‍ അടുത്തായി പുറത്തിറങ്ങിയ ചിരഞ്ജീവിയുടെ വാള്‍ട്ടയര്‍ വീരയ്യ, ബാലയ്യയുടെ വീരസിംഹ റെഡ്ഡി തുടങ്ങിയ സിനിമകളില്‍ നായികയായി എത്തിയത് ശ്രുതി ഹാസനായിരുന്നു.

സിനിമകളില്‍ പ്രായം ചെന്ന നടന്മാരുടെ കൂടെ നായികയായി അഭിനയിച്ചതിന്റെ പേരില്‍ പലരും ശ്രുതിയെ വിമര്‍ശിച്ചിരുന്നു. അച്ഛന്റെ പ്രായമുള്ള നടന്മാരുടെ നായികയായി അഭിനയിച്ച നടി എന്ന രീതിയില്‍ താരത്തിനെതിരെ ആരാധകരും പ്രേക്ഷകരും നിരവധി ട്രോളുകളും പങ്കുവെച്ചിരുന്നു.

ഇത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് ശ്രുതി. അത്തരം വിമര്‍ശനങ്ങള്‍ താന്‍ ശ്രദ്ധിക്കാറ് പോലുമില്ലെന്നും ബാലയ്യയുടെയും ചിരഞ്ജീവിയുടെയും ആരാധകര്‍ സിനിമ ഏറ്റെടുത്തിട്ടുണ്ടെന്നും താരം പറഞ്ഞു.

വിമര്‍ശനങ്ങള്‍ ഒരിക്കലും തനിക്കെതിരെയുള്ളതല്ലെന്നും തന്നെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തിട്ടുള്ളവര്‍ക്കെതിരെയാണെന്നും ശ്രുതി പറഞ്ഞു. പ്രായം കൂടിയ താരങ്ങളുടെ കൂടെ ഹീറോയിനായി അഭിനയിച്ചപ്പോള്‍ എന്നെ കാണാന്‍ അവരെ പോലെ പ്രായമുണ്ടെന്ന് ആരും പറഞ്ഞില്ലല്ലോയെന്നെും അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ശ്രുതി പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”അച്ഛന്റെ വയസുള്ള നടന്മാരുടെ കൂടെ ഹീറോയിനായിട്ടാണ് ശ്രുതി അഭിനയിക്കുന്നതെന്ന തരത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ എനിക്കെതിരെ വന്നിരുന്നു. ഞാന്‍ അതൊന്നും ശ്രദ്ധിച്ചിട്ട് പോലുമില്ല.

ആ സിനിമകള്‍ നിര്‍മിച്ചിട്ടുള്ളത് പ്രത്യേകതരം സ്ഥലത്താണ്. ചിരഞ്ജീവി സാറിന്റെയും ബാലയ്യ സാറിന്റെയും ഫാന്‍സ് അത് സ്വീകരിച്ച് കഴിഞ്ഞു. തമിഴില്‍ അത്തരത്തിലുള്ള സിനിമകള്‍ സംഭവിക്കുന്നില്ലെന്നത് യാഥാര്‍ഥ്യമാണ്. പക്ഷെ ഹിന്ദിയില്‍ അത് നടക്കുന്നുണ്ട്.

അവരുടെ പേര് എടുത്ത് പറയേണ്ട ആവശ്യമില്ല. പക്ഷെ അടുത്തായി രണ്ട് സിനിമകളില്‍ അങ്ങനെ വയസ് കൂടുതലുള്ള നടന്മാരുടെ കൂടെ നടിമാര്‍ അഭിനയിച്ചിട്ടുണ്ട്. എന്നെ എന്തിന്റെ പേരിലാണോ ആളുകള്‍ വിമര്‍ശിക്കുന്നത് അത് തന്നെയാണ് ഹിന്ദിയിലെ ആ സിനിമകളിലും ഉള്ളത്.

ഞാന്‍ ഇതെല്ലാം വലിയ കോംപ്ലിമെന്റായിട്ടാണ് എടുക്കുന്നത്. കാരണം പ്രായം കൂടിയ താരങ്ങളുടെ കൂടെ ഹീറോയിനായി അഭിനയിച്ചപ്പോള്‍ എന്നെ കാണാന്‍ അവരെ പോലെ പ്രായമുണ്ടെന്ന് ആരും പറഞ്ഞില്ലല്ലോ. അങ്ങനെ ഒരാളും പറഞ്ഞില്ല, അതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.

ഒരു ബ്ലോക്ക്ബസ്റ്റര്‍ ഫിലിം, ലെജന്‍ഡായിട്ടുള്ള നടന്മാര്‍ ഞാന്‍ എന്തിന് ആ സിനിമകളോട് പറ്റില്ലെന്ന് പറയണം. ഈ വിമര്‍ശനം എനിക്കെതിരെയുള്ളതല്ല. എന്നെ ഈ റോളുകളിലേക്ക് കാസ്റ്റ് ചെയ്ത ഡയറക്ടേര്‍സിന് ഉള്ളതാണ്.

ചിരഞ്ജീവി സാറിനെയോ ബാലകൃഷ്ണന്‍ സാറിനെയോ കുറിച്ച് എനിക്കോ എതിരെയല്ല വിമര്‍ശനങ്ങള്‍ വരുന്നത്. ഇതിന്റെയെല്ലാം മുഴുവന്‍ ഉത്തരവാദിത്തവും ഇന്‍ഡസ്ട്രിക്കാണ്. ഞാന്‍ എന്തിന് അത്തരം വിമര്‍ശനങ്ങളെ വ്യക്തിപരമായി കാണണം,” ശ്രുതി ഹാസന്‍ പറഞ്ഞു.

content highlight: actress shruthi haasan about chiranjeevi and balayya